ആലപ്പുഴ : രക്തസാക്ഷികളുടെ വിപ്ലവസ്‌മരണകള്‍ക്ക് പ്രണാമം അര്‍പ്പിച്ച് വയലാര്‍. സമരഭൂമിയിലെ അനുസ്മരണത്തോടെ 75-ാമത് പുന്നപ്ര വയലാര്‍ രക്തസാക്ഷിവാരാചരണത്തിന് സമാപനമായി. കൊവിഡ് പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിരുന്നെങ്കിലും ആവേശത്തിരയായി ആയിരങ്ങള്‍ വയലാര്‍ രക്തസാക്ഷി മണ്ഡപത്തിലേക്കെത്തിയപ്പോള്‍ ഇവിടം വീണ്ടും ചുവന്നു.
രാവിലെ മുതല്‍ നാടിന്‍റെ നാനാഭാഗത്തുനിന്നും വയലാറിലേക്ക് പ്രവര്‍ത്തകരുടെ പ്രയാണം തുടങ്ങി. പ്രകടനങ്ങള്‍ക്ക് നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കിലും അണികള്‍ നിരയായെത്തി. ആലപ്പുഴ വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ജി.സുധാകരൻ കൊളുത്തിക്കൊടുത്ത ദീപശിഖയും, മേനാശേരിയിൽ നിന്ന് എസ്.ബാഹുലേയൻ കൊളുത്തിക്കൊടുത്ത ദീപശിഖയും ഉച്ചയോടെ വയലാർ ബലികുടീരത്തിലെത്തി.
വാരാചരണ കമ്മിറ്റി പ്രസിഡൻ്റ് എൻ.എസ് ശിവപ്രസാദ് ദീപശിഖകൾ ഏറ്റ് വാങ്ങി മണ്ഡപത്തിൽ സ്ഥാപിച്ചു. മന്ത്രിമാരായ സജി ചെറിയാൻ, പി.പ്രസാദ്, മുൻ മന്ത്രി ജി.സുധാകരൻ, ആർ.നാസർ, ടി.ജെ.ആഞ്ചലോസ്, സി.ബി.ചന്ദ്രബാബു, സി.എസ്.സുജാത, എ.എം. ആരിഫ് എം.പി എന്നിവർ സന്നിഹിതരായിരുന്നു.