ആലപ്പുഴ: സ്ത്രീത്വത്തെ അപമാനിക്കുകയും വർഗീയ സംഘർഷത്തിനിടയാക്കുകയും ചെയ്യുന്ന പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് മന്ത്രി ജി.സുധാകരനെതിരെ പരാതി. മുൻ പേഴ്സണൽ സ്റ്റാഫ് അംഗത്തിന്‍റെ ഭാര്യയാണ് അമ്പലപ്പുഴ പൊലീസിൽ പരാതി നൽകിയത്. പരാതിക്കാരി എസ്എഫ്ഐ ആലപ്പുഴ ജില്ലാ കമ്മിറ്റി മുൻ അംഗവുമാണ്.
സ്ത്രീത്വത്തെ അപമാനിച്ചു; മന്ത്രി ജി സുധാകരനെതിരെ മുൻ എസ്എഫ്ഐ വനിതാ നേതാവിന്‍റെ പരാതി
പരാതിക്കൊപ്പം ഹാജരാക്കിയ വീഡിയോ ദൃശ്യങ്ങളിൽ സ്ത്രീത്വത്തെ അപമാനിക്കും വിധമുള്ള കാര്യങ്ങൾ പറയുന്നില്ലെന്നും സംഭവത്തിൽ കേസെടുക്കാൻ തക്ക കാര്യങ്ങൾ ഒന്നും തന്നെയില്ലെന്നും പൊലീസ്.
കഴിഞ്ഞ ദിവസം ആലപ്പുഴയിലെ വാർത്താസമ്മേളനത്തിൽ മന്ത്രി സ്ത്രീത്വത്തെ അപമാനിക്കുന്നവിധം പ്രസ്താവന നടത്തിയെന്ന് പരാതിയിൽ പറയുന്നു. കഴിഞ്ഞ ജനുവരി എട്ടിന് പരാതിക്കാരിയെ വിവാഹം ചെയ്തതിനു പിന്നാലെ പഴ്സനൽ സ്റ്റാഫിനെ മന്ത്രി ഒഴിവാക്കിയെന്ന് പരാതി ഉയർന്നിരുന്നു.
എന്നാൽ പരാതിക്കൊപ്പം ഹാജരാക്കിയ വീഡിയോ ദൃശ്യങ്ങളിൽ സ്ത്രീത്വത്തെ അപമാനിക്കും വിധമുള്ള കാര്യങ്ങൾ പറയുന്നില്ലെന്നും സംഭവത്തിൽ കേസെടുക്കാൻ തക്ക കാര്യങ്ങൾ ഒന്നും തന്നെയില്ലെന്നും അമ്പലപ്പുഴ സിഐ വ്യക്തമാക്കി. പരാതിക്കാരി കഴിഞ്ഞ ദിവസം രാത്രി പരാതി എഴുതി നൽകിയ ശേഷം സ്റ്റേഷനിൽ ബന്ധപ്പെട്ടിട്ടില്ല. മാത്രമല്ല അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പരാമർശമാണ് നടത്തിയതെന്നാണ് പരാതിയുടെ ഉള്ളടക്കമെന്നും ഇത്തരം വിഷയങ്ങളിൽ കോടതിയാണ് നടപടി സ്വീകരിക്കേണ്ടതെന്നുമാണ് അമ്പലപ്പുഴ പൊലീസിന്‍റെ നിലപാട്.