കേരളം

kerala

ETV Bharat / city

വമ്പൻമാരെ വീഴ്ത്തിയും വളർത്തിയും ആലപ്പുഴ, ജയിക്കുന്നവർ നിയമസഭയില്‍ പുതുമുഖം - alappuzha municipality

രണ്ട് ടേം വ്യവസ്ഥ പാലിച്ച് തോമസ് ഐസക് മാറി നിന്നതോടെ സിപിഎമ്മില്‍ സീറ്റ് നിലനിര്‍ത്താനുള്ള നിയോഗം മത്സ്യഫെഡ് ചെയര്‍മാനായ പി.പി ചിത്തരഞ്ജനാണ്. ഇടത് പാളയത്തില്‍ നിന്നെത്തിയ മുന്‍ എം.പി കെ.എസ് മനോജിലൂടെ 10 വര്‍ഷം മുമ്പ് കൈവിട്ട മണ്ഡലം തിരിച്ചുപിടിക്കാനാണ് യുഡിഎഫിന്‍റെ ശ്രമം. വിവാദങ്ങളിലൂടെ ശ്രദ്ധ നേടിയ സന്ദീപ് വാചസ്പതിയും പ്രചാരണത്തില്‍ സജീവമാണ്.

alappuzha assembly constituency  കെഎസ് മനോജ് യുഡിഎഫ്  എഎ ഷുക്കൂര്‍ എംഎല്‍എ  പിപി ചിത്തരഞ്ജന്‍  ധനമന്ത്രി തോമസ് ഐസക്  സന്ദീപ് വാചസ്പതി ബിജെപി  മത്സ്യഫെഡ് ചെയര്‍മാന്‍  ലാലി വിന്‍സന്‍റ് ആലപ്പുഴ  alappuzha pp chitharanjan  sandeep vachaspathi  ks manoj udf  alappuzha municipality  kerala assembly elction 2021
ആലപ്പുഴ

By

Published : Mar 27, 2021, 7:27 PM IST

ഴിഞ്ഞ 15 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ എട്ട് തവണ ഇടത്തേക്കും ഏഴ് തവണ വലത്തേക്കും ചാഞ്ഞ ചരിത്രമാണ് ആലപ്പുഴയുടേത്. മുന്‍ മുഖ്യമന്ത്രി പി.കെ വാസുദേവന്‍ നായരേയും മുന്‍മന്ത്രി ടി.വി തോമസിനേയും തോല്‍പ്പിച്ചതും ഇതേ മണ്ഡലം തന്നെ. 2009 ലെ ഉപതെരഞ്ഞെടുപ്പില്‍ എ.എ ഷുക്കൂര്‍ എംഎല്‍എ ആയ ശേഷം കോണ്‍ഗ്രസിന് മണ്ഡലം പിടിക്കാനായിട്ടില്ല. സിറ്റിംഗ് എം.എൽ.എയും ധനമന്ത്രിയുമായ തോമസ് ഐസക് കളമൊഴിഞ്ഞ അവസരം വിനിയോഗിക്കാനാണ് യുഡിഎഫ് ശ്രമം. എന്നാല്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മത്സ്യഫെഡ് ചെയര്‍മാനുമായ പി.പി ചിത്തരഞ്ജനു വേണ്ടി തോമസ് ഐസക് തന്നെ പ്രചാരണത്തില്‍ സജീവമാണ്. നഗരസഭ മുന്‍ അധ്യക്ഷനായിരുന്ന ചിത്തരഞ്ജന്‍റെ സ്വാധീനം വോട്ടാക്കി സീറ്റ് നിലനിര്‍ത്താനാണ് ഇടതുപക്ഷത്തിന്‍റെ പരിശ്രമം.

എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിച്ച് എംപിയായ കെ.എസ് മനോജാണ് ഇത്തവണ യുഡിഎഫ് സ്ഥാനാര്‍ഥി. 2004ല്‍ വി.എം സുധീരനെ അട്ടിമറിച്ച ചരിത്രമുള്ള മനോജിലൂടെ സീറ്റ് തിരിച്ചുപിടിക്കാനാണ് യുഡിഎഫ് കണക്കുകൂട്ടുന്നത്. എന്നാല്‍ പൊതുരംഗത്ത് നിന്ന് വിട്ടുനിന്ന് വിദേശത്തായിരുന്ന മനോജിന് സീറ്റ് നല്‍കിയതില്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ പ്രതിഷേധമുയര്‍ന്നിരുന്നു.

വിവാദങ്ങളിലൂടെ ശ്രദ്ധനേടിയ എന്‍ഡിഎ സ്ഥാനാര്‍ഥി സന്ദീപ് വാചസ്പതിയും പ്രചാരണ രംഗത്ത് സജീവമാണ്. പുന്നപ്ര രക്തസാക്ഷി മണ്ഡപത്തിലെത്തി പുഷ്പാര്‍ച്ചന നടത്തിയും വോട്ട് അഭ്യര്‍ഥനയ്ക്കിടെ നടത്തിയ വർഗീയ പരാമര്‍ശങ്ങളും വലിയ ചര്‍ച്ചയായിരുന്നു. തുടര്‍ന്ന് മതവിദ്വേഷം പ്രചരിപ്പിച്ചെന്ന് ആരോപിച്ച് വാചസ്പതിക്കെതിരെ എസ്‌.ഡി.പി.ഐ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചതും എന്‍ഡിഎയ്ക്ക് തിരിച്ചടിയായി.

മണ്ഡല ചരിത്രം

ആലപ്പുഴ നഗരസഭയിലെ ഒന്നു മുതൽ 19 വരെ വാർഡുകളും 45, 50 വാർഡുകളും ആര്യാട്, മണ്ണഞ്ചേരി, മാരാരിക്കുളം സൗത്ത്, മാരാരിക്കുളം നോർത്ത് എന്നീ പഞ്ചായത്ത് പ്രദേശങ്ങളും ഉൾപ്പെടുന്നതാണ് ആലപ്പുഴ നിയമസഭ മണ്ഡലം. 2008ൽ പുനഃക്രമീകരണത്തില്‍ മാരാരിക്കുളവും ആലപ്പുഴയും ചേർന്ന് നിലവിലെ മണ്ഡലം പരിഷ്കരിക്കപ്പെട്ടു. തീരദേശ മണ്ഡലമായ ആലപ്പുഴയിൽ ഈഴവ വോട്ടുകള്‍ക്കൊപ്പം ലാറ്റിൻ കാത്തലിക് വോട്ടുകൾക്കും നിർണായക സ്വാധീനമുണ്ട്. ആകെയുള്ള 2,01,990 വോട്ടര്‍മാരില്‍ 97,784 പുരുഷന്മാരും 104206 പേര്‍ സ്ത്രീകളുമാണ്.

മണ്ഡല രാഷ്ട്രീയം

1957ല്‍ സിപിഐയുടെ ടി.വി തോമസിലൂടെയാണ് ആലപ്പുഴ മണ്ഡലത്തിന്‍റെ തെരഞ്ഞെടുപ്പ് ചരിത്രത്തിന് തുടക്കമിടുന്നത്. 1960ല്‍ കോണ്‍ഗ്രസിന്‍റെ എ നഫീസത്ത് ബീവി നിയമസഭയിലെത്തി. 1967 ലെ തെരഞ്ഞെടുപ്പില്‍ ടിവി തോമസ് മണ്ഡലം തിരിച്ചുപിടിച്ചു. 1970ലും ടിവി തോമസ് ജയം ആവര്‍ത്തിച്ചു. 1977ല്‍ സിപിഐ സ്ഥാനാര്‍ഥിയായ പി.കെ വാസുദേവന്‍ നായര്‍ എംഎല്‍എയായി. 1980ലും ജയം സിപിഐ നേടി.

1982ല്‍ 15 വര്‍ഷം നീണ്ട സിപിഐ വാഴ്ചയ്ക്ക് അവസാനം. എന്‍.എസ്.എസിന്‍റെ രാഷ്ട്രീയ പാര്‍ട്ടിയായ നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയ്ക്കാണ് യുഡിഎഫ് സീറ്റ് നല്‍കിയത്. പാര്‍ട്ടി സ്ഥാപകന്‍ കെ.പി രാമചന്ദ്രന്‍ നായര്‍ സിപിഐയുടെ പി.കെ വാസുദേവന്‍ നായരെ അട്ടിമറിച്ചു. എന്നാല്‍ 1987ല്‍ എന്‍ഡിപിയുടെ കളര്‍കോട് നാരായണനെ തോല്‍പ്പിച്ച് സിപിഐയുടെ റോസമ്മ പുന്നൂസ് സീറ്റ് തിരിച്ചുപിടിച്ചു. 1991ല്‍ കെ.പി രാമചന്ദ്രനിലൂടെ വീണ്ടും യുഡിഎഫ് ജയിച്ചു.

1996ല്‍ സീറ്റ് ഏറ്റെടുത്ത കോണ്‍ഗ്രസ് കെ.സി വേണുഗോപാലിനെ മത്സരത്തിനിറക്കി. കന്നി അങ്കത്തില്‍ പി.എസ് സോമശേഖരനെ വേണുഗോപാല്‍ തോല്‍പ്പിച്ചു. 2001ല്‍ എ.എം അബ്ദുള്‍ റഹീമിനേയും 2006ല്‍ ടി.ജെ ആഞ്ചലോസിനേയും തോല്‍പ്പിച്ച് വേണുഗോപാല്‍ നിയമസഭയിലെത്തി. ഇതിനിടെ കെ.സി വേണുഗോപാല്‍ ആലപ്പുഴയില്‍ നിന്ന് ലോക്‌സഭയിലേക്ക് ജയിച്ചതോടെ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങി. ഡിസിസി പ്രസിഡന്‍റായിരുന്ന എഎ ഷുക്കൂര്‍ സിപിഐയുടെ കൃഷ്ണപ്രസാദിനെ 4729 വോട്ടിന് തോല്‍പ്പിച്ച് മണ്ഡലം നിലനിര്‍ത്തി.

നിയമസഭ തെരഞ്ഞെടുപ്പ് 2011

2011ല്‍ യുഡിഎഫില്‍ നിന്ന് മണ്ഡലം എല്‍ഡിഎഫ് തിരിച്ചുപിടിച്ചു. യുഡിഎഫിന്‍റെ പി.ജെ മാത്യുവിനെതിരെ 16,342 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ സിപിഎം നേതാവ് ടി.എം തോമസ് ഐസക് ജയിച്ചു. ബിജെപിയുടെ കൊട്ടാരം ഉണ്ണികൃഷ്ണന് വെറും 2.51% വോട്ട് മാത്രമാണ് നേടാനായത്.

നിയമസഭ തെരഞ്ഞെടുപ്പ് 2016

നിയമസഭ തെരഞ്ഞെടുപ്പ് ഫലം 2016

സിറ്റിങ് എംഎല്‍എ ടി.എം തോമസ് ഐസക്കിന് വീണ്ടും ജയം. യുഡിഎഫിന്‍റെ ലാലി വിന്‍സന്‍റിനെ 31,032 വോട്ടിന്‍റെ മികച്ച ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ച് തോമസ് ഐസക് വീണ്ടും നിയമസഭയിലെത്തിയത്. ഐസക് 53.295% വോട്ടും ലാലി വിന്‍സന്‍റ് 33.42% വോട്ടും നേടി. മൂന്നാമതെത്തിയ ബിഡിജെഎസ് സ്ഥാനാര്‍ഥി രഞ്ജിത്ത് ശ്രീനിവാസിലൂടെ എന്‍ഡിഎ 9.15% വോട്ട് അധികം നേടി.

നിയമസഭ തെരഞ്ഞെടുപ്പ് ഫലം 2016

തദ്ദേശ തെരഞ്ഞെടുപ്പ് 2020

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം 2020

മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ആലപ്പുഴ നഗരസഭയിലും ഗ്രാമപഞ്ചായത്തുകളിലും ഇടതുമുന്നണിക്ക് മികച്ച ജയം. നഗരസഭാധ്യക്ഷന്‍ തോമസ് ജോസഫ് ഉള്‍പ്പെടെ പരാജയപ്പെട്ടത് യുഡിഎഫിന് കനത്ത തിരിച്ചടിയായി. 10 വാര്‍ഡുകളില്‍ എല്‍ഡിഎഫും എട്ടിടത്തും യുഡിഎഫും രണ്ടിടത്ത് എന്‍ഡിഎയും ഒരു സ്വതന്ത്രനും ജയിച്ചു. ആര്യാട്, മണ്ണഞ്ചേരി, മാരാരിക്കുളം സൗത്ത്, മാരാരിക്കുളം നോർത്ത് പഞ്ചായത്തുകളും എല്‍ഡിഎഫ് നേടി.

ABOUT THE AUTHOR

...view details