ആലപ്പുഴ: യുദ്ധത്തിന്‍റെ അവസാനം ഒരുപക്ഷത്തിന്‍റെ വിജയമാണെങ്കിലും അതിന്‍റെ ഓർമകൾ എന്നും ഇരുപക്ഷത്തുമുള്ളവർക്ക് നഷ്‌ടങ്ങളുടേതു കൂടിയാണ്. യുദ്ധക്കൊതി അവസാനിപ്പിക്കാനും ലോക സമാധാനം പുലർത്താനും വേണ്ടി മുൻ നാവിക ഉദ്യോഗസ്ഥനായ എ.കെ.ബി കുമാർ പണികഴിപ്പിച്ചതാണ് ആലപ്പുഴയിലെ തുമ്പോളി ജംഗ്‌ഷനിൽ സ്ഥിതി ചെയ്യുന്ന ഗ്ലോബൽ പീസ് പാലസ്.
ഷാജഹാൻ ചക്രവർത്തി തന്‍റെ പ്രണയിനിക്ക് വേണ്ടി പണികഴിപ്പിച്ച താജ് മഹലിന്‍റെ അതേ മാതൃകയിലാണ് യുദ്ധത്തിൽ പൊലിഞ്ഞ ജവാന്മാർക്കും ധീര രക്തസാക്ഷികൾക്കും വേണ്ടി ഈ ജവാൻ ഇത് നിർമിച്ചിട്ടുള്ളത്. ഗ്ലോബൽ പീസ് പാലസിന്‍റെ നിർമാണത്തിന് ഈ എ.കെ.ബി കുമാറിന് കൃത്യമായ ഒരു കാരണവും പറയാനുണ്ട്.
പൂർണമായും മാർബിളും ടൈലുകളും ഉപയോഗിച്ച് നിർമിച്ച ഈ സൗധത്തിന് രണ്ട് നിലകളാണുള്ളത്. താഴത്തെ നിലയിൽ തന്നെയാണ് എ.കെ.ബി കുമാറിന്‍റെ താമസം. മുകളിലത്തെ നിലയിൽ മ്യൂസിയവും സജ്ജമാക്കിയിട്ടുണ്ട്. മുകളിലുള്ള നിലയിൽ നാല് മിനാരങ്ങളാണുള്ളത്.
ആദ്യ മൂന്ന് മിനാരങ്ങൾ കര- നാവിക- വ്യോമ സേനകളെയും നാലാമത്തേത് ബിഎസ്എഫ് ഉൾപ്പടെയുള്ള മറ്റ് സൈനിക- അർദ്ധ സൈനിക- പൊലീസ് സേനാവിഭാഗങ്ങളെയും പ്രതിനിധാനം ചെയ്യുന്നു. ഇവയിൽ വിവിധ യുദ്ധങ്ങളിൽ ജീവത്യാഗം ചെയ്‌ത രക്തസാക്ഷികളുടെയും രാജ്യസേവനത്തിനിടെ ജീവൻ പൊലിഞ്ഞ സേനാംഗങ്ങളുടെയും ചിത്രവും പേരുവിവരങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. യുദ്ധ സ്‌മാരകങ്ങളെയും പടക്കപ്പലുകളെയും ആയുധങ്ങളെയും കുറിച്ചുള്ള ഒരു ലഘു വിവരണവും ഇവിടെ ആലേഖനം ചെയ്‌തിട്ടുണ്ട്.