മുംബൈ :രണ്ടാഴ്‌ചയായി തുടരുന്ന നഷ്‌ടത്തിലുള്ള പ്രയാണം ഇന്ത്യന്‍ ഓഹരി വിപണി അവസാനിപ്പിച്ചു. ജൂണ്‍ 24ന് വ്യാപാരം അവസാനിച്ച ആഴ്‌ചയാണ് സെന്‍സെക്‌സും നിഫ്റ്റിയും ശ്രദ്ധേയമായ പ്രകടനം കാഴ്‌ചവച്ചത്. സെന്‍സെക്‌സ് 1,367 പോയിന്‍റാണ് ഈ ആഴ്‌ച വര്‍ധിച്ചത്.
പ്രധാനപ്പെട്ട ആഗോള ഓഹരി വിപണികള്‍ ഉയര്‍ന്നതും അന്താരാഷ്ട്ര എണ്ണവില കുറഞ്ഞതും ഇന്ത്യന്‍ ഓഹരി നിക്ഷേപകരില്‍ ആത്‌മവിശ്വാസം സൃഷ്‌ടിക്കുകയായിരുന്നു. നേട്ടത്തോടെയാണ് ഈ ആഴ്‌ച ഇന്ത്യന്‍ ഓഹരി വിപണി ആരംഭിച്ചത്.
തിങ്കളാഴ്‌ച ബോംബെ ഓഹരിവിപണിയുടെ സെന്‍സെക്‌സ് സൂചിക 237.42 പോയിന്‍റുകളും ദേശീയ ഓഹരിവിപണിയുടെ നിഫ്‌റ്റി 56.65 പോയിന്‍റുകളുമാണ് വര്‍ധിച്ചത്. പ്രധാനപ്പെട്ട മുപ്പത് കമ്പനികളുടെ ഓഹരികള്‍ അടങ്ങിയ സെന്‍സെക്‌സ് സൂചിക ഈ ആഴ്‌ച വ്യാപാരം അവസാനിപ്പിച്ചത് 52,727.98പോയിന്‍റിലാണ്.
1,367.56 പോയിന്‍റുകളുടെ(2.66 ശതമാനം) വര്‍ധനവാണ് സെന്‍സെക്‌സില്‍ രേഖപ്പെടുത്തിയത്. നിഫ്‌റ്റി 15,699.25പോയിന്‍റിലാണ് ഈ ആഴ്‌ച വ്യാപാരം അവസാനിപ്പിച്ചത്. നിഫ്‌റ്റിക്ക് ഈ ആഴ്‌ച 405.8 പോയിന്‍റിന്‍റെ (2.65ശതമാനം) വര്‍ധനവാണ് ഉണ്ടായത്.
കഴിഞ്ഞ രണ്ടാഴ്‌ചത്തെ വലിയ വില്‍പ്പന സമ്മര്‍ദത്തിന് ശേഷം ഈ ആഴ്‌ച ഇന്ത്യന്‍ ഓഹരിവിപണി കരകയറുകയായിരുന്നു. ജൂണ്‍ 17ന് വ്യാപാരം അവസാനിച്ച ആഴ്‌ച സെന്‍സെക്‌സ് 2,943.02 പോയിന്‍റുകളാണ് (5.41 ശതമാനം) ഇടിഞ്ഞത്. നിഫ്‌റ്റി ആ ആഴ്‌ച ഇടിഞ്ഞത് 908.3 പോയിന്‍റുകളാണ്( 5.6 ശതമാനം). 2020 മെയ് മാസത്തിന് ശേഷം ഇന്ത്യന്‍ ഓഹരി വിപണിയിലെ ഓരാഴ്‌ചയിലെ ഏറ്റവും വലിയ ഇടിവായിരുന്നു ഇത്.
"മുൻ ആഴ്‌ചകളിലുണ്ടായ വലിയ ഇടിവിന് ശേഷം ആഗോള ഓഹരി വിപണിയിലെ സൂചികകളോടൊപ്പം സെന്‍സെക്‌സും നിഫ്റ്റിയും ശ്രദ്ധേയമായ നേട്ടമുണ്ടാക്കുകയായിരുന്നു. അസംസ്‌കൃത എണ്ണ ഉള്‍പ്പടെയുള്ള ചരക്കുകള്‍ക്ക് അന്താരാഷ്ട്ര വിപണിയില്‍ വില കുറഞ്ഞത് നിക്ഷേപകരില്‍ ആത്മവിശ്വാസം ജനിപ്പിച്ചു"- കൊടേക് സെക്യൂരിറ്റീസിലെ ടെക്‌നിക്കല്‍ ഡെപ്യൂട്ടി വൈസ് പ്രസിഡന്‍റ് അമോല്‍ അത്തേവാല പറഞ്ഞു.
കഴിഞ്ഞ ആഴ്‌ചകളിലെ വില്‍പ്പന സമ്മര്‍ദ്ദം കാരണം പല ഓഹരികളുടേയും വില കുറഞ്ഞത് നിക്ഷേപകര്‍ കൂടുതലായി ഈ ഓഹരികള്‍ വാങ്ങാന്‍ കാരണമായി. മെറ്റല്‍, ഓയില്‍ ആന്‍ഡ് ഗ്യാസ്, ബാങ്കിങ്, ഊര്‍ജ ഉത്പാദന കമ്പനികള്‍ എന്നിവയുടെ ഓഹരികളും ഇങ്ങനെ കൂടുതലായി വാങ്ങപ്പെട്ടു. വരും ആഴ്‌ചകളില്‍ ഓഹരി വിപണിയില്‍ ഏറ്റക്കുറച്ചിലുകള്‍ അനുഭവപ്പെടാനാണ് സാധ്യതയെന്നാണ് വിലയിരുത്തപ്പെടുന്നത്.
ആഗോള തലത്തില്‍ പലിശ നിരക്കും പണപ്പെരുപ്പ നിരക്കും ഉയര്‍ന്ന് നില്‍ക്കുന്നത് ആഗോള മാന്ദ്യത്തിലേക്ക് എന്നുള്ള ആശങ്കയാണ് ഉയര്‍ത്തുന്നത്. ഇത് തന്നെയാണ് നിക്ഷേപകരുടെ ആത്‌മവിശ്വാസം കുറയ്‌ക്കുന്നത്. ഈ വര്‍ഷം അവസാനം വരെ ഇന്ത്യയിലെ ഉപഭോക്‌തൃ വില സൂചിക ആറ് ശതമാനത്തില്‍ കൂടുതലായി തുടരുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്‌തികാന്ത് ദാസ് പറഞ്ഞിരുന്നു.
റിസര്‍വ് ബാങ്ക് ലക്ഷ്യംവയ്ക്കുന്ന ഉപഭോക്തൃ വില സൂചികയുടെ അങ്ങേ തലയ്‌ക്കുള്ളതാണ് ആറ് ശതമാനം. രണ്ട് ശതമാനത്തിനും ആറ് ശതമാനത്തിനും ഇടയില്‍ ഉപഭോക്തൃ വില സൂചിക നില നിര്‍ത്തണമെന്നാണ് ആര്‍ബിഐ ലക്ഷ്യമിടുന്നത്. ഉയര്‍ന്ന പണപ്പെരുപ്പം പിടിച്ചുനിര്‍ത്തുന്നതിനായി ആര്‍ബിഐ കഴിഞ്ഞ മെയ് മുതല്‍ റിപ്പോ റേറ്റില്‍ രണ്ടുതവണയായി വരുത്തിയിരിക്കുന്ന വര്‍ധന 0.9 ശതമാനമാണ്.
യുഎസിലും കഴിഞ്ഞ നാല്‍പ്പത് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വില വര്‍ധനവ് കാരണം പലിശ നിരക്കില്‍ മുക്കാല്‍ ശതമാനത്തിന്‍റെ വര്‍ധനവാണ് വരുത്തിയത്. കഴിഞ്ഞ 28 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന യുഎസ് ഫെഡറല്‍ റിസര്‍വിന്‍റെ പലിശ വര്‍ധനവായിരുന്നു ഇത്.
യുഎസ് അടക്കമുള്ള രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകള്‍ പലിശ നിരക്ക് വര്‍ധിപ്പിച്ചത് സാമ്പത്തിക വളര്‍ച്ച ഹ്രസ്വകാല ഘട്ടത്തില്‍ കുറയുമെന്ന ആശങ്കയുണ്ടെങ്കിലും നടപടി പണപ്പെരുപ്പം കുറയുന്നതിലേക്ക് നയിക്കും. ചരക്കുകളുടെ വിലയില്‍ ഇത് പ്രതിഫലിച്ച് തുടങ്ങിയിട്ടുണ്ട്. ഈ ഒരു സാഹചര്യം ഓഹരിവിപണിയില്‍ കൂടുതല്‍ സ്ഥിരത വരുത്തുമെന്ന് വിദഗ്‌ധര്‍ വിലയിരുത്തുന്നു.