ന്യൂഡല്‍ഹി :സേവന മേഖലയില്‍ ഏറ്റവുമധികം നേട്ടങ്ങള്‍ സ്വന്തമാക്കിയവരാണ് ഇന്ത്യക്കാര്‍. അതുകൊണ്ടുതന്നെ ആഗോള ടെക്‌നോളജി ഭീമന്മാരുടെ ഉയര്‍ന്ന കസേരകളിലും മള്‍ട്ടി നാഷണല്‍ കമ്പനികളുടെ താക്കോല്‍ സ്ഥാനങ്ങളിലുമെല്ലാം തന്നെ 'ഇന്ത്യന്‍ സാന്നിധ്യം' വ്യക്തവുമാണ്. ഇപ്പോഴിതാ നീല്‍ മോഹന്‍ എന്ന ഇന്ത്യന്‍ വംശജനിലൂടെ ടെക് ലോകം ഭരിക്കുന്ന ഗൂഗിളിനും മൈക്രോസോഫ്‌റ്റിനും പിന്നാലെ യൂട്യൂബിന്‍റെ തലപ്പത്തേക്കും കാലെടുത്തുവയ്‌ക്കുകയാണ് 'ഇന്ത്യ'.
വരവ് രാജകീയമായി തന്നെ: ഇന്ത്യൻ അമേരിക്കൻ യൂട്യൂബ് എക്സിക്യുട്ടീവായുള്ള ദീര്‍ഘനാളത്തെ അനുഭവ സമ്പത്തുമായാണ് 47 കാരനായ നീല്‍ മോഹന്‍ ഗൂഗിളിന്‍റെ ഉടമസ്ഥതയിലുള്ള വീഡിയോ ഷെയറിങ് പ്ലാറ്റ്‌ഫോമായ യൂട്യൂബിന്‍റെ സിഇഒ കസേരയിലെത്തുന്നത്. സ്‌റ്റാന്‍ഫോര്‍ഡില്‍ നിന്നും ബുരുദം നേടിയ നീല്‍ ഏതാണ്ട് ആറ് വര്‍ഷത്തോളം 'ഡബിള്‍ക്ലിക്ക്' എന്ന കമ്പനിയില്‍ ജോലിയനുഷ്‌ഠിച്ചു. ഈ സമയത്താണ് കമ്പനി ഗൂഗിള്‍ ഏറ്റെടുക്കുന്നതും നീലിനെ സീനിയര്‍ അഡ്വട്വൈസിങ് ആന്‍റ് പ്രൊഡക്‌ട് എക്‌സിക്യുട്ടീവായി നിയമിക്കുന്നതും.
യൂട്യൂബ് ഇനി 'ഇന്ത്യ ഭരിക്കും': അങ്ങനെയിരിക്കെ 2015 ല്‍ യൂട്യൂബ് നീല്‍ മോഹന് ചീഫ് പ്രൊഡക്‌ട് ഓഫിസറായുള്ള ചുമതലയേല്‍പ്പിച്ചു. ഈ സമയത്താണ് ഇന്ന് യൂട്യൂബിന്‍റേതായി ഏറെ ശ്രദ്ധയാകര്‍ഷിക്കുന്നതും ജനപ്രിയമായതുമായ യൂട്യൂബ് ഷോര്‍ട്‌സിന്‍റെയും മ്യൂസിക് ആന്‍റ് സബ്‌സ്‌ക്രിപ്‌ഷന്‍ ഓഫറിങ്ങിന്‍റെയും അണിയറപ്രവര്‍ത്തനങ്ങളില്‍ നീല്‍ മോഹന്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത്. കൂടാതെ ഗൂഗിളിന് കീഴിലുള്ള ഡിസ്‌പ്ലേ ആന്‍ഡ് വീഡിയോ അഡ്വടൈസിങ്ങിന്‍റെ സീനിയര്‍ വൈസ് പ്രസിഡന്‍റായി ഏട്ട് വര്‍ഷത്തോളവും നീല്‍ മോഹന്‍ പ്രവര്‍ത്തിച്ചിരുന്നു.
ഗൂഗിളിന്‍റെയും യൂട്യൂബിന്‍റെയും നിര്‍ണായക സ്ഥാനങ്ങള്‍ അലങ്കരിച്ച് വരുന്നതിനിടെയാണ് ഗൂഗിള്‍ ആല്‍ഫബെറ്റിന്‍റെ സിഇഒയായ സുന്ദർ പിച്ചൈ, മൈക്രോസോഫ്‌റ്റ് സിഇഒ സത്യ നാദെല്ല, ഐബിഎമ്മിന്‍റെ സിഇഒ അരവിന്ദ് കൃഷ്‌ണ, അഡോബിന്‍റെ ശാന്തനു നാരായന്‍ എന്നിവരടങ്ങിയ എലീറ്റ് ക്ലബ്ബിലേക്ക് നീല്‍ മോഹനും എത്തുന്നത്.
നീല്‍ മോഹനെ കൂടാതെ വമ്പന്‍ കമ്പനികളുടെ സിഇഒമാരായ പ്രധാനികള്‍ ഇവരാണ് :
1. സുന്ദര്‍ പിച്ചൈ :ആഗോള മള്‍ട്ടിനാഷണല്‍ ടെക്‌നോളജി കമ്പനിയായ ഗൂഗിള്‍ എല്‍എല്‍സിയുടെയും ആല്‍ഫബെറ്റിന്‍റെയും സിഇഒയാണ് 47 കാരനായ സുന്ദര്‍ പിച്ചൈ. തമിഴ്‌നാട്ടിലെ മധുരയില്‍ ജനിച്ച് ഖരഗ്‌പൂര്‍ ഐഐടിയില്‍ നിന്ന് ബിരുദം നേടിയ പിച്ചൈ 2004 ല്‍ ഗൂഗിളിലൂടെയാണ് തന്‍റെ കരിയര്‍ ആരംഭിക്കുന്നത്. 2015 ല്‍ ഗൂഗിള്‍ സുന്ദര്‍ പിച്ചൈയെ സിഇഒയായി നിയമിച്ചു. അടുത്തിടെ 2019 ഡിസംബറില്‍ ഗൂഗിളിന്‍റെ മാതൃ കമ്പനിയായ ആല്‍ഫബൈറ്റിന്‍റെ സിഇഒ കസേരയിലേക്കും പിച്ചൈ ഉയര്‍ത്തപ്പെട്ടു.
2. സത്യ നാദെല്ല: കമ്പ്യൂട്ടറുകളെ ജനകീയവത്കരിക്കുന്നതില്‍ നിസ്‌തുല സ്ഥാനം വഹിച്ച മൈക്രോസോഫ്‌റ്റിന്‍റെ സിഇഒയായി സത്യ നാദെല്ല എത്തുന്നത് 2014 ലാണ്. തെലങ്കാനയിലെ ഹൈദരാബാദില്‍ ജനിച്ച സത്യ നാദെല്ല, സ്‌റ്റീവ് ബാള്‍മറുടെ പിന്‍ഗാമിയായാണ് മൈക്രോസോഫ്‌റ്റിന്‍റെ തലപ്പത്തേക്കെത്തുന്നത്. മണിപ്പാല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് ബിഇ ബിരുദവും, വിസ്കോൺസിൻ-മിൽവോക്കി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംഎസും, ഷിക്കാഗോ ബൂത്ത് സ്കൂൾ ഓഫ് ബിസിനസ് സര്‍വകലാശാലയില്‍ നിന്ന് എംബിഎ ബിരുദവും നേടിയ സത്യ നാദെല്ല 2021 ല്‍ ജോണ്‍ ഡബ്ല്യു തോംസണിന്‍റെ പിന്‍ഗാമിയായി മൈക്രോസോഫ്‌റ്റിന്‍റെ ചെയര്‍മാനുമായി.