കേരളം

kerala

ETV Bharat / city

കലവൂര്‍ ഗവൺമെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു - കലവൂര്‍ ഗവൺമെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍

സര്‍ക്കാരിന്‍റെ നൂറുദിന കര്‍മ്മ പദ്ധതികളുടെ ഭാഗമായി 34 വിദ്യാലയങ്ങളുടെ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ സാധിച്ചത് അങ്ങേയറ്റം സന്തോഷം തരുന്ന കാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു

alappuzha  Kalavoor Government Higher Secondary School'  Kalavoor  new school building  CM  Pinarayi Vijayan  ആലപ്പുഴ  പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം  പിണറായി വിജയൻ  സിഎം  കലവൂര്‍ ഗവൺമെന്‍റ് ഹയര്‍ സെക്കന്‍ററി സ്‌കൂള്‍  ആലപ്പുഴ
കലവൂര്‍ ഗവൺമെന്‍റ് ഹയര്‍ സെക്കന്‍ററി സ്‌കൂള്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

By

Published : Sep 10, 2020, 9:47 AM IST

ആലപ്പുഴ:പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായി വിദ്യാലയങ്ങളുടെ ഭൗതിക വികസനം ലക്ഷ്യമിട്ട് കിഫ്ബി ധനസഹായത്താല്‍ കലവൂര്‍ ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ നിര്‍മിച്ച പുതിയ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. എല്ലാ നിയോജക മണ്ഡലത്തിലും പ്രത്യേക പരിഗണനയില്ലാതെ, പക്ഷപാതിത്വം ഇല്ലാതെയാണ് വിദ്യാഭ്യാസ മേഖലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിന്‍റെ നൂറുദിന കര്‍മ്മ പദ്ധതികളുടെ ഭാഗമായി 34 വിദ്യാലയങ്ങളുടെ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ സാധിച്ചത് അങ്ങേയറ്റം സന്തോഷം തരുന്ന കാര്യമാണ്. നിര്‍മാണം ബാക്കിയുള്ള വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിന്‍റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് പണത്തിന്‍റെ പ്രയാസമില്ല. എന്നാല്‍ നാട് ഒന്നടങ്കം സഹകരിച്ചു പ്രവര്‍ത്തിക്കണം. ബന്ധപ്പെട്ട ജനപ്രതിനിധികളും ഇതിനായി മുന്‍കൈ എടുക്കണം. നവകേരളസൃഷ്ടി എന്നത് നാടിന്‍റെ എല്ലാ മേഖലകളും മെച്ചപ്പെടണമെന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓണ്‍ലൈന്‍ ക്ലാസുകള്‍ എല്ലാ കുട്ടികളിലേക്കും എത്തിക്കാന്‍ സാധിച്ചത്, പ്രസ്ഥാനങ്ങള്‍, സംഘടനകള്‍, വ്യക്തികള്‍ തുടങ്ങിയവർ രാഷ്ട്രീയ -മത -ജാതി ഭേദമന്യേ ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചതിനാല്‍ ആണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര മികവുള്ള സ്‌കൂളുകള്‍ നിര്‍മിക്കുക എന്നതായിരുന്നു പ്രാധാന ലക്ഷ്യമെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് ധനകാര്യ - കയര്‍ വകുപ്പ് മന്ത്രി ഡോ. ടി എം തോമസ് ഐസക് പറഞ്ഞു.

പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്‍റെ ഭാഗമായി വിസ്‌മയകരമായ വികസനപ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. പുതിയ കെട്ടിടം ഉണ്ടായിട്ട് മാത്രം കാര്യമില്ല മറിച്ച് മികച്ച അക്കാദമിക നിലവാരവും പഠന- പാഠ്യേതര പ്രവര്‍ത്തനങ്ങളും ഉണ്ടാകണം. ഇതിന് അധ്യാപകരുടെയും രക്ഷിതാക്കളുടെയും അകമഴിഞ്ഞ പങ്കാളിത്തം ഉണ്ടാവണമെന്നും മന്ത്രി പറഞ്ഞു. കിഫ്ബി ധനസഹായത്താല്‍ ജില്ലയില്‍ നിര്‍മിച്ചിരിക്കുന്ന ഏക സ്‌കൂള്‍ ആണ് കലവൂര്‍ ഗവൺമെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. കിഫ്ബിയുടെ അഞ്ച് കോടി രൂപ ധനസഹായത്തോടെ കൈറ്റിന്‍റെ നേതൃത്വത്തിലാണ് കെട്ടിടം നിര്‍മിച്ചത്. മന്ത്രി ഡോ.ടി എം തോമസ് ഐസക്കിന്‍റെ നേതൃത്വത്തില്‍ 28 കോടി 80 ലക്ഷം രൂപയുടെ പദ്ധതിയാണ് കലവൂര്‍ ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്‍റെ നിര്‍മാണത്തിനായി നീക്കി വെച്ചിരിക്കുന്നത്. അഞ്ച് ഘട്ടമായി നിര്‍മാണം പൂര്‍ത്തിയാക്കുന്ന കെട്ടിടത്തിന്‍റെ ഒന്നാം ഘട്ടമാണ് ഉദ്ഘാടനം ചെയ്‌തത്.

774 സ്‌ക്വയര്‍ ഫീറ്റുള്ള ആറ് ക്ലാസ്സ് മുറികള്‍, 581 സ്‌ക്വയര്‍ ഫീറ്റുള്ള ഒമ്പത് ക്ലാസ് മുറികള്‍, ലാബ്, ടോയ്‌ലറ്റ് എന്നിവയടക്കം അന്താരാഷ്ട്ര നിലവാരത്തിലാണ് സ്‌കൂള്‍ കെട്ടിടം പണികഴിപ്പിച്ചിരിക്കുന്നത്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന് ആറ് ക്ലാസ് മുറികള്‍ ഉണ്ട്. സയന്‍സിലെ രണ്ട് ബാച്ചില്‍ പഠിക്കുന്ന 240 കുട്ടികള്‍ പുതിയ കെട്ടിടത്തിലേക്ക് മാറും. 60 കുട്ടികള്‍ ഉള്ള ഹയര്‍ സെക്കന്‍ഡറിയുടെ ഓരോ ക്ലാസ് മുറികളും വിപുലമായ സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. ഹൈസ്‌കൂള്‍ വിഭാഗത്തിന് ഒമ്പത് ക്ലാസ് മുറികളും ഉണ്ടാകും. 500 പേര്‍ക്ക് ഇരിക്കാവുന്ന ഡൈനിങ് ഹാള്‍, ഇന്‍ഡോര്‍ കോര്‍ട്ട്, നീന്തല്‍ക്കുളം എന്നിവയും അടുത്ത ഘട്ടത്തില്‍ ഒരുങ്ങും. 12 മീറ്റര്‍ വീതിയും 140 മീറ്റര്‍ നീളത്തിലും സിന്തറ്റിക് ട്രാക്കും നിര്‍മിക്കും. ഓണ്‍ലൈന്‍ വഴി നടന്ന ഉദ്ഘാടന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു.

ABOUT THE AUTHOR

...view details