മുഖ്യമന്ത്രിയുടെ ഓഫിസിന്‍റെ അന്താരാഷ്ട്ര ബന്ധങ്ങൾ സിബിഐ അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് - സ്വര്‍ണക്കടത്ത്
സ്വർണം കടത്താൻ ആവശ്യമായ സഹായങ്ങൾ ചെയ്ത് നൽകിയതിൽ മുഖ്യമന്ത്രിയുടെ ഓഫിസിലുള്ളവർക്ക് പങ്കുണ്ടെന്ന് ഡിസിസി പ്രസിഡന്‍റ് അഡ്വ. എം ലിജു.
ആലപ്പുഴ: മുഖ്യമന്ത്രിയുടെ ഓഫിസിന്‍റെ അന്താരാഷ്ട്ര ബന്ധങ്ങൾ സിബിഐ അന്വേഷിക്കണമെന്നും കൊഫേ പോസെ ചുമത്തണമെന്നും ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആലപ്പുഴയിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ആലപ്പുഴ മുല്ലയ്ക്കലിൽ നടന്ന പ്രതിഷേധ ധർണ ഡിസിസി പ്രസിഡന്‍റ് അഡ്വ. എം ലിജു ഉദ്‌ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫിസ് അറിഞ്ഞുകൊണ്ടാണ് സ്വർണക്കടത്ത് നടന്നിരിക്കുന്നത്. കേസിൽ പ്രതികൾക്ക് സ്വർണം കടത്താൻ ആവശ്യമായ സഹായങ്ങൾ ചെയ്ത് നൽകിയതിൽ മുഖ്യമന്ത്രിയുടെ ഓഫിസിലുള്ളവർക്ക് പങ്കുണ്ട്. മാത്രമല്ല പ്രതിയെ നേരിൽ അറിയാമെന്ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ സമ്മതിച്ചിട്ടുണ്ട്. ഇവയെല്ലാം വിരൽചൂണ്ടുന്നത് ഭരണരംഗത്തെ പദവികൾ ദുരുപയോഗം ചെയ്ത് സ്വർണം കടത്തിയെന്നാണെന്നും ലിജു ആരോപിച്ചു.