കേരളം

kerala

ETV Bharat / city

ഷാനിമോൾക്കെതിരായ പരാമർശം; മന്ത്രി സുധാകരന് ജില്ലാ കലക്‌ടറുടെ ക്ലീൻ ചിറ്റ് - അഡ്വ. ഷാനിമോൾ ഉസ്മാന്‍

പരാതിയില്‍ വേണ്ടത്ര തെളിവ് ഹാജരാക്കാന്‍ ഷാനിമോൾ ഉസ്മാന് കഴിഞ്ഞില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് കൈമാറിയ അന്വേഷണ റിപ്പോർട്ടില്‍ ജില്ലാ കലക്‌ടര്‍ അറിയിച്ചു. റിപ്പോർട്ട് പരിശോധിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അടുത്ത ദിവസം തുടർനടപടി തീരുമാനിക്കും

ഷാനിമോൾക്കെതിരായ പരാമർശം: മന്ത്രി സുധാകരന് ജില്ലാ കലക്‌ടറുടെ ക്ലീൻ ചിറ്റ്

By

Published : Oct 7, 2019, 11:47 PM IST

ആലപ്പുഴ: അരൂരിലെ യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. ഷാനിമോൾ ഉസ്മാനെ വ്യക്തിഹത്യ നടത്തിയെന്ന പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനെതിരായ പരാതിയിൽ ഷാനിമോൾ ഉസ്മാന് മതിയായ തെളിവ് ഹാജരാക്കാൻ കഴിഞ്ഞില്ലെന്നാണ് ജില്ലാ കലക്‌ടര്‍ ഡോ. അദീല അബ്‌ദുല്ല. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് കൈമാറിയ അന്വേഷണ റിപ്പോർട്ടിലാണ് ജില്ലാ കലക്‌ടര്‍ ഇക്കാര്യം വ്യക്തമാക്കിയത്. പരാതിക്കാരി തെളിവായി സമർപ്പിച്ച വീഡിയോ ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കേണ്ടത് പൊലീസ് ആണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
പെരുമാറ്റചട്ട ലംഘനത്തിനും, സത്യപ്രതിജ്ഞാ ലംഘനത്തിനും, സ്‌ത്രീത്വത്തെ അപമാനിച്ചതിനും നടപടി വേണമെന്ന ആവശ്യവും ഉന്നയിച്ച് ശനിയാഴ്ചയാണ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി ലഭിച്ചത്. തുടർന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ‍ ടിക്കാറാം മീണ വിഷയത്തിൽ റിപ്പോർട്ട് തേടി. ഡി.ജി.പിയും ആലപ്പുഴ ജില്ലാ കലക്‌ടറും അടിയന്തരമായി റിപ്പോർട്ട് സമര്‍പ്പിക്കണമെന്നായിരുന്നു ആവശ്യം. 'പൂതന' പരാമശത്തിലൂടെ മന്ത്രി തന്നെ അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച് ഷാനിമോൾ ഉസ്മാൻ പൂച്ചാക്കൽ പൊലീസിലും ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകിയിരുന്നു. 'കള്ളങ്ങൾ പറഞ്ഞ് ഏതെങ്കിലും പൂതനമാർക്ക് ജയിക്കാനുള്ളതല്ല തെരഞ്ഞെടുപ്പ്' എന്നായിരുന്നു ഷാനി മോൾ ഉസ്മാനെതിരായ മന്ത്രി സുധാകരന്‍റെ പരാമർശം. 'പൂതന' എന്ന് വിളിച്ചത് ഏതെങ്കിലും ഒരു വ്യക്തിയെ അല്ലെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.
റിപ്പോർട്ട് പരിശോധിച്ച് മുഖ്യ തെഞ്ഞെടുപ്പ് ഓഫീസർ അടുത്ത ദിവസം തുടർനടപടി തീരുമാനിക്കും. അതിനിടെ പൂതന പരാമർശത്തിൽ തനിക്കെതിരെ അപകീർത്തികരമായ വാർത്ത നൽകിയെന്ന് ആരോപിച്ച് കോൺഗ്രസ് മുഖപത്രത്തിനെതിരെ മന്ത്രി ജി. സുധാകരൻ മുഖ്യ തെരെഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകിയിട്ടുണ്ട്

ABOUT THE AUTHOR

...view details