മുംബൈ: മുംബൈ-ഗോവ കൊങ്കണ്‍ പാതയില്‍ വിസ്‌റ്റഡോം ട്രെയിനുകളുടെ ജനപ്രീതി വര്‍ധിപ്പിക്കാന്‍ സെന്‍ട്രല്‍ റെയില്‍വേ ഒരുങ്ങുന്നു. റൂട്ടിലെ പ്രീമിയം ട്രെയിനുകളിലൊന്നായ ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് (സിഎസ്‌എംടി)-മഡ്‌ഗാവ് തേജസ് എക്‌സ്‌പ്രസിലേക്കാണ് ഒരു വിസ്റ്റഡോം കോച്ച് കൂടി ഘടിപ്പിക്കാൻ സെൻട്രൽ റെയിൽവേ (സിആർ) പദ്ധതിയിടുന്നത്. 2022 അവസാനത്തോടെ പദ്ധതി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മധ്യ റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി.
പദ്ധതി നടപ്പായാല്‍ വിസ്‌റ്റാഡോം കോച്ച് ട്രെയിന് പിന്‍ഭാഗത്തായി ഘടിപ്പിച്ച് യാത്ര നടത്തുന്ന ആദ്യ ട്രെയിനായും സിഎസ്‌എംടി-മഡ്‌ഗാവ് ജനശതാബ്‌ദി എക്‌സ്‌പ്രസ് മാറും. 2018-ൽ ആണ് മുംബൈ-ഗോവ റൂട്ടിൽ സെന്‍ട്രല്‍ റയില്‍വേ ആദ്യത്തെ വിസ്‌റ്റഡോം കോച്ച് അവതരിപ്പിച്ചത്. തുടര്‍ന്ന് ലഭിച്ച വന്‍ ജനപ്രീതിക്ക് ശേഷം 2021 ജൂണ്‍ 26 മുതല്‍ സെന്‍ട്രല്‍ റെയില്‍വേ മുംബൈ-പൂനെ റൂട്ടിൽ ഡെക്കാൻ എക്‌സ്‌പ്രസ് ട്രെയിനിലും വിസ്‌റ്റഡോം കോച്ചുകൾ ഘടിപ്പിച്ചു.
അതും യാത്രക്കാര്‍ ഏറ്റെടുത്തതിന് പിന്നാലെയാണ് ഡെക്കാൻ ക്വീനിലും പ്രഗതി എക്‌സ്‌പ്രസിലും ഇത്തരം കോച്ചുകള്‍ ഘടിപ്പിച്ചത്. നിലവില്‍ മധ്യ റെയില്‍വേയുടെ കീഴില്‍ അഞ്ച് ട്രെയിനുകളാണ് വിസ്‌റ്റഡോം കോച്ചുകള്‍ ഘടിപ്പിച്ച് സര്‍വിസ് നടത്തുന്നത്. മൂന്ന് ട്രെയിനുകൾ മുംബൈ-പൂനെ റൂട്ടിലും ഓരോ ട്രെയിനുകൾ പൂനെ-സെക്കന്തരാബാദ്, മുംബൈ-മഡ്‌ഗാവ് എന്നിവിടങ്ങളിലുമാണ് സർവിസ് നടത്തുന്നത്.