ആലപ്പുഴ: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയുടെ നില തൃപ്തികരമായി തുടരുന്നതായി ജില്ലാ കലക്ടർ എം.അഞ്ജന. ജില്ലയിലെ സ്ഥിതിഗതികളെ സംബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കലക്ടർ. രോഗലക്ഷണങ്ങള്‍ പ്രകടമാക്കിയ 12 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. രോഗ ലക്ഷണങ്ങള്‍ ഇല്ലെങ്കിലും വീടുകളില്‍ കരുതല്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 138 ആയി ഉയർന്നതായും കലക്ടർ അറിയിച്ചു.
ആലപ്പുഴയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയുടെ നില തൃപ്തികരമെന്ന് കലക്‌ടര്‍ - കൊറോണ വൈറസ് കേരളത്തില്‍
രോഗലക്ഷണങ്ങള്‍ പ്രകടമാക്കിയ 12 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 138 ആയി ഉയർന്നു
150 പേരാണ് ജില്ലയിലാകെ നിരീക്ഷണത്തിലുള്ളത്. ഇന്ന് പരിശോധനയ്ക്കായി എടുത്ത 10 സാംപിളുകള്‍ ഉള്‍പ്പെടെ ആകെ 20 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മെഡിക്കല്‍ കോളജുകളിലും സര്‍ക്കാര്‍ ആശുപത്രികളിലുമായി 60 ഐസൊലേഷന്‍ മുറികള്‍ ഒരുക്കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളില്‍ 24 മുറികളാണ് തയ്യാറാക്കിയിട്ടുള്ളത്. രോഗികളെ ആശുപത്രികളില്‍ എത്തിക്കുന്നതിനായി ആറ് ആംബുലന്‍സുകള്‍ തയ്യാറാക്കിയിട്ടുണ്ട്. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി കലക്ടറേറ്റിലും ജില്ലാ മെഡിക്കല്‍ ഓഫീസിലും കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വീട്ടില്‍ നിരീക്ഷണത്തില്‍ ഉള്ളവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള മാനസിക സംഘര്‍ഷം ഉണ്ടാകുകയാണെങ്കില്‍ അവര്‍ക്ക് ടെലി കൗണ്‍സിലിങ് സൗകര്യം ലഭ്യമാണ്. കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെട്ടാല്‍ സേവനം ലഭ്യമാകുമെന്ന് കലക്ടർ അറിയിച്ചു.