ആലപ്പുഴ: ആലപ്പുഴയിൽ കൊല്ലപ്പെട്ട ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത്ത് ശ്രീനിവാസന്‍റെ സംസ്‌കാര ചടങ്ങുകൾ തിങ്കളാഴ്‌ച നടക്കും. ആലപ്പുഴ മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടപടികൾ വൈകിയതിനെ തുടര്‍ന്നാണ് സംസ്‌കാരം തിങ്കളാഴ്‌ചത്തേക്ക് മാറ്റിയത്. കൊവിഡ് പരിശോധനാഫലം വരാൻ വൈകിയതാണ് പോസ്റ്റുമോർട്ടം നീളാന്‍ ഇടയാക്കിയത്. രാത്രി പോസ്റ്റുമോർട്ടം ചെയ്യാൻ അനുമതി ഉണ്ടെങ്കിലും ഇതിനുള്ള സൗകര്യങ്ങൾ ആലപ്പുഴ മെഡിക്കൽ കോളജിൽ ഇല്ല.
പോസ്റ്റുമോർട്ടത്തിന്‍റെ ദൃശ്യങ്ങൾ പൂർണമായും വീഡിയോയിൽ ചിത്രീകരിക്കും. പോസ്റ്റുമോർട്ടം നടപടികൾക്കും ഇക്വസ്റ്റ് നടപടികൾക്കും ശേഷം മൃതദേഹം രഞ്ജിത്തിന്‍റെ ആലപ്പുഴ വെള്ളക്കിണറിലെ വസതിയിൽ എത്തിച്ച് പൊതുദർശനത്തിന് വയ്ക്കും. ഇവിടെ വച്ചാണ് രഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്.
Read more: ആലപ്പുഴയില്‍ വീണ്ടും കൊലപാതകം, ബി.ജെ.പി നേതാവിനെ വെട്ടിക്കൊന്നു
തുടർന്ന് മൃതദേഹം ആലപ്പുഴ ജില്ല കോടതിയിലെ ബാർ അസോസിയേഷൻ ഹാളിൽ പൊതുദർശനത്തിന് വയ്ക്കും. ഇവിടെ നിന്ന് വിലാപയാത്രയായി കായംകുളം വലിയഴീക്കലിലെ കുടുംബവീട്ടിൽ എത്തിച്ച് പൊതുദർശനത്തിന് വച്ച ശേഷമായിരിക്കും സംസ്‌കാര ചടങ്ങുകൾ നടത്തുക. സംസ്‌കാരത്തിന് ബിജെപിയുടെയും മറ്റ് സംഘപരിവാർ സംഘടനകളുടെയും സംസ്ഥാന നേതാക്കൾ പങ്കെടുക്കും.
ഇതിനിടെ, പോസ്റ്റുമോർട്ടം നടപടികൾ മനപ്പൂര്‍വം വൈകിപ്പിച്ചു എന്നാരോപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍റെ നേതൃത്വത്തിൽ ആലപ്പുഴ മെഡിക്കൽ കോളജ് മോർച്ചറിയ്ക്ക് മുന്നിൽ ബിജെപി പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു. പൊലീസ് എത്തിയാണ് ഇവരെ ശാന്തരാക്കിയത്. രഞ്ജിത്തിന്‍റെ പോസ്റ്റ്‌മോര്‍ട്ടം നടക്കുന്ന ആലപ്പുഴ മെഡിക്കൽ കോളജിൽ ബിജെപി സംസ്ഥാന-ജില്ല നേതാക്കൾ എത്തിയിരുന്നു.