ന്യൂഡൽഹി:യുപിഐ (യൂണിഫൈഡ് പേയ്‌മെന്‍റ് ഇന്‍റർഫേസ്) ഇടപാടുകളുടെ മൂല്യം സെപ്റ്റംബറിൽ 11 ലക്ഷം കോടി കടന്നതായി നാഷണൽ പേയ്‌മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൻപിസിഐ) കണക്കുകൾ. 2016ൽ ആരംഭിച്ച പ്ലാറ്റ്‌ഫോമിൽ ഈ മാസം 678 കോടി ഇടപാടുകൾ നടന്നു. 2022 മെയ് മാസം യുപിഐ വഴിയുള്ള പേയ്‌മെന്‍റ് 10 ലക്ഷം കോടി കവിഞ്ഞു. കഴിഞ്ഞ മാസം 10.72 ലക്ഷം കോടി രൂപയുടെ 657.9 കോടി ഇടപാടുകളാണ് നടന്നത്.
'ഇന്‍റർ-ബാങ്ക് പിയർ-ടു-പിയർ' (inter-bank peer-to-peer) ഇടപാടുകൾ സുഗമമാക്കുന്ന ഒരു തൽക്ഷണ തത്സമയ പേയ്‌മെന്‍റ് സംവിധാനമാണ് യുപിഐ. ലളിതമായ ഘട്ടങ്ങളിലൂടെ മൊബൈൽ വഴിയാണ് ഇടപാട്. കൂടാതെ ഇതുവരെയുള്ള യുപിഐ ഇടപാടിന് നിരക്കുകളൊന്നും ബാധകമല്ല. മാത്രമല്ല രാജ്യം ഏതാണ്ട് പണരഹിത സമ്പദ്‌വ്യവസ്ഥയായി മാറുന്നതിൽ യുപിഐ ഒരു പ്രധാന പങ്ക് വഹിച്ചു.