ആലപ്പുഴ: ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ രക്ഷാ പ്രവർത്തനങ്ങളുമായി അഗ്നിശമന സേന. കനത്ത നാശനഷ്ടമാണ് പ്രകൃതിക്ഷോഭത്തെ തുടര്‍ന്ന് ജില്ലയിലുണ്ടായത്. നിരവധി വീടുകള്‍ക്കും കൃഷിക്കും നാശം സംഭവിച്ചു. 51 ഇടങ്ങളിലായി റോഡിലേക്ക് വീണ മരങ്ങൾ വെട്ടി മാറ്റി ഗതാഗതം സാധാരണ നിലയിലാക്കി വരികയാണ്. വീടുകളുടെ മുകളിലേക്ക് വീണ മരങ്ങള്‍ നീക്കം ചെയ്‌തു. നിരവധി സ്ഥലങ്ങളിൽ മര ശിഖരങ്ങൾ വൈദ്യുതി ലൈൻ, ട്രാൻസ്ഫോർമര്‍ എന്നിവയ്‌ക്ക് മുകളിലേക്ക് വീണിരുന്നു. എൻഡിആർഎഫ്, കെഎസ്ഇബി എന്നിവരുടെ സഹായത്തോടെ ഇവ വെട്ടിമാറ്റി വൈദ്യുതി പുനസ്ഥാപിച്ചു. ജലനിരപ്പ് ഇനിയും ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് അഗ്‌നിശമന സേനയുടെ രണ്ട് ഫൈബർ ബോട്ടുകളും ഏഴ് റബ്ബർ ഡിങ്കിയും ജലഗതാഗത വകുപ്പിന്‍റെ ബോട്ടുകളും രക്ഷാപ്രവർത്തനത്തിനായി സജ്ജമാക്കിയിട്ടുണ്ട്. ആലപ്പുഴ അഗ്‌നിശമന സേനയിലെ എട്ട് ഫയര്‍സ്റ്റേഷനുകളില്‍ നിന്നുമെത്തിയ 120 ഓളം ജീവനക്കാരാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ദേശീയ ദുരന്തനിവാരണ സേനയുടെ 24 പേരടങ്ങുന്ന സംഘമാണ് ജില്ലയില്‍ ഇപ്പോള്‍ സുസജ്ജരായിട്ടുള്ളത്. മൂന്ന് ഓഫീസർമാരുടെ നേതൃത്വത്തിലാണ് ഇവരുടെ പ്രവർത്തനം. ചേർത്തല താലൂക്കിലെ കടലാക്രമണ പ്രദേശങ്ങളിലാണിവർ രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്.
അറബിക്കടലിൽ രൂപപ്പെട്ട ടൗട്ടെ ചുഴലിക്കാറ്റിനെത്തുടർന്ന് ഏർപ്പെടുത്തിയ മത്സ്യബന്ധന നിരോധനത്തിന്‍റെ ഭാഗമായി ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് യാതൊരു കാരണവശാലും കടലിൽ പോകാൻ പാടില്ലെന്ന് ജില്ല കലക്ടർ അറിയിച്ചു. ചുഴലിക്കാറ്റിന്‍റെ പ്രഭാവവുമായി ബന്ധപ്പെട്ട് കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ തീരദേശ വാസികൾ അതീവ ജാഗ്രത പുലർത്തണമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ അദ്ദേഹം മുന്നറിയിപ്പ് നൽകി.