ആലപ്പുഴ: എസ്‌ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനിന്‍റെ കൊലപാതകം ആർഎസ്എസ് കൃത്യമായി ആസൂത്രണം ചെയ്‌ത് നടപ്പാക്കിയതാണെന്ന് ആരോപിച്ച് പ്രസിഡന്‍റ് അഷ്‌റഫ് മൗലവി. കൊല്ലപ്പെട്ട ഷാനിന്‍റെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമാധാനാന്തരീക്ഷം നിലനിൽക്കുന്ന ഒരു പ്രദേശമാണ് മണ്ണഞ്ചേരി, പൊന്നാട ഉൾപ്പടെയുള്ള പ്രദേശങ്ങൾ. ഗ്രാമീണ സ്വഭാവ സവിശേഷതയും സഹവർത്തിത്വവും ഉണ്ടായ സ്ഥലങ്ങളിൽ ഒന്നാണ് ഇവിടം. യാതൊരുവിധ രാഷ്ട്രീയ സംഘർഷങ്ങളും ഇല്ലാതിരുന്ന ഇവിടെ പ്രകോപനമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആർഎസ്എസ് ആക്രമണം നടത്തിയതെന്ന് അഷ്‌റഫ് മൗലവി പറഞ്ഞു.
ആർഎസ്എസിന്‍റെ കൊലക്കത്തിക്ക് പിന്നാക്ക-ന്യൂനപക്ഷ ജനവിഭാഗങ്ങളും ഇടതുപക്ഷ പ്രവർത്തകരുമാണ് ഇരകളാകാറുള്ളത്. ഇത് തന്നെയാണ് ഷാനിന്‍റെ കാര്യത്തിലും ഉണ്ടായിട്ടുള്ളതെന്നും അഷ്‌റഫ് മൗലവി ചൂണ്ടിക്കാട്ടി. കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും കേസിൽ സത്യസന്ധമായ അന്വേഷണം വേണമെന്നും എസ്‌ഡിപിഐ സംസ്ഥാന പ്രസിഡന്‍റ് ആവശ്യപ്പെട്ടു.