പൂനെ: രാജ്യത്ത് ഡിജിറ്റല്‍ പണമിടപാട് സംവിധാനങ്ങള്‍ സാധ്യമല്ലെന്ന് പറഞ്ഞവര്‍ക്ക് തെറ്റുപറ്റിയെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇന്ത്യയിലെ ഡിജിറ്റൽ പേയ്‌മെന്‍റ് സംവിധാനങ്ങളുടെ വിജയം ഇക്കാര്യം വ്യക്തമാക്കുന്നുവെന്നും ധനമന്ത്രി പറഞ്ഞു. 'മോദി ഭരണത്തിന്‍റെ 20 വര്‍ഷങ്ങള്‍' എന്ന സമ്മേളനത്തിലായിരുന്നു നിര്‍മല സീതാരാമന്‍റെ പ്രതികരണം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണമികവും ജനങ്ങളിലുള്ള വിശ്വാസവുമാണ് വിജയത്തിന് കാരണമായത്. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ രാജ്യം അടച്ചുപൂട്ടലിലേക്ക് നീങ്ങിയപ്പോള്‍ ജനങ്ങള്‍ക്ക് ഒരു ബട്ടണ്‍ ക്ലിക്കില്‍ തന്നെ അവരുടെ അക്കൗണ്ടുകളില്‍ നിന്ന് പണം ലഭിച്ചുവെന്നും ധനമന്ത്രി പറഞ്ഞു.
Also Read:സൈബര്‍ തട്ടിപ്പില്‍ മുന്നറിയിപ്പുമായി ബാങ്കുകള്‍; സ്വീകരിക്കേണ്ട മുന്‍കരുതല്‍ എന്തൊക്കെ?
ബാങ്കിലേക്ക് നേരിട്ട് ചെല്ലാന്‍ കഴിയാത്തവര്‍ക്കും ബാങ്കിടപാട് അറിയാത്തവര്‍ക്കും ബാങ്ക് മിത്ര വഴി നേരിട്ട് പണം ലഭിച്ചുവെന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. ഇതേസമയത്ത് ചില വികസിത സമ്പദ് വ്യവസ്ഥകള്‍ ചെക്കുകള്‍ എഴുതി കവറിലാക്കി പോസ്‌റ്റല്‍ വഴിയാണ് ആളുകള്‍ക്ക് പണമയച്ചിരുന്നത്.
ഇന്‍റർനെറ്റ് കണക്‌റ്റിവിറ്റി മോശമായ പ്രദേശങ്ങളില്‍ ഇലക്‌ട്രോണിക് പണമിടപാടുകള്‍ എങ്ങനെ പ്രവര്‍ത്തിക്കുമെന്നതില്‍ നിരവധി സംശയങ്ങള്‍ ഉയര്‍ന്നിരുന്നുവെന്നും എന്നാല്‍ കൊവിഡ് മഹാമാരിക്കാലത്ത് പോലും യുപിഐ പണമിടപാടുകളിലൂടെ ഇന്ത്യ ലോകത്തെ നയിക്കുകയാണെന്നും ധനമന്ത്രി പറഞ്ഞു. 'നമ്മുടെ ജനങ്ങളെ വിശ്വസിക്കൂ, നമ്മുടെ വ്യവസായങ്ങളെ വിശ്വസിക്കൂ, നമ്മുടെ സ്‌ത്രീകളെ വിശ്വസിക്കൂ, നമ്മുടെ കുടുംബങ്ങളെ വിശ്വസിക്കൂ' എന്നിങ്ങനെയുള്ള മോദിയുടെ ഭരണ സമീപനമാണ് ഈ മാറ്റങ്ങള്‍ക്ക് കാരണമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.