ആലപ്പുഴ : അരൂർ തെരഞ്ഞെടുപ്പ് ഫലത്തെ സംബന്ധിച്ച വിഷയത്തിൽ പൊതുമരാമത്ത് മന്ത്രി ജി. സുധാകരനെ തലോടിയും ആലപ്പുഴ എം.പി ആരിഫിനെ വിമർശിച്ചും എസ്.എൻ.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പള്ളി നടേശൻ. പതിമൂന്ന് വർഷം തുടര്‍ച്ചയായി അരൂർ എം.പിയായിരുന്ന അഡ്വ. എ.എം. ആരിഫ് മണ്ഡലത്തില്‍ വലിയ വികസനം നടത്തിയെന്ന് പറയുന്നത് പച്ചക്കള്ളമാണ്. അരൂരിലെ വികസനമെന്നത് വെറും പുകമറ മാത്രമാണ്. പരസ്യത്തിലൂടെ ജനകീയ നേതാവായ ആളാണ് ആരിഫെന്നും മണ്ഡലത്തിലെ താഴെത്തട്ടിൽ വികസനം ഉണ്ടായില്ലെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
അരൂർ തെരഞ്ഞെടുപ്പ് ഫലം: ജി സുധാകരനെ തലോടിയും, ആരിഫിനെ തല്ലിയും വെള്ളാപ്പള്ളി - aroor election
പതിമൂന്ന് വർഷം തുടര്‍ച്ചയായി അരൂർ എം.പിയായിരുന്ന അഡ്വ. എ.എം ആരിഫ് മണ്ഡലത്തില്‍ വലിയ വികസനം നടത്തിയെന്ന് പറയുന്നത് പച്ചക്കള്ളമെന്ന് വെളളാപ്പള്ളി നടേശൻ.
അരൂർ മണ്ഡലത്തിൽ നിന്നുള്ളവർ മാത്രമല്ല ജില്ലയിലെ മുഴുവന്‍ പാര്‍ട്ടി പ്രവർത്തകരും ഒരേ മനസോടെയാണ് അരൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത് എന്നിട്ടും വിജയിക്കാൻ കഴിഞ്ഞില്ലെന്നും വെള്ളാപ്പള്ളി നടേശൻ ചൂണ്ടിക്കാട്ടി. ഉപതെരഞ്ഞെടുപ്പിൽ അരൂർ മണ്ഡലത്തില്‍ പാര്‍ട്ടിക്ക് ഇത്രയും വോട്ട് നേടാനായത് മന്ത്രി ജി സുധാകരന്‍റെ ശ്രമം കൊണ്ടാണ്. വീട് വീടാന്തരം കയറിയിറങ്ങി മന്ത്രി ജി സുധാകരൻ വോട്ട് ചോദിച്ചു. തനിക്ക് ഇക്കാര്യം നേരിട്ട് ബോധ്യപ്പെട്ടിട്ടുള്ളതാണ്. സ്ഥാനാർഥിയെക്കാൾ കൂടുതൽ പ്രവർത്തിച്ചയാളാണ് ജി സുധാകരനെന്നും വെള്ളാപ്പള്ളി പറഞ്ഞു.
പടിഞ്ഞാറൻ മേഖലയിലുൾപ്പടെ വോട്ട് കുറഞ്ഞത് പരാജയത്തിന് കാരണമായെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. സ്ഥാനാർഥി നിർണയത്തിൽ സാമുദായിക സമവാക്യങ്ങൾ കൂടി നോക്കേണ്ടതുണ്ടെന്നും അഡ്വ. മനു സി. പുളിക്കലിന്‍റെ സ്ഥാനാർഥിത്വത്തിന്‍റെ കാര്യത്തിൽ അത് നോക്കാതിരുന്നത് വിനയായെന്നും അദ്ദേഹം പറഞ്ഞു.