ആലപ്പുഴ: ശക്തമായ വേനൽമഴയിൽ കുട്ടനാട്ടിൽ വീണ്ടും മടവീഴ്‌ച. കുട്ടനാട് കൈനകരി സി ബ്ലോക്ക് പാടശേഖരത്തിൽ മട വീണ് പുഞ്ച കൃഷി നശിച്ചു. 600 ഏക്കർ വരുന്ന പാടം ഈ ആഴ്‌ച കൊയ്യാനിരിക്കെയാണ് മടവീഴ്‌ചയുണ്ടായത്.
ലക്ഷങ്ങളുടെ നഷ്‌ടമുണ്ടായെന്ന് കര്‍ഷകര്‍ പറഞ്ഞു. കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയിലെ മറ്റ് പാടങ്ങളും മടവീഴ്‌ച ഭീഷണിയിലാണ്. ശക്തമായ പുറംബണ്ട് നിർമിക്കുമെന്ന സർക്കാർ വാഗ്‌ദാനം നടപ്പാക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് കർഷകരുടെ ആരോപണം.
പമ്പയാറിൽ ജലനിരപ്പ് ഉയര്‍ന്നതിനെ തുടർന്ന് കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായി. കിഴക്കന്‍ പ്രദേശങ്ങളില്‍ നിന്നും ഒഴുകിയെത്തുന്ന വെള്ളവും കുട്ടനാടന്‍ ജലാശയങ്ങളില്‍ കെട്ടിക്കിടക്കുകയാണ്. ഇതുമൂലം കുട്ടനാട്ടില്‍ രണ്ടാഴ്‌ച മുന്‍പുണ്ടായിരുന്നതിനേക്കാള്‍ ഒന്നര അടിയോളം ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.