ആലപ്പുഴ :കൊവിഡ് 19 വ്യാപനം ശക്തിപ്പെട്ടതിന് പിന്നാലെ ജനങ്ങള്‍ ആശങ്കയിലാണ്. കഴിയുന്നത്ര പ്രതിരോധ സംവിധാനങ്ങള്‍ സ്വന്തമാക്കുകയാണ് ജനങ്ങള്‍. പിന്നാലെ സാനിറ്റൈസറുകളുടെ വില ഉയര്‍ത്തിയ കമ്പനികള്‍ സാഹചര്യം മുതലെടുക്കുകയും ചെയ്‌തു. ഇതിന് പരിഹാരവുമായി രംഗത്തെത്തിയിരിക്കുകയാണ് കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിർദ്ദേശപ്രകാരം സ്വന്തം നിലയിൽ സാനിറ്റൈസർ ഉൽപാദിപ്പിക്കുകയാണ് ഈ സര്‍ക്കാര്‍ സ്ഥാപനം. നിലവില്‍ സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലേക്കുമാണ് ഇവിടെ നിന്നും സാനിറ്റൈസര്‍ വിതരണം ചെയ്യുന്നത്. ലോകാരോഗ്യസംഘടന നിഷ്കർഷിച്ചിട്ടുള്ള ഫോർമുല അടിസ്ഥാനപ്പെടുത്തി വെള്ളിയാഴ്‌ച മുതലാണ് ഉല്‍പ്പാദനം ആരംഭിച്ചത്. ഇതിനോടകം 500 മില്ലി അളവിലുള്ള 2000 യൂണിറ്റുകൾ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ആരോഗ്യ വകുപ്പ് മുഖേന എത്തിച്ചതായി കെഎസ്‌ഡിപി ചെയർമാൻ സി ബി ചന്ദ്രബാബു പറഞ്ഞു.
കുറഞ്ഞ വിലയില്‍ സാനിറ്റൈസര്‍ പുറത്തിറക്കി കെഎസ്‌ഡിപി - കൊറോണ കേരളം വാര്‍ത്തകള്‍
കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡില്‍ ഉല്‍പ്പാദിപ്പിക്കുന്ന സാനിറ്റൈസര്‍ നിലവില്‍ സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലേക്കുമാണ് വിതരണം ചെയ്യുന്നത്. സംസ്ഥാനത്ത് കടുത്ത ക്ഷാമം നേരിട്ടാൽ ഉല്‍പ്പന്നം പൊതുവിപണിയിൽ എത്തിക്കാനും കെഎസ്ഡിപി ആലോചിക്കുന്നുണ്ട്.
പൊതുവിപണിയിൽ 500 മില്ലി ലിറ്ററിന് 500 രൂപയിലധികം വിലവരുന്ന സാനിറ്റൈസറുകൾ 125 രൂപയ്‌ക്കാണ് കെഎസ്‌ഡിപി നൽകുന്നത്. നിലവിൽ സർക്കാർ ആവശ്യത്തിന് മാത്രമാണ് ഉത്പാദിപ്പിക്കുന്നതെങ്കിലും സംസ്ഥാനത്ത് കടുത്ത ക്ഷാമം നേരിട്ടാൽ ഉല്‍പ്പന്നം പൊതുവിപണിയിൽ എത്തിക്കാനും കെഎസ്ഡിപി ആലോചിക്കുന്നുണ്ട്. ഒരു ലക്ഷം യൂണിറ്റ് നിര്‍മിച്ച് നൽകാനാണ് മുഖ്യമന്ത്രി നിർദേശിച്ചിരിക്കുന്നത്. 24 മണിക്കൂർ ഉൽപ്പാദനം വഴി ചുരുങ്ങിയ സമയത്തിനുള്ളിൽ ഈ ലക്ഷ്യം കൈവരിക്കാനാകുമെന്ന് പ്രൊഡക്ഷൻ മാനേജർ ടി.ആർ സന്തോഷ് കുമാർ പറഞ്ഞു. ദേശീയ വിരവിമുക്ത ക്യാമ്പയിന് വേണ്ടി സംസ്ഥാനത്തിന് ആവശ്യമായ 72 ലക്ഷം ആൽബന്‍റസോൾ ഗുളിക ഉൽപാദിപ്പിച്ച് വിതരണം ചെയ്തതും കെഎസ്‌ഡിപിയാണ്. പൊതുമേഖലയിലെ മരുന്ന് നിർമ്മാണ സ്ഥാപനമായ കെഎസ്‌ഡിപിയെ നവീകരിച്ച് കാര്യക്ഷമമാക്കിയത് സര്‍ക്കാരിന്‍റെ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.