സാന്‍ഫ്രാന്‍സിസ്കോ: വിക്കിമീഡിയന്‍സിന്‍റെ 17-ാമത് ആഗോള സമ്മേളനത്തിന് തുടക്കമായി. ഓഗസ്റ്റ് 11 മുതല്‍ 14 വരെ നടക്കുന്ന കോണ്‍ഫറന്‍സില്‍ ഈ വര്‍ഷത്തെ വിക്കീമീഡിയന്‍ അവാര്‍ഡ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. കൂടാതെ മനുഷ്യാവകാശം, കാലാവസ്ഥ വ്യതിയാനം, യുക്രൈന്‍ പ്രശ്‌നം തുടങ്ങിയ വിഷയങ്ങളില്‍ വിക്കിപീഡിയ, വിക്കിമീഡിയ എന്നിവ ആഗോള തലത്തിലുണ്ടാക്കിയ സ്വാധീനത്തെ കുറിച്ചും ചര്‍ച്ച ചെയ്യും.
വിക്കിപീഡിയയില്‍ വരുത്തേണ്ട സാങ്കേതികത മാറ്റങ്ങളെ കുറിച്ചും ചര്‍ച്ച ഉണ്ടാകും. കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്ന അംഗങ്ങള്‍ക്കായി സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കാനാണ് ഫൗണ്ടേഷന്‍റെ തീരുമാനം. പ്രാദേശിക വിക്കിമീഡിയ അഫിലിയേറ്റ് ഗ്രൂപ്പുകൾ സംഘടിപ്പിക്കുന്ന 40ലധികം വ്യക്തിഗത പരിപാടികളും ഉണ്ടാകും.
120 സെഷനുകളിലായാണ് കോണ്‍ഫറന്‍സ് നടക്കുന്നത്. ഉത്സവ പതിപ്പ് (festival edition) എന്നതാണ് ഈ വര്‍ഷത്തെ കോണ്‍ഫറന്‍സിന്‍റെ തീം. ഓഗസ്റ്റ് 13 ശനിയാഴ്‌ച, ആഫ്രിക്കൻ ഭൂഖണ്ഡത്തിലുള്ളവരെ സംബോധന ചെയ്‌തുകൊണ്ടാണ് സമ്മേളനം നടക്കുക. ദക്ഷിണാഫ്രിക്കയുടെ തനത് കലാരൂപങ്ങള്‍ കോണ്‍ഫറന്‍സില്‍ അവതരിപ്പിക്കും.
ആഫ്രിക്കന്‍ യുവാക്കളെ ഉള്‍പ്പെടുത്തി കൊണ്ടുള്ള സെഷനും ഇന്ന് നടക്കുന്നുണ്ട്. വിക്കിപീഡിയ, വിക്കിമീഡിയ പ്രൊജക്‌ടുകളിലൂടെ കാലാവസ്ഥ പ്രശ്‌നങ്ങൾ പരിഹരിക്കാൻ നൈജീരിയൻ സന്നദ്ധപ്രവർത്തകർ നടത്തിയ മുന്നേറ്റങ്ങളെക്കുറിച്ചുള്ള ചർച്ചയും ഇന്ന് നടക്കും. എല്ലാവര്‍ഷവും നൂറുകണക്കിന് വിക്കിമീഡിയന്‍സാണ് ഗ്ലോബല്‍ മിക്കിമാനിയ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നത്.
കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണത്തെ കോണ്‍ഫറന്‍സ് മികച്ചതാകുമെന്ന കണക്കുകൂട്ടലിലാണ് വിക്കിമീഡിയ ഫൗണ്ടേഷന്‍. കൊവിഡ് 19നു ശേഷമുള്ള കോണ്‍ഫറന്‍സ് ആയതിനാല്‍ അംഗങ്ങള്‍ക്ക് കൂടുതല്‍ ആസ്വാദ്യകരമായ രീതിയിലാണ് കോണ്‍ഫറന്‍സിന്‍റെ സജ്ജീകരണം. ഒരേസമയം 13 ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്‌ത്, സെഷനുകളുടെ തത്സമയ സംപ്രേഷണവും ഒരുക്കിയിട്ടുണ്ട്.