ആലപ്പുഴ:അത്തമിടാന്‍ പൂക്കള്‍ വാങ്ങാൻ പണമില്ലെങ്കിൽ പൊലീസ് സ്‌റ്റേഷനിലേക്ക് ചെന്നാല്‍ മതി. പൊലീസ് സ്‌റ്റേഷന് മുന്നിലെ ചെണ്ടുമല്ലി തോട്ടത്തില്‍ നിന്ന് പൊലീസുകാര്‍ തന്നെ പൂക്കള്‍ പറിച്ച് നല്‍കും. ഓണത്തിന് നിര്‍ധനരായ കുട്ടികള്‍ക്ക് അത്തമിടാന്‍ പൂക്കള്‍ സൗജന്യമായി നല്‍കുന്ന പദ്ധതിയുമായി മാതൃക തീർക്കുകയാണ് മാരാരിക്കുളം ജനമൈത്രി പൊലീസ് സ്‌റ്റേഷൻ.
പൂക്കളത്തിനായി സൗജന്യമായി പൂവ് വേണോ? മാരാരിക്കുളം പൊലീസ് സ്റ്റേഷനിലേക്ക് പോകൂ കഞ്ഞിക്കുഴിയിലെ ഏതാനം കര്‍ഷകരും പൊലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ഈ ലോക്ക്ഡൗണ്‍ കാലത്ത് ഒരുക്കിയ ചെണ്ടുമല്ലി തോട്ടത്തിൽ നിന്നാണ് പൂക്കൾ നൽകുന്നത്. വന സ്വർഗം ഹോപ്പ് കമ്മ്യൂണിറ്റി വില്ലേജിലെ കുട്ടികൾക്ക് പൂക്കൾ സമ്മാനിച്ചാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. പൊലീസുകാർ തന്നെ നേരിട്ട് ഹോപ്പിലേക്ക് എത്തി വിളവെടുത്ത പൂക്കൾ സമ്മാനിക്കുകയായിരുന്നു.
അഞ്ഞൂറോളം ഗ്രോബാഗുകളിലാണ് ചെണ്ടുമല്ലി ചെടികള്‍ നട്ടിരിക്കുന്നത്. കഞ്ഞിക്കുഴിയിലെ കര്‍ഷകരായ വി.പി.സുനില്‍, അനില്‍ലാല്‍, ജ്യോതിഷ് മറ്റത്തില്‍, സുജിത്ത് സ്വാമി നികര്‍ത്തില്‍, അജിത്ത് കുമാരപുരം, എം.അജേഷ് കുമാര്‍, സാനുമോന്‍, ഭാഗ്യരാജ്, ഫിലിപ്പ് ചാക്കോ, ശുഭകേശന്‍, ദീപങ്കര്‍, അഭിലാഷ് എന്നിവരാണ് ഗ്രോബാഗുകളില്‍ വളം നിറച്ച് സ്റ്റേഷനില്‍ എത്തിച്ച് ബന്ദി തൈകള്‍ നട്ടത്.
ALSO READ:യോഗേഷ് ഗുപ്തയ്ക്ക് വീണ്ടും വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍
മാരാരിക്കുളം ഇന്‍സ്‌പെക്‌ടര്‍ എസ് രാജേഷിന്‍റെ നേതൃത്വത്തില്‍ പൊലീസ് ഉദ്യോഗസ്ഥരാണ് കൃഷി പരിപാലനം ഏറ്റെടുത്തത്. ഇതിനായി പൊലീസുകാരും കര്‍ഷകരും ചേര്‍ന്നൊരു കമ്മറ്റിയും ഉണ്ടാക്കി. മാരാരിക്കുളം സ്‌റ്റേഷനില്‍ എത്തുന്ന പൊതുജനങ്ങളുടെ ടെന്‍ഷന്‍ മാറ്റാന്‍ ചെണ്ടുമല്ലിത്തോട്ടം ഇപ്പോൾ ഏറെ പ്രയോജനപ്പെടുന്നുണ്ടെന്നാണ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ അഭിപ്രായം.