സമ്മർദ തന്ത്രവുമായി ബിഡിജെഎസ്;അരൂരിൽ മത്സരിക്കേണ്ടതില്ലെന്ന് തീരുമാനം - രൂരിൽ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ബിഡിജെഎസ് മത്സരിക്കേണ്ടതില്ലെന്ന് സംസ്ഥാന കൗൺസിൽ യോഗത്തിൽ ധാരണയായി.
കേരളത്തിൽ എൻഡിഎയുടെ മുന്നണി സംവിധാനം തകർന്ന അവസ്ഥയിലാണുള്ളതെന്ന് തുഷാര്‍ വെള്ളാപ്പള്ളി. ഇത് പരിഹരിക്കാതെ തെരഞ്ഞെടുപ്പ് രംഗത്തേക്ക് ഇല്ല.
ആലപ്പുഴ:ബിജെപിയെ സമ്മർദത്തിലാക്കി ബി.ഡി.ജെ.എസ് സംസ്ഥാന കൗൺസിൽ തീരുമാനം. അരൂരിൽ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ബി.ഡി.ജെ.എസ് മത്സരിക്കേണ്ടതില്ലെന്ന് സംസ്ഥാന കൗൺസിൽ യോഗത്തിൽ ധാരണയായി. ആലപ്പുഴ കണിച്ചുകുളങ്ങരയിൽ ചേർന്ന ബിഡിജെഎസ് സംസ്ഥാന കൗൺസിൽ യോഗത്തിലാണ് തീരുമാനമുണ്ടായത്.
കേരളത്തിൽ എൻഡിഎയുടെ മുന്നണി സംവിധാനം തകർന്ന അവസ്ഥയിലാണുള്ളതെന്നും ഇത് പരിഹരിക്കാതെ തെരഞ്ഞെടുപ്പ് രംഗത്തേക്ക് ഇല്ലെന്നും ബി.ഡി.ജെ.എസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കി. അതേസമയം അഭിപ്രായം ഇരുമ്പുലക്കയല്ലെന്നും രാഷ്ട്രീയത്തിൽ സ്ഥിരമായ ബന്ധുക്കളോ ശത്രുക്കളോ ഇല്ലെന്നും തുഷാർ കൂട്ടിച്ചേർത്തു.
ഘടകകക്ഷി എന്ന നിലയിൽ ബിജെപി നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതിനാലാണ് പുതിയ സമ്മർദതന്ത്രം ബിഡിജെഎസ് പയറ്റുന്നത്. നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ ബിജെപി തയ്യാറായില്ലെങ്കിൽ കടുത്ത തീരുമാനത്തിലേക്ക് നീങ്ങാനും ബിഡിജെഎസ് ഒരുങ്ങുമെന്ന സൂചനയാണ് നേതാക്കൾ നൽകുന്നത്.