കേരളം

kerala

ETV Bharat / city

പെട്രോൾ ആക്രമണങ്ങൾക്കെതിരെ ബോധവത്കരണവുമായി വനിതാ കമ്മിഷൻ - എം സി ജോസഫൈൻ

ആലപ്പുഴയിൽ വനിതാ കമ്മിഷൻ നടത്തിയ മെഗാ അദാലത്തിൽ പങ്കെടുത്ത ശേഷമായിരുന്നു വനിതാ കമ്മിഷൻ അധ്യക്ഷയുടെ പ്രതികരണം

വനിതാ കമ്മിഷൻ

By

Published : Jun 19, 2019, 6:42 PM IST

Updated : Jun 19, 2019, 7:02 PM IST

ആലപ്പുഴ:സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലായി സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന പെട്രോൾ ആക്രമണങ്ങൾക്കെതിരെ ബോധവത്കരണ പരിപാടികളുമായി വനിതാ കമ്മിഷന്‍. പെട്രോൾ ഒഴിച്ച് സ്ത്രീകളെ ആക്രമിക്കുകയും അതിലൂടെ അവരുടെ ജീവനെടുക്കുകയും ചെയ്യുന്ന പ്രവണത സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും സംഭവിച്ച് കൊണ്ടിരിക്കുകയാണെന്ന് സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ പറഞ്ഞു. വളരെ ഗൗരവത്തോടെയാണ് കമ്മിഷൻ ഇത്തരം സംഭവങ്ങളെ കാണുന്നത്. ഇതിനെതിരെ പൊതുസമൂഹത്തെ ബോധവത്കരിക്കേണ്ടത് കമ്മിഷന്‍റെ ചുമതലയാണ്. ഉടൻ തന്നെ അത്തരത്തിലുള്ള ബോധവത്കരണ പരിപാടികൾക്ക് തുടക്കം കുറിക്കുവാനാണ് കമ്മിഷന്‍റെ തീരുമാനമെന്നും ജോസഫൈൻ പറഞ്ഞു.

ആലപ്പുഴയിൽ വനിതാ കമ്മിഷൻ നടത്തിയ മെഗാ അദാലത്തിൽ പങ്കെടുത്ത ശേഷമായിരുന്നു വനിതാ കമ്മിഷൻ അധ്യക്ഷയുടെ പ്രതികരണം. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന മെഗാ അദാലത്തിൽ 96 പരാതികളാണ് കമ്മിഷൻ പരിഗണിച്ചത്. നിസാര കാര്യങ്ങൾക്ക് പോലും പരസ്പരം പഴിചാരി ദാമ്പത്യ ബന്ധം വേർപിരിയുന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ് കൂടുതലെന്ന് വനിതാ കമ്മീഷൻ അംഗങ്ങൾ പറഞ്ഞു. ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവുമ്പോൾ അതിന് പരിഹാരം കാണാനുള്ള ഇടപെടലുകൾ പലപ്പോഴും പൊതുസമൂഹത്തിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നില്ല. ഇതാണ് പലപ്പോഴും പ്രശ്നങ്ങളെ സങ്കീർണമാക്കി മാറ്റുന്നതെന്നും അംഗങ്ങൾ അഭിപ്രായപ്പെട്ടു. ആകെയുള്ള 96 പരാതികളിൽ 11 എണ്ണം അദാലത്തിലൂടെ തീർപ്പാക്കി. ആറ് പരാതികളിൽ ബന്ധപ്പെട്ട വകുപ്പുകളോട് വിശദീകരണം ആവശ്യപ്പെട്ടു. 79 പരാതികൾ അടുത്ത അദാലത്തിലേക്കായി മാറ്റിവെച്ചിട്ടുണ്ട്. ഈ മാസം 26ന് ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഹാളിലാണ് അടുത്ത അദാലത്ത് നടക്കുക. സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ എം സി ജോസഫൈൻ, കമ്മിഷൻ അംഗങ്ങളായ അഡ്വ. എം എസ് താര, ഷിജി ശിവജി എന്നിവരാണ് പരാതികൾ പരിഗണിച്ചത്.

Last Updated : Jun 19, 2019, 7:02 PM IST

ABOUT THE AUTHOR

...view details