ആലപ്പുഴ: കാർഷിക നിയമം പിൻവലിക്കുന്നതുമായി (repealing farm laws) ബന്ധപ്പെട്ട് പ്രധാനമന്ത്രി (Prime minister Narendra Modi) നടത്തിയ പ്രഖ്യാപനത്തിലെ വാക്കുകളെ വിശ്വാസത്തിലെടുക്കാൻ കഴിയില്ലെന്ന് കൃഷിമന്ത്രി പി പ്രസാദ് (P Prasad- Minister for Agriculture). ശത്രുരാജ്യത്തോട് എന്ന പോലെ സ്വന്തം രാജ്യത്തെ ജനങ്ങളോട് പെരുമാറുകയായിരുന്നു കേന്ദ്ര സർക്കാർ (central government) ചെയ്തത്.
വൈകിയാണെങ്കിലും നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രം തയ്യാറായി. ചില സംസ്ഥാനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണോ ഈ തീരുമാനമെന്ന് ആർക്കും മനസിലാവും. ഇക്കാര്യത്തിൽ മറുപടി പറയാനുള്ള ബാധ്യത കേന്ദ്ര സർക്കാരിനുണ്ടെന്നും മന്ത്രി പറഞ്ഞു.
ജനവിരുധമായ നയങ്ങളെ ജനങ്ങളുടെ ശക്തി ഉപയോഗിച്ച് തിരുത്താൻ കഴിയും എന്ന് കാട്ടിക്കൊടുത്ത സമരമാണിത്. സമരത്തിൽ എഴുന്നൂറോളം പേർ രക്തസാക്ഷിത്വം വരിച്ചതിന് ശേഷമാണ് കേന്ദ്രം ഈ നിയമം പിൻവലിക്കാൻ തയ്യാറായത്. ഇത് ഒരു പരിഷ്‌കൃത സമൂഹത്തിന് ചേർന്ന നടപടിയല്ല. മരണപ്പെട്ടതിന്‍റെ ഉത്തരവാദിത്വം കേന്ദ്ര സർക്കാരിനാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
മറ്റേതെങ്കിലും കുറുക്കുവഴിയിലൂടെ കാർഷിക ബില്ലുകൾ കൊണ്ടുവരുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. പാർലമെന്‍റിൽ പ്രത്യേകമായി ബില്ല് അവതരിപ്പിച്ചോ, മന്ത്രിസഭാ യോഗം ചേർന്നോ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഈ സമരം കർഷകരുടെ മാത്രമല്ല, ഇന്ത്യൻ ജനതയുടെ വിജയമെന്നും, കർഷകരുടെ ആത്മസമർപ്പണത്തിന്‍റെ വിജയമാണെന്നും മന്ത്രി പറഞ്ഞു.