കേരളം

kerala

ETV Bharat / city

ആലപ്പുഴ ജനറൽ ആശുപത്രിയിൽ മരുന്ന് ലോറിക്ക് തീപിടിച്ചു - തീപിടിത്തം

ഏകദേശം അഞ്ചുലക്ഷം രൂപയിലധികം വിലമതിക്കുന്ന മരുന്നുകളാണ് കത്തിനശിച്ചത്, ആളപായമില്ല.

ആലപ്പുഴ ജനറൽ ആശുപത്രിയിൽ മരുന്ന് ലോറിക്ക് തീപിടിച്ചു

By

Published : Jun 25, 2019, 3:14 PM IST

Updated : Jun 25, 2019, 4:44 PM IST

ആലപ്പുഴ: ജനറൽ ആശുപത്രി പരിസരത്ത് നിർത്തിയിട്ട മരുന്നു ലോറി കത്തിനശിച്ചു. ജില്ലാ മരുന്ന് സംഭരണ കേന്ദ്രത്തിലേക്ക് മരുന്നുമായി എത്തിയ ലോറിയാണ് അഗ്നിക്കിരയായത്. ഇന്നലെ അര്‍ധരാത്രിക്ക് ശേഷമാണ് അഗ്നിബാധയുണ്ടായതെന്ന് ആശുപത്രി ജീവനക്കാർ സാക്ഷ്യപ്പെടുത്തുന്നു. ഗോവയിൽ നിന്നും മരുന്നുമായി എത്തിയ ലോറിയിൽ ഏകദേശം അഞ്ചുലക്ഷം രൂപയിലധികം വിലമതിക്കുന്ന മരുന്നുകളാണ് ഉണ്ടായിരുന്നത്. ജില്ലയിലെ വിവിധ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലേക്കും ആശുപത്രികളിലേക്കും വിതരണത്തിനായി എത്തിച്ച മരുന്നുകളാണ് കത്തിനശിച്ചത്. ലോറിയുടെ മുൻവശത്തെ ടയറുകൾ പൂർണമായും കത്തി നശിച്ചു.

ആലപ്പുഴ ജനറൽ ആശുപത്രിയിൽ മരുന്ന് ലോറിക്ക് തീപിടിച്ചു

ഇന്നലെ ഉച്ചയ്ക്കുശേഷം എത്തിയ ലോറിയിൽ നിന്ന് ഏകദേശം 10% മരുന്നുകൾ മാത്രമാണ് ഗോഡൗണിലേക്ക് മാറ്റിയത്. ബാക്കിയുണ്ടായിരുന്ന മരുന്നുകളെല്ലാം ലോറിയിൽ തന്നെ സൂക്ഷിച്ചു. സ്ഥലപരിമിതി മൂലം രാവിലെ ഗോഡൗണിലേക്ക് മാറ്റാനാണ് അധികൃതർ തീരുമാനിച്ചത്. ആലപ്പുഴ ജനറൽ ആശുപത്രി കോമ്പൗണ്ടിലെ മരുന്ന് സംഭരണ കേന്ദ്രത്തിന്‍റെ ഗോഡൗൺ പേവാർഡിന് സമീപമാണ് സ്ഥിതിചെയ്യുന്നത്. ആശുപത്രിയിലെ ഡ്രൈവർ ലോറിയിൽ ഇല്ലാതിരുന്നതിനാലും രാത്രി മഴ പെയ്തതിനാലും വലിയ അപകടം ഒഴിവായി. പുലർച്ചെ പുക ഉയരുന്നത് കണ്ട ആശുപത്രി ജീവനക്കാർ അഗ്നിശമനസേനയെ അറിയിച്ചതിനെ തുടർന്ന് തീ പൂർണമായും അണക്കാൻ സാധിച്ചു. കൂടുതൽ കെട്ടിടങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള മുൻകരുതലുകളും സ്വീകരിച്ചു. ദുരൂഹസാഹചര്യത്തിൽ ലോറി കത്തിയമർന്നത് ജീവനക്കാർക്കിടയിൽ പല അഭ്യൂഹങ്ങളുമുണ്ട്. സംഭവത്തിൽ ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Last Updated : Jun 25, 2019, 4:44 PM IST

ABOUT THE AUTHOR

...view details