കേരളം

kerala

ETV Bharat / business

121.5 മില്യൺ യുഎസ് ഡോളർ റീഫണ്ട്, 1.4 മില്യൺ ഡോളർ പിഴ; എയർ ഇന്ത്യയ്‌ക്കെതിരെ നടപടിയുമായി യുഎസ്

വിമാനങ്ങൾ റദ്ദാക്കുകയോ മാറ്റം വരുത്തുകയോ ചെയ്യുമ്പോൾ യാത്രക്കാർക്ക് തുക തിരിച്ചുനൽകുന്നതിലെ കാലതാമസം കണക്കിലെടുത്താണ് എയർ ഇന്ത്യയ്‌ക്കെതിരായ യുഎസ് ഗതാഗത വകുപ്പിന്‍റെ നടപടി.

US orders Air India to pay refund and fine  US fines Air India  Air India US  tata air india  ടാറ്റ എയർ ഇന്ത്യ  എയർ ഇന്ത്യ പിഴ  എയർ ഇന്ത്യ റീഫണ്ട്  എയർ ഇന്ത്യ  എയർ ഇന്ത്യയ്‌ക്കെതിരെ നടപടിയുമായി യുഎസ്  യുഎസ് ഗതാഗത വകുപ്പ്
എയർ ഇന്ത്യയ്‌ക്കെതിരെ നടപടിയുമായി യുഎസ്

By

Published : Nov 15, 2022, 1:43 PM IST

Updated : Nov 15, 2022, 4:57 PM IST

വാഷിങ്ടൺ: 121.5 മില്യൺ ഡോളർ റീഫണ്ട് ആയും 1.4 മില്യൺ ഡോളർ പിഴയായും നൽകാൻ ടാറ്റ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയോട് ഉത്തരവിട്ട് യുഎസ്. വിമാനങ്ങൾ റദ്ദാക്കുകയോ മാറ്റം വരുത്തുകയോ ചെയ്യുമ്പോൾ, പ്രത്യേകിച്ച് കൊവിഡ് കാലത്ത്, യാത്രക്കാർക്ക് തുക തിരിച്ചുനൽകുന്നതിലെ കാലതാമസം കണക്കിലെടുത്താണ് നടപടി. റീഫണ്ടായി 600 മില്യൺ ഡോളറിലധികം തുക നൽകാമെന്ന് സമ്മതിച്ച ആറ് വിമാനക്കമ്പനികളിൽ ഒന്നാണ് എയർ ഇന്ത്യയെന്ന് യുഎസ് ഗതാഗത വകുപ്പ് തിങ്കളാഴ്‌ച അറിയിച്ചിരുന്നു.

അഭ്യർഥിക്കുന്നതനുസരിച്ച് യാത്രക്കാർക്ക് പണം തിരികെ നൽകൽ എന്ന എയർ ഇന്ത്യയുടെ നയം ഗതാഗത വകുപ്പിന്‍റെ നയത്തിന് വിരുദ്ധമാണ്. വിമാനം റദ്ദാക്കുകയോ മാറ്റം വരുത്തുകയോ ചെയ്‌താൽ നിർബന്ധമായും വിമാനക്കമ്പനികൾ നിയമപരമായി ടിക്കറ്റുകളുടെ തുക തിരികെ നൽകണമെന്നതാണ് യുഎസ് ഗതാഗത വകുപ്പിന്‍റെ നയം.

ടാറ്റ ഗ്രൂപ്പ് എയര്‍ ഇന്ത്യ ഏറ്റെടുക്കുന്നതിന് മുമ്പുള്ള കേസുകളിലാണ് യുഎസ് ഇപ്പോള്‍ പണം തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വിമാനം റദ്ദാക്കിയതോ കാര്യമായ മാറ്റം വരുത്തിയതോ ആയ കേസുകളിൽ ഗതാഗത വകുപ്പുകളിൽ സമർപ്പിച്ച 1900 റീഫണ്ട് പരാതികളിൽ പകുതിയിലേറെയും നടപടിയെടുക്കാൻ എയർ ഇന്ത്യ 100 ദിവസത്തിലേറെ സമയമെടുത്തു എന്ന് ഔദ്യോഗിക അന്വേഷണത്തിൽ വ്യക്തമായിരുന്നു. എന്നാൽ വിമാനക്കമ്പനിയിൽ നേരിട്ട് സമർപ്പിച്ച പരാതികളിൽ എത്ര ദിവസത്തിന് ശേഷം നടപടിയെടുത്തു എന്നത് സംബന്ധിച്ച വിവരങ്ങൾ നൽകാൻ എയർ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല.

എയർ ഇന്ത്യയുടെ പ്രഖ്യാപിത റീഫണ്ട് നയം കണക്കിലെടുക്കാതെ തന്നെ, യഥാസമയം റീഫണ്ട് നൽകാൻ എയർ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടില്ല. റീഫണ്ട് ലഭ്യമാകുന്നതിലുണ്ടായ കാലതാമസം ഉപഭോക്താക്കളെ ദോഷകരമായി ബാധിച്ചുവെന്ന് യുഎസ് ഗതാഗത വകുപ്പ് അറിയിച്ചു.

പിഴ ചുമത്തിയത് ആറ് വിമാനക്കമ്പനികൾക്ക്: ഫ്രണ്ടിയർ, ടിഎപി പോർച്ചുഗൽ, എയ്‌റോ മെക്‌സികോ, ഇഐ എഐ, അവിയാൻക എന്നിവയാണ് പിഴ ചുമത്തിയ മറ്റ് വിമാനക്കമ്പനികൾ. 222 മില്യൺ യുഎസ് ഡോളർ റീഫണ്ടും 2.2 മില്യൺ യുഎസ് ഡോളർ പിഴയും നൽകണമെന്നാണ് ഫ്രണ്ടിയർ വിമാനക്കമ്പനിയോട് ഉത്തരവിട്ടിരിക്കുന്നത്. 126.5 മില്യൺ യുഎസ് ഡോളർ റീഫണ്ടും 1.1 ദശലക്ഷം യുഎസ് ഡോളർ പിഴയും നൽകണമെന്നാണ് ടിഎപി പോർച്ചുഗലിനുള്ള നിർദേശം. 76.8 ദശലക്ഷം യുഎസ് ഡോളർ റീഫണ്ടും 750,000 യുഎസ് ഡോളർ പിഴയും അവിയാൻകയ്ക്ക് ചുമത്തി. ഇഐ എഐ റീഫണ്ടായി 61.9 ദശലക്ഷം യുഎസ് ഡോളറും പിഴയായി 900,000 യുഎസ് ഡോളറും നൽകണം. 13.6 ദശലക്ഷം യുഎസ് ഡോളർ റീഫണ്ടും 900,00 യുഎസ് ഡോളർ പിഴയും എയ്‌റോ മെക്‌സികോ നൽകണം.

ഇതോടെ 2022ൽ ഏവിയേഷൻ കൺസ്യൂമർ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്‌മെന്‍റ് ഈടാക്കിയ പിഴ തുക 8.1 മില്യൺ യുഎസ് ഡോളർ ആണ്. ഇത് ഒരു വർഷം ഏർപ്പെടുത്തിയ ഏറ്റവും വലിയ പിഴത്തുകയാണ്.

വിമാനക്കമ്പനികൾ യുഎസിൽ നിന്നും, യുഎസിലേക്കും, യുഎസിലെ ആഭ്യന്തര സർവിസിലും വിമാനം റദ്ദാക്കുകയോ കാര്യമായ മാറ്റം വരുത്തുകയോ ചെയ്‌താൽ കമ്പനികൾ നൽകുന്ന ബദൽ മാർഗം ഉപഭോക്താവിന് സ്വീകാര്യമല്ലെങ്കിൽ പണം തിരികെ നൽകാൻ എയർലൈനുകൾക്കും ടിക്കറ്റ് ഏജന്‍റുമാർക്കും നിയമപരമായ ബാധ്യതയുണ്ട് എന്നതാണ് യുഎസ് നിയമം. റീഫണ്ടിന് പകരം വൗച്ചറുകൾ നൽകുന്നത് നിയമവിരുദ്ധമാണെന്നും ഗതാഗത വകുപ്പ് അറിയിച്ചു.

വിമാനം റദ്ദാക്കുകയാണെങ്കിൽ റീഫണ്ട് ആവശ്യപ്പെടുന്ന യാത്രക്കാർക്ക് ഉടൻ പണം തിരികെ നൽകണം. യാത്രക്കാര്‍ റീഫണ്ടിന് ആവശ്യപ്പെട്ടാല്‍ അത് പെട്ടെന്ന് തിരികെ നല്‍കണം. അത് ചെയ്‌തില്ലെങ്കില്‍ ഞങ്ങള്‍ നടപടി സ്വീകരിക്കും. ഫ്ലൈറ്റ് റദ്ദാക്കുന്നത് നിരാശാജനകമാണ്. റീഫണ്ട് ലഭിക്കുന്നതിന് യാത്രക്കാർ വിലപേശുകയോ മാസങ്ങളോളം കാത്തിരിക്കുകയോ ചെയ്യേണ്ടതില്ല എന്നും യുഎസ് ഗതാഗത സെക്രട്ടറി പീറ്റ് ബട്ടിഗീഗ് പറഞ്ഞു.

Last Updated : Nov 15, 2022, 4:57 PM IST

ABOUT THE AUTHOR

...view details