1957ന് ശേഷം ആദ്യമായി കായംകുളം നിയമസഭാ മണ്ഡലത്തില്‍ രണ്ട് വനിതകൾ നേർക്ക് നേർ പോരാട്ടത്തിലാണ്. സിറ്റിങ് എംഎല്‍എ യു പ്രതിഭ എല്‍ഡിഎഫിന് വേണ്ടി മത്സരിക്കുമ്പോൾ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ യുഡിഎഫ് സ്ഥാനാര്‍ഥിയായി അരിത ബാബുവും പ്രചാരണത്തില്‍ സജീവമാണ്. ഇടത് സര്‍ക്കാരിന്‍റെ ജനക്ഷേമ പ്രവർത്തനങ്ങളും മണ്ഡലത്തിലെ വികസന നേട്ടങ്ങളും വോട്ടാകുമെന്ന് എല്‍ഡിഎഫ് കണക്കു കൂട്ടുന്നു. 21-ാം വയസില്‍ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ജില്ലാ പഞ്ചായത്തംഗമായതും സാധാരണ കുടുംബ സാഹചര്യത്തില്‍ നിന്നുള്ള സ്ഥാനാർഥി എന്നതും അരിതയെ മണ്ഡലത്തിലെ ശ്രദ്ധാകേന്ദ്രമാക്കുന്നുണ്ട്. ബിഡിജെഎസിന്‍റെ പ്രദീപ് ലാലാണ് ഇത്തവണ എന്‍ഡിഎ സ്ഥാനാര്‍ഥി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 20,000 വോട്ട് നേടിയ എന്‍ഡിഎ ഇത്തവണ നിര്‍ണായക ശക്തിയായേക്കും.
മണ്ഡല ചരിത്രം
കാര്‍ത്തികപ്പള്ളി താലൂക്കിലെ കായംകുളം നഗരസഭയും ദേവികുളങ്ങര, പത്തിയൂര്‍, കണ്ടല്ലൂര്‍, കൃഷ്ണപുരം പഞ്ചായത്തുകളും മാവേലിക്കര താലൂക്കിലെ ഭരണിക്കാവ്, ചെട്ടികുളങ്ങര പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് മണ്ഡലം. പുനര്‍നിര്‍ണയത്തിന് ശേഷമാണ് ചെട്ടികുളങ്ങര മണ്ഡലത്തിനൊപ്പം ചേര്‍ന്നത്. ആകെയുള്ള 2,13,618 വോട്ടര്‍മാരില്‍ 1,00,676 പേര്‍ പുരുഷന്മാരും 1,12,942 പേര്‍ സ്ത്രീകളുമാണ്.
മണ്ഡല രാഷ്ട്രീയം
1957ലെ ആദ്യ തെരഞ്ഞെടുപ്പിൽ ജയിച്ച് സിപിഐയിലെ കെ.ഒ ഐഷാബായി ഡെപ്യൂട്ടി സ്‌പീക്കറായി. 1960ലും ഐഷാബായി വിജയമാവർത്തിച്ചു. 1965ൽ കോണ്‍ഗ്രസിലെ തച്ചടി പ്രഭാകരനെതിരെ സിപിഎമ്മിന്‍റെ പി.കെ സുകുമാരന് ജയം. നിയമസഭ പിരിച്ചുവിട്ടതിനാല്‍ സുകുമാരന് എംഎല്‍എയാകാന്‍ കഴിഞ്ഞില്ല. 1967ൽ പിഎസ്‌പിയിലെ പി.കെ കുഞ്ഞിനെതിരെയും തച്ചടി പ്രഭാകരന് തോല്‍വി. 1970ൽ തുണ്ടത്തിൽ കുഞ്ഞുകൃഷ്‌ണപിള്ളയിലൂടെ കോണ്‍ഗ്രസിന് മണ്ഡലത്തില്‍ കന്നിജയം.
1977ലും കുഞ്ഞുകൃഷ്‌ണപിള്ള ജയിച്ചു. 1980ൽ കോണ്‍ഗ്രസ് യുണൈറ്റഡ് സ്ഥാനാര്‍ഥിയായി മത്സരിച്ച തച്ചടി പ്രഭാകരന് അട്ടിമറി ജയം. 1982ൽ ഇടത് സ്വതന്ത്രനായി മത്സരിച്ച തച്ചടി വിജയമാവർത്തിച്ചു. 1987ൽ ഇടതുമുന്നണിയുടെ എം.ആർ ഗോപാലകൃഷ്‌ണൻ മണ്ഡലം നിലനിര്‍ത്തി. 1991ലെ കനത്ത പോരാട്ടത്തില്‍ സിറ്റിങ് എംഎല്‍എ എം.ആർ ഗോപാലകൃഷ്‌ണന് അടിപതറി. തച്ചടിയോട് 33 വോട്ടിന് ഗോപാലകൃഷ്‌ണൻ തോറ്റു.