ആലപ്പുഴ: 'ഒത്തിരി സന്തോഷം...ഇത്തരം പദ്ധതികള്‍ കര്‍ഷകരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും'. വീട്ടിലെത്തിയ മന്ത്രിയില്‍ നിന്നും വിള ഇന്‍ഷുറന്‍സ് പോളിസി സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയതിന്‍റെ ആഹ്‌ളാദത്തിലാണ് തങ്കച്ചനും ഭാര്യ ലീലാമ്മയും. സ്വാതന്ത്ര്യത്തിന്‍റെ അമൃത മഹോത്സവത്തോനടുബന്ധിച്ച് 'എന്‍റെ ഇന്‍ഷുറന്‍സ് എന്‍റെ കൈകളില്‍' എന്ന പേരില്‍ നടപ്പാക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം എടത്വയിലെ വീട്ടില്‍ തങ്കച്ചനും ഭാര്യ ലീലാമ്മക്കും ഇന്‍ഷുറന്‍സ് പോളിസി രേഖകള്‍ നല്‍കി കൃഷിമന്ത്രി പി. പ്രസാദ് നിര്‍വഹിച്ചു.
എടത്വ വീയപുരം ഏലയിലെ മുണ്ടത്തോട്- പോള തുരുത്ത് പാടശേഖരത്തിലെ കര്‍ഷകനായ വി.ജെ. തങ്കച്ചന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന പ്രധാനമന്ത്രി ഫസല്‍ ഭീമാ യോജന, കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതികളുടെ പോളിസി സര്‍ട്ടിഫിക്കറ്റുകളാണ് കൈമാറിയത്. കര്‍ഷകര്‍ക്ക് പരമാവധി സഹായം ഉറപ്പാക്കുകയാണ് ഇത്തരം പദ്ധതികളുടെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.