ആലപ്പുഴ: വിദ്യാഭ്യാസ മേഖലയിൽ ലിംഗസമത്വം കൈവരിക്കാൻ കേരളത്തിന് സാധിച്ചെന്ന് നിയമസഭ സ്‌പീക്കർ എം.ബി രാജേഷ്. ആലപ്പുഴ മണ്ഡലത്തിൽ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതി 'വിജ്ഞാന ജ്യോതി' യുടെ ഉദ്ഘാടനം കലവൂർ ഗവൺമെന്‍റ് ഹൈസ്‌ക്കൂളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാവരും പഠിക്കുന്നു എന്നുള്ളത് കേരളത്തിൽ അത്ഭുതകരമായ കാര്യമല്ല. പക്ഷേ കേരളത്തിന് പുറത്തെ അവസ്ഥയോട് താരതമ്യപ്പെടുത്തുമ്പോൾ ഈ നേട്ടം അഭിമാനകരമാണ്. വിദ്യാഭ്യാസമേഖലയെ പിന്തുണച്ചാൽ പിന്നാക്ക മേഖലകളിൽ അത്ഭുതകരമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നും എം.ബി രാജേഷ് പറഞ്ഞു.
'വിജ്ഞാന ജ്യോതി പദ്ധതി അഭിമാന പദ്ധതിയാകും'
വിജ്ഞാന ജ്യോതി പദ്ധതി കേരളത്തിൽ ശ്രദ്ധിക്കപ്പെടുന്ന പദ്ധതിയായി മാറും. ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇന്ന് പെൺകുട്ടികൾക്കാണ് ആധിപത്യം. വിദ്യാഭ്യാസം ഒരു കുറ്റമായി കണക്കാക്കപ്പെടുന്ന മത രാഷ്ട്രങ്ങൾ നിലനിൽക്കുന്ന ലോകത്ത് ആൺ-പെൺ വ്യത്യാസമില്ലാതെ പഠിക്കാൻ കഴിയുന്നുവെന്നതും പെൺകുട്ടികൾക്ക് അവർ ആഗ്രഹിക്കുന്നതു പോലെ പഠിച്ച് വളരാൻ കഴിയുന്നതും അഭിമാനകരമായ കാര്യമാണെന്നും സ്പീക്കർ പറഞ്ഞു.