ആലപ്പുഴ: തലവടി പഞ്ചായത്തിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ വീട്ടമ്മയുടെ മൃതദേഹം മുട്ടോളം വെള്ളത്തിൽ ചുമന്ന് വീട്ടിലെത്തിച്ച് സംസ്‌കരിച്ചു. തലവടി പഞ്ചായത്ത് നാലാം വാർഡിൽ വെള്ളക്കിണർ വാലയിൽ പരേതനായ ഗോപിയുടെ ഭാര്യ ലളിതയുടെ (65) മൃതദേഹമാണ് മുട്ടോളം വെള്ളത്തിൽ ചുമന്ന് വീട്ടിലെത്തിച്ച് സംസ്‌കരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് ലളിത മരിച്ചത്.
ശ്വാസതടസം നേരിട്ടതിനെ തുടർന്ന് വെള്ളക്കെട്ടുള്ള സ്ഥലത്ത് നിന്ന് ആശുപത്രിയിൽ എത്തിക്കാൻ വൈകിയതാണ് മരണത്തിന് ഇടയാക്കിയത്. വീടിന് ചുറ്റുമുള്ള വെള്ളക്കെട്ട് മൂലം സംസ്‌കാര ചടങ്ങുകൾ സഹോദരൻ സുരേഷിന്‍റെ വീട്ടിൽ വെച്ചാണ് നടത്തിയത്. ചടങ്ങുകൾക്ക് ശേഷം മൃതദേഹം വീട്ടിൽ എത്തിച്ച് ദഹിപ്പിക്കുകയായിരുന്നു.