ന്യൂഡല്‍ഹി: കൊച്ചി അടക്കമുള്ള ആറ് നഗരങ്ങളിലേക്ക് കൂടി റിസര്‍വേഷന്‍ സൗകര്യം വ്യാപിപ്പിച്ച് ഓണ്‍ലൈന്‍ റൈഡിങ് ആപ്പായ ഊബര്‍. ചണ്ഡീഗഡ്, അഹമ്മദാബാദ്, ജയ്‌പൂർ, ലഖ്‌നൗ, ഗുവാഹത്തി തുടങ്ങിയവയാണ് മറ്റ് നഗരങ്ങള്‍. യാത്രക്കാര്‍ക്ക് അവരുടെ റൈഡുകള്‍ യാത്രക്ക് 30 മിനിറ്റ് മുതല്‍ 90 ദിവസം മുമ്പ് വരെ മുന്‍കൂട്ടി ബുക്ക് ചെയ്യാനുള്ള ഓപ്‌ഷന്‍ റിസര്‍വേഷനിലൂടെ ലഭിക്കുന്നു.
മുന്‍കൂട്ടി ബുക്ക് ചെയ്‌ത റൈഡുകള്‍ക്ക് പണം അടക്കാനുള്ള (കാഷ് പേമെന്‍റ്) സൗകര്യവും ഊബര്‍ റിസര്‍വില്‍ ലഭ്യമാണെന്ന് കമ്പനി പ്രസ്‌താവനയില്‍ പറയുന്നു. ഊബര്‍ ആപ്ലിക്കേഷന്‍റെ ഏറ്റവും പുതിയ പതിപ്പില്‍ ഇപ്പോള്‍ റിസര്‍വ് എന്ന പുതിയ ഓപ്‌ഷനും ദൃശ്യമാണ്. ഊബര്‍ പ്രീമിയര്‍, ഊബര്‍ ഇന്‍റര്‍സിറ്റി, ഊബര്‍ റെന്‍റല്‍സ്, ഊബര്‍ എക്‌സ്‌എല്‍ എന്നിവയില്‍ പുതിയ ഓപ്‌ഷന്‍ ലഭ്യമാണ്.
നേരത്തെ ചില നഗരങ്ങളിലും ഊബര്‍ തങ്ങളുടെ റിസര്‍വ് സൗകര്യം ലഭ്യമാക്കിയിരുന്നു. മുംബൈ, ബെംഗളൂരു, ഡൽഹി-എൻസിആർ, കൊൽക്കത്ത, ചെന്നൈ, പൂനെ, ഹൈദരാബാദ്, കൊച്ചി, ചണ്ഡിഗഡ്, അഹമ്മദാബാദ്, ജയ്‌പൂർ, ലഖ്‌നൗ, ഗുവാഹത്തി എന്നീ 13 നഗരങ്ങളില്‍ നിലവില്‍ ഊബറിന്‍റെ റിസര്‍വേഷന്‍ സൗകര്യം ലഭ്യമാണ്. ജോലി സംബന്ധമായ യാത്രകള്‍, എയർപോർട്ട് യാത്രകള്‍, ഡോക്‌ടറെ സന്ദർശിക്കല്‍, മറ്റ് ഷെഡ്യൂൾ ചെയ്‌ത അപ്പോയിന്‍റ്‌മെന്‍റുകൾ എന്നിവയുൾപ്പെടെ മുൻകൂട്ടി ആസൂത്രണം ചെയ്‌ത യാത്ര ആവശ്യങ്ങൾ കണക്കിലെടുത്താണ് തങ്ങള്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത് എന്ന് ഊബര്‍ കമ്പനി വ്യക്തമാക്കി.
'റിസർവ് സൗകര്യം ഉപയോഗിച്ച്, യാത്രക്കാര്‍ക്ക് റൈഡുകള്‍ ഉറപ്പാക്കാനും യാത്ര ബുക്കിങ് സംബന്ധിച്ച ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനും മുന്‍കൂട്ടിയുള്ള ബുക്കിങ് സഹായിക്കും. മുന്‍കൂട്ടി ബുക്ക് ചെയ്‌ത ട്രിപ്പുകളില്‍ നിന്ന് യോജിച്ചവ തെരഞ്ഞെടുക്കാന്‍ ഡ്രൈവര്‍മാരെയും റിസര്‍വ് സഹായിക്കുന്നു' -ഊബര്‍ ഇന്ത്യ പ്രസിഡന്‍റ് പ്രഭ്‌ജീത് സിങ് പറഞ്ഞു.