ആലപ്പുഴ:പഞ്ചായത്ത് അടിസ്ഥാനത്തിൽ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്‍റ് സെന്ററുകൾ ആരംഭിക്കുമെന്ന് ജില്ലാ കലക്ടർ എ. അലക്സാണ്ടർ. ജില്ലയിൽ കുറഞ്ഞത് 5000 ബെഡ്ഡുകൾ എങ്കിലും ഒരാഴ്ചയ്ക്കകം സജ്ജീകരിക്കും. സർക്കാര്‍ നിർദ്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ വിശദാംശങ്ങൾ ചർച്ച ചെയ്യുന്നതിന് ജില്ലയിലെ എംപിമാർ, എംഎൽഎമാർ, നഗരസഭ-പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവരുമായി വീഡിയോ കോൺഫറൻസിലൂടെ കലക്ടർ ചര്‍ച്ച നടത്തി. പഞ്ചായത്ത് അടിസ്ഥാനത്തില്‍ ഓഡിറ്റോറിയങ്ങൾ, സ്കൂളുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ കണ്ടെത്തി വേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം. ഓരോ പഞ്ചായത്തും 50 ബെഡ്ഡുകൾ എങ്കിലും സ്ഥാപിക്കാന്‍ പര്യാപ്തമായ കെട്ടിടം കണ്ടെത്തണം. ഏതെങ്കിലും പഞ്ചായത്ത് പരിധിയിൽ ഇതിന് ബുദ്ധിമുട്ട് ഉണ്ടായാൽ തൊട്ടടുത്ത ഒന്നോ രണ്ടോ പഞ്ചായത്തുകൾ ചേർന്ന് സി.എഫ്.ടി.സിക്കുള്ള കെട്ടിടം കണ്ടെത്തണം.അനുയോജ്യമായ കെട്ടിടം കണ്ടെത്തുന്നതിനും സജ്ജീകരിക്കുന്നതിനും എംപിമാരും എം.എൽ.എമാരും പരമാവധി സഹായം നൽകണം.
ആലപ്പുഴയില്‍ അതിജാഗ്രത; ഒരാഴ്ചക്കുള്ളില്‍ 5000 ബെഡ്ഡുകള്‍ സജ്ജമാക്കാന്‍ കലക്ടറുടെ നിര്‍ദ്ദേശം - കലക്ടറുടെ നിര്‍ദ്ദേശം
സർക്കാര്‍ നിർദ്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ വിശദാംശങ്ങൾ ചർച്ച ചെയ്യുന്നതിന് ജില്ലയിലെ എംപിമാർ, എംഎൽഎമാർ, നഗരസഭ-പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവരുമായി വീഡിയോ കോൺഫറൻസിലൂടെ കലക്ടർ ചര്‍ച്ച നടത്തി.
കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്‍റ് സെന്ററുകൾ നടത്തുന്നതിനും കൊവിഡ് പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള അധിക ഫണ്ട് പഞ്ചായത്തുകൾക്ക് ഉടൻ ലഭിക്കുമെന്നാണ് സർക്കാർ നല്‍കിയ സൂചന. സ്വാബ് എടുക്കുന്നതിന്‍റയും പരിശോധനയുടെയും എണ്ണം വർധിപ്പിച്ചിട്ടുണ്ട്. പരിശോധനാഫലം വൈകുന്നത് സംബന്ധിച്ച് പരിശോധിക്കുന്നതിനും വേഗത്തില്‍ ലഭ്യമാക്കുന്നതിനും ഒരു പ്രത്യേക സംഘത്തെ ജില്ല ഭരണകൂടം നിയോഗിച്ചിട്ടുണ്ട്. ഈ ടീം മെഡിക്കൽ കോളജിലെ ലാബ് സന്ദർശിച്ച് പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കാൻ ശ്രമിക്കും. പരിശോധനാ ഫലത്തിനുള്ള കാത്തിരിപ്പ് 48 മണിക്കൂർ ആക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് കലക്ടർ പറഞ്ഞു. ഇക്കാര്യങ്ങള്‍ക്കായി കലക്ടറേറ്റിലും മൂന്നുപേരെ നിയോഗിച്ചിട്ടുണ്ട്. അഞ്ചു കിലോ റേഷൻ കൊടുക്കുന്നതിനുള്ള ഉത്തരവുകൾ ജില്ല സപ്ലൈ ഓഫീസര്‍ക്ക് ലഭിച്ചിട്ടുള്ളതായും കലക്ടർ പറഞ്ഞു. സ്വാബ് എടുക്കാനായി മൂന്നു മൊബൈൽ വാനുകൾ ലഭ്യമാക്കുന്നതിന് ധനമന്ത്രി തോമസ് ഐസക്കുമായി ബന്ധപ്പെട്ടിട്ടുണ്ട്. കെഎസ്എഫ്ഇ വഴി നടപടികൾ സ്വീകരിക്കാമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. മെഡിക്കൽ കോളജിലെ ഒരു കെട്ടിടം പൂർണമായാണ് കൊവിഡ് പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുന്നത്. മറ്റു കെട്ടിടങ്ങളോ മറ്റ് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കോ ഒരു തടസവും ഉണ്ടാകാതിരിക്കാന്‍ നടപടി സ്വീകരിക്കും.
ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ രണ്ട് അധ്യാപകരെയും ഒരു വാര്‍ഡിന് ഒരു ടീച്ചർ എന്ന നിലയിലും ഒരു സി.എച്ച്.സിയിലേക്ക് ഒരു ആംബുലൻസ് അധികമായും നൽകുന്നതിന് നടപടി സ്വീകരിച്ചിട്ടുള്ളതായി കലക്ടർ പറഞ്ഞു. ചേർത്തല താലൂക്ക് ആശുപത്രി അടച്ചെങ്കിലും സ്വാബ് എടുക്കുന്നതിനും മറ്റും വേറെ സൗകര്യങ്ങൾ ഏർപ്പെടുത്തും. യോഗത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ജി.വേണുഗോപാല്‍, സ്പെഷ്യല്‍ ഓഫീസര്‍ തേജ് ലോഹിത് റഡ്ഡി, ധനമന്ത്രിയുടെ പ്രതിനിധി കെ.ഡി. മഹീന്ദ്രന്‍, ദുരന്ത നിവാരണം ഡെപ്യൂട്ടി കലക്ടര്‍ ആശാ സി.എബ്രഹാം എന്നിവര്‍ പങ്കെടുത്തു.