ആലപ്പുഴ: നവമാധ്യമങ്ങളിൽ അടക്കം പാർട്ടിക്കെതിരെ വിമർശനം ഉന്നയിച്ച കായംകുളം എംഎൽഎ യു പ്രതിഭക്കെതിരെ തല്‍ക്കാലം അച്ചടക്ക നടപടിയില്ല. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍റെ സാന്നിധ്യത്തില്‍ ചേര്‍ന്ന സിപിഎം ജില്ല കമ്മിറ്റി യോഗത്തിലാണ് തീരുമാനം. പ്രതിഭക്കെതിരെ രൂക്ഷവിമർശനമാണ് ജില്ല കമ്മിറ്റിയിൽ ഉയർന്നത്.
പ്രതിഭക്കെതിരെ നടപടി വേണമെന്ന് കായംകുളത്ത് നിന്നുള്ള ജില്ല കമ്മിറ്റി അംഗങ്ങളും ആവശ്യപ്പെട്ടിരുന്നു. പാർട്ടി എന്താണെന്ന് എംഎൽഎയെ പഠിപ്പിക്കണം എന്ന മുതിർന്ന നേതാവും പ്രതിഭക്ക് മുൻപ് കായംകുളം എംഎൽഎയായിരുന്ന സി.കെ സദാശിവൻ പറഞ്ഞു. എന്നാൽ പ്രതിഭ തെറ്റ് അംഗീകരിച്ചതായും ആവർത്തിക്കില്ലെന്ന് പാർട്ടിക്ക് ഉറപ്പ് നൽകിയതായും സിപിഎം ജില്ല സെക്രട്ടറി ആർ നാസർ ജില്ല കമ്മിറ്റി യോഗത്തെ അറിയിച്ചു.