സാൻഫ്രാൻസിസ്കോ :പ്രമുഖ മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്റർ സെൻസിറ്റീവ് ഉള്ളടക്കങ്ങൾ കാണുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുന്നു. പ്രായപൂർത്തിയാകാത്തവരെ സെൻസിറ്റീവായ കാര്യങ്ങൾ കാണുന്നതിൽ നിന്ന് തടയുക എന്ന ലക്ഷ്യത്തോടെയാണ് ട്വിറ്ററിന്‍റെ പുതിയ നീക്കം. ഇനിമുതൽ ഇത്തരം വീഡിയോകളോ ചിത്രങ്ങളോ കാണുന്നതിന് പ്രായം തെളിയിക്കുന്ന രേഖകൾ ട്വിറ്റർ ആവശ്യപ്പെടും.
'18 വയസായോ'; സെൻസിറ്റീവ് ഉള്ളടക്കങ്ങൾ കാണുന്നതിന് ജനന തീയതി ആവശ്യപ്പെട്ട് ട്വിറ്റർ
പ്രായപൂർത്തിയാകാത്തവർ സെൻസിറ്റീവായ കാര്യങ്ങൾ കാണുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ട്വിറ്റർ പുതിയ ഫീച്ചർ അവതരിപ്പിക്കുന്നത്
അക്കൗണ്ടിൽ ജനനതീയതി രേഖപ്പെടുത്തിയിട്ടില്ലാത്തതും 18 വയസ് തികയാത്തതുമായ ഉപയോക്താക്കൾക്ക് സെൻസിറ്റീവ് ഉള്ളടക്കങ്ങൾ കാണാൻ സാധിക്കാത്ത തരത്തിലുള്ള ഫീച്ചർ പുറത്തിറക്കാനാണ് ട്വിറ്ററിന്‍റെ ശ്രമമെന്നാണ് വിവരം. ഉപയോക്‌താക്കൾക്ക് സുരക്ഷിതമായി ട്വിറ്റർ ഉപയോഗിക്കാനുള്ള അവസരം നൽകുന്നതിനാണ് ഞങ്ങൾ ശ്രമിക്കുന്നതെന്നും കമ്പനി വക്താവ് പറഞ്ഞു. ഗ്രാഫിക്കൽ ചിത്രങ്ങൾ, ക്രൂരതയും വിദ്വേഷവും നിറഞ്ഞ ചിത്രങ്ങൾ, ദൃശ്യങ്ങൾ എന്നിവ സെൻസിറ്റീവ് ഉള്ളടക്കത്തിൽ ഉൾപ്പെടും.
സെൻസിറ്റീവ് ഉള്ളടക്കം നിരോധിക്കുന്നില്ലെങ്കിലും, അത് അപ്‌ലോഡ് ചെയ്യുന്ന ഉപയോക്താക്കൾ അതനുസരിച്ച് അവരുടെ അക്കൗണ്ടിൽ ക്രമീകരണങ്ങൾ നടത്തണമെന്നും ട്വിറ്റർ പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചില ട്വീറ്റുകൾ കാണുന്നതിന് ജനനത്തീയതി ആവശ്യപ്പെട്ടതായി നിരവധി ഉപയോക്താക്കൾ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ആഗോളതലത്തിൽ ഫീച്ചർ പുറത്തിറക്കുന്നുണ്ടോയെന്ന കാര്യത്തിൽ കമ്പനി വ്യക്തത വരുത്തിയിട്ടില്ല.