ന്യൂഡല്‍ഹി:2,000രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കാനുള്ള റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (Reserve Bank Of India- RBI) പ്രഖ്യാപനം അപ്രതീക്ഷിതമായിരുന്നു. മെയ് 19ന് നോട്ടുകള്‍ പിന്‍വലിക്കുമെന്ന അറിയിപ്പ് വന്നെങ്കിലും അവ മാറ്റിയെടുക്കാന്‍ സെപ്റ്റംബര്‍ 30 വരെ സാവകാശവും ആര്‍ബിഐ (RBI) നോട്ടുകള്‍ കൈവശമുള്ളവര്‍ക്ക് നല്കി. നോട്ട് പിന്‍വലിക്കുന്നുവെന്ന തീരുമാനം ഉണ്ടായതിന് പിന്നാലെ ഇപ്പോള്‍ ചില കണക്കുകള്‍ പുറത്തുവിട്ടിരിക്കുകയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (State Bank Of India) സാമ്പത്തിക ഗവേഷണ വിഭാഗം.
ആര്‍ബിഐ പ്രഖ്യാപനത്തിന് ശേഷം രാജ്യത്തെ ബാങ്ക് നിക്ഷേപങ്ങളില്‍ വലിയ വര്‍ധനവ് ഉണ്ടായതായാണ് എസ്ബിഐ റിപ്പോര്‍ട്ട്. ആര്‍ബിഐ തീരുമാനം വന്ന് 15 ദിവസത്തിനുള്ളിലാണ് ബാങ്ക് നിക്ഷേപങ്ങളില്‍ ഇത്രയധികം വര്‍ധനവ് ഉണ്ടായിരിക്കുന്നത്. ഇക്കാലയളവില്‍ ബാങ്കുകളിലേക്ക് ഏകദേശം 3.08 ലക്ഷം കോടി രൂപ മൂല്യം വരുന്ന രണ്ടായിരത്തിന്റെ നോട്ടുകള്‍ നിക്ഷേപിക്കപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
2000 നോട്ടുകള്‍ പിന്‍വലിക്കുന്നതിനെ കുറിച്ചുള്ള പ്രഖ്യാപനം വന്ന സമയത്ത് ഇവയുടെ ആകെ മൊത്തമൂല്യം 3.62 ലക്ഷം കോടി രൂപയായിരുന്നു. എന്നാല്‍, ഇതിനോടകം ഈ തുകയില്‍ 85 ശതമാനവും ബാങ്കുകളിലേക്ക് നിക്ഷേപിക്കപ്പെട്ടുവെന്നാണ് എസ്ബിഐ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. നിലവില്‍, 54,000 കോടി വിലമതിക്കുന്ന 2,000 രൂപയുടെ നോട്ടുകള്‍ ചെറിയ മൂല്യമുള്ള നോട്ടുകളാക്കി മാറ്റിയിട്ടുണ്ട്. ഈ സമയത്ത് ബാങ്ക് നിക്ഷേപം കൂടുതലായി നടന്നത് സേവിങ്സ് അക്കൗണ്ടുകളിലേക്ക് അല്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാണ്.
40 ശതമാനം തുകയും കറന്റ് അക്കൗണ്ടുകളിലേക്ക്:ബാങ്കുകളിലേക്ക് എത്തിയ ആകെ 3.08 ലക്ഷം കോടിയുടെ നിക്ഷേപങ്ങളില്‍ 1.23 കോടിയും കറന്റ് അക്കൗണ്ടുകളിലേക്കാണ് എത്തിയത്. ഇത് ആകെ തുകയുടെ 40 ശതമാനമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മൊത്ത നിക്ഷേപത്തിന്റെ 30 ശതമാനം തുകയായ 92,000 കോടിയുടെ നിക്ഷേപങ്ങളാണ് സേവിങ്സ് അക്കൗണ്ടുകളിലേക്ക് (Savings Account) എത്തിയിട്ടുള്ളത്.