ഇടതിനോട് ചേർന്ന് നിൽക്കുന്ന മണ്ഡലമാണ് അരൂർ. മണ്ഡല രൂപീകരണം മുതൽ നടന്ന 15 തെരഞ്ഞെടുപ്പുകളിൽ 10 ലും മണ്ഡലം ഇടതിനൊപ്പം നിന്നു. ചേർത്തല താലൂക്കിൽ ഉൾപ്പെടുന്ന അരൂക്കുറ്റി, അരൂർ, ചേന്നം പള്ളിപ്പുറം, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, പാണാവള്ളി, പെരുമ്പളം, തൈക്കാട്ടുശ്ശേരി, തുറവൂർ എന്നീ പഞ്ചായത്തുകൾ ചേർന്നതാണ് അരൂർ നിയമസഭാമണ്ഡലം.
2006 മുതൽ 2016 വരെയുള്ള വോട്ടിങ് ശതമാനം കെ.ആർ ഗൗരിയമ്മയാണ് അരൂരിൽ ഏറ്റവും കൂടുതൽ തവണ വിജയക്കൊടി പാറിച്ചത്. 7 തവണ ഇടതു മുന്നണിക്കൊപ്പവും, ജെ.എസ്.എസ് രൂപീകരണത്തിനു ശേഷം രണ്ടു തവണ വലത് മുന്നണിക്കൊപ്പവും ഗൗരിയമ്മ മണ്ഡലത്തിൽ വിജയക്കൊടി പാറിച്ചു. 2006 മുതൽ തുടർച്ചയായ മൂന്നു തവണ മണ്ഡലം കീഴടക്കിയത് എം.എം. ആരിഫാണ് . അര നൂറ്റാണ്ടു ചരിത്രത്തിലെ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് 2016 ൽ ആരിഫ് മണ്ഡലത്തിൽ ജയിച്ചു കയറിയത്.
തികഞ്ഞ പ്രതീക്ഷയിൽ തന്നെയാണ് ഇത്തവണയും എൽഡിഎഫ് മണ്ഡലത്തിൽ പോരിനിറങ്ങിയത്. വർഷങ്ങളായി നിലനിർത്തുന്ന ആധിപത്യം അരൂരിന്‍റെ മണ്ണിൽ ഇക്കുറിയും തുടരാം എന്നു തന്നെ മുന്നണി കണക്ക് കൂട്ടുന്നു. മണ്ഡലത്തിലെ വികസനം ചൂണ്ടി കാട്ടിയുള്ള പ്രധാന പ്രചാരണവും ഗുണകരമാകുന്ന് മുന്നണി വിലയിരുത്തുന്നുണ്ട്. അരൂരിലെ ശക്തമായ സംഘടന സ്വാധീനവും എൽ.ഡിഎഫിന് മേൽകൈ നൽകുന്നു. 10 പഞ്ചായത്തുകളിൽ ഏഴും ഇടത്തിനൊപ്പം നിൽക്കുന്നതും, എൽഡിഎഫ് ക്യമ്പിന് പ്രതീക്ഷകൾ വർധിപ്പിക്കുന്നു.
യുഡിഎഫിന് ഇക്കുറി അഭിമാന പോരാട്ടമാണ് . കഴിഞ്ഞ തവണ ആരിഫ് മണ്ഡലത്തിൽ റെക്കോർഡ് ഭൂരിപക്ഷം നേടിയെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പിൽ ഷാനിമോൾ ഉസ്മാൻ നേടിയ മേൽകൈ കോണ്‍ഗ്രസിന് പുതു പ്രതീക്ഷകൾ നൽകുന്നു. ഇത്തവണ എന്ത് വില കൊടുത്തും അരൂരിനെ കൈപ്പിടിയിലൊതുക്കാന്‍ അരയും തലയും മുറുക്കിയാണ് യുഡിഎഫ് പ്രചാരണം കൊട്ടിക്കലാശിച്ചത്. ഷാനിമോൾ ഉസ്മാന്റെ സ്ഥാനാർഥിത്വത്തിലൂടെ മണ്ഡലത്തിലെ മുസ്‌ലിം വോട്ടുകളിലും മുന്നണി കണ്ണ് വെക്കുന്നു.
കണക്കുകളിൽ പിന്നിലാണെങ്കിലും മണ്ഡലത്തിൽ അട്ടിമറി വിജയമാണ് പ്രകാശ് ബാബുവിലൂടെ എൻഡിഎ മണ്ഡലത്തിൽ ലക്ഷ്യമിടുന്നത്. അരൂരിൽ സ്വാധീനമുള്ള ബിഡിജെഎസ് ഇടഞ്ഞു നിൽക്കുകയാണെങ്കിലും അവസാനവട്ട വോട്ടുകളിൽ ബിഡിജെഎസ് സ്വാധീനമുണ്ടാകുമെന്ന പ്രതീക്ഷയിൽ തന്നെയാണ് മുന്നണി. ശബരിമലയും മണ്ഡലത്തിലെ വികസന പ്രശ്നങ്ങളും എല്ലാം ഉയർത്തിക്കാട്ടിയാണ് എൻഡിഎ മണ്ഡലത്തിലെ പരസ്യ പ്രചാരണം അവാസാനിപ്പിച്ചത്. വികസനം തന്നെയാണ് മണ്ഡലത്തിലെ പ്രധാന ചർച്ച വിഷയം. ന്യൂനപക്ഷ വോട്ടുകളും അന്തിമ വിധിയെ സ്വാധീനിക്കുന്നവയാണ്.