ആലപ്പുഴ: വള്ളിക്കുന്ന് അമൃതാ സ്‌കൂളിലെ പത്താം ക്ലാസ് പരീക്ഷ നടക്കുന്ന '10 ബി'യിൽ മൂന്നാമത്തെ ബഞ്ചിൽ ഒരൊഴിവുണ്ടായിരുന്നു. ഫിസിക്സ് പരീക്ഷയ്ക്ക് ഹാജരാവാൻ കഴിയാതിരുന്ന ആ വിദ്യാർഥി പരീക്ഷാ സമയത്ത് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ പോസ്റ്റ് മോർട്ടം ടേബിളിലായിരുന്നു. വള്ളികുന്നത്ത് പടയണിവട്ടം ക്ഷേത്ര ഉത്സവത്തിനിടെ ഉണ്ടായ സംഘർഷത്തിനിടെ കുത്തേറ്റ് മരിച്ച അഭിമന്യു അമൃത സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായിരുന്നു.
പരീക്ഷാ ഹാളിൽ അഭിമന്യുവിന്‍റെ സീറ്റ് ഒഴിഞ്ഞിട്ടു; പ്രിയ വിദ്യാർഥിയുടെ വേർപാടിൽ കണ്ണീരോടെ അധ്യാപകർ
വള്ളികുന്നത്ത് പടയണിവട്ടം ക്ഷേത്ര ഉത്സവത്തിനിടെ ഉണ്ടായ സംഘർഷത്തിനിടെ കുത്തേറ്റ് മരിച്ച അഭിമന്യു അമൃത സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായിരുന്നു.
പരീക്ഷാ തലേന്നാണ് ക്ഷേത്രത്തിലെ വിഷു ഉത്സവത്തിന് പോയത്. ഹൃദയഭേദകമായ വേദനയോടെയാണ് തങ്ങളുടെ സഹപാഠിയുടെ വേർപാട് അറിഞ്ഞിട്ടും അവര്‍ പരീക്ഷ എഴുതിയത്. അഭിമന്യുവിനായ് മാറ്റി വെച്ച ചോദ്യകടലാസ് മാറ്റി മേശപ്പുറത്ത് വെച്ച പ്രധാന അധ്യാപികയുടെ കണ്ണും അഭിമന്യുവിനെക്കുറിച്ചുള്ള ഓർമ്മകൾ നനയിച്ചു. ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് തങ്ങൾ പരീക്ഷാ ഡ്യൂട്ടിക്ക് എത്തിയതെന്ന് അധ്യാപകര്‍. എന്നാല്‍ പരസ്യ പ്രതികരണത്തിന് അവർ തയാറായില്ല.
പരീക്ഷ നടക്കുന്നതിനാൽ തന്നെ മാധ്യമങ്ങൾക്ക് സ്കൂളിൽ വിലക്കുണ്ടായിരുന്നു. വിങ്ങിപ്പൊട്ടി നിൽക്കുന്ന ആ കുരുന്നുകളുടെ മാനസികാവസ്ഥ കണക്കിലെടുത്ത് മാധ്യമ പ്രവർത്തകരും അവരുടെ പ്രതികരണങ്ങൾ ആരായാൻ കാത്തുനിന്നില്ല. സ്‌കൂൾ മുറ്റത് അഭിമന്യുവിന്‍റെ വിയോഗത്തിലുള്ള അനുശോചനം രേഖപ്പെടുത്തുവാൻ കറുത്ത തുണിയും ഒപ്പം സ്‌കൂൾ അഭിമന്യുവിന്‍റെ ചിത്രവും വെച്ചിരുന്നു.