ഒരൊറ്റ സമ്പാദ്യ പദ്ധതി കൊണ്ട് മാത്രം നമുക്ക് ഉയര്‍ന്നു കൊണ്ടിരിക്കുന്ന ജീവിതച്ചെലവും പണപ്പെരുപ്പവും അതിജീവിക്കാന്‍ സാധിക്കില്ല. നമ്മുടെ ഭാവി സാമ്പത്തികമായി സുരക്ഷിതമാക്കണമെങ്കില്‍ ഒന്നിലധികം നിക്ഷപ പദ്ധതികള്‍ നമുക്ക് ആവശ്യമാണ്. ഇതിനായി ഒരു നിശ്ചിത തുക മാറ്റി വയ്‌ക്കേണ്ടതുണ്ട്.
എസ്‌ഐപി (systematic investment plan) മ്യൂചല്‍ ഫണ്ടിലെ ഏറ്റവും നല്ല നിക്ഷേപ മാര്‍ഗമാണ്. ദീര്‍ഘകാല സാമ്പദ്യ ലക്ഷ്യങ്ങള്‍ തീരുമാനിച്ച് അതിനനുസരിച്ചുള്ള നിക്ഷേപങ്ങള്‍ നടത്താന്‍ എസ്‌ഐപിയില്‍ നമുക്ക് അവസരം ലഭിക്കുന്നു. എന്നാല്‍ എസ്‌ഐപി നിക്ഷേപം ബുദ്ധിപൂര്‍വം നടത്തേണ്ടതുണ്ട്.
പല ആളുകളും ഒരു എസ്‌ഐപിയില്‍ ഒരേ തുക ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കുന്ന സാഹചര്യം ഉണ്ട്. അവരുടെ വരുമാനം വര്‍ധിച്ചാലും അവര്‍ എസ്‌ഐപിയില്‍ നടത്തുന്ന നിക്ഷേപം അതിനനുസരിച്ച് വര്‍ധിക്കാത്ത സാഹചര്യം ഉണ്ട്. ഇത് വഴി വയ്ക്കുക നിങ്ങളുടെ സമ്പാദ്യം പണപ്പെരുപ്പത്തെ അതിജീവിക്കുന്ന തരത്തില്‍ ഉയരില്ല എന്നതാണ്.
അതുകൊണ്ട് തന്നെ ഒരു നിശ്ചിത കാല പരിധിയില്‍ എസ്‌ഐപി നിക്ഷേപത്തിന്‍റെ തോത് വര്‍ധിപ്പിച്ച് കൊണ്ടിരിക്കേണ്ടതുണ്ട്. എസ്‌ഐപിയില്‍ നിക്ഷേപിച്ച് കൊണ്ടിരിക്കുന്ന തുക വര്‍ധിപ്പിക്കുന്നതിനെ ടോപ്പ് അപ്പ് എന്നാണ് പറയുക.
എസ്‌ഐപിയുടെ നേട്ടങ്ങള്‍:ഈ അടുത്ത് ഒരു മുന്‍നിര കാര്‍ കമ്പനിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞത് ഒരു ആഢംബര കാര്‍ വാങ്ങുന്നതിനേക്കാളും മുന്‍ഗണന കൊടുക്കേണ്ടത് എസ്‌ഐപിക്കാണ് എന്നാണ്. ഒരു സാമ്പാദ്യ മാര്‍ഗമെന്ന നിലയില്‍ എസ്‌ഐപി എത്രമാത്രം പ്രധാന്യം അര്‍ഹിക്കുന്നു എന്നാതാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള സമ്പാദ്യവുമായി ബന്ധപ്പെട്ട നമ്മുടെ ലക്ഷ്യങ്ങള്‍ നേടുന്നതിനായി നിക്ഷേപത്തിന്‍റെ തോത് നിരന്തരം ഉയര്‍ത്തി എസ്‌ഐപി പ്രൊഫൈല്‍ ശക്തമാക്കേണ്ടതുണ്ട്.
സ്ഥിരതയുള്ള റിട്ടേണ്‍ എസ്‌ഐപി ഉറപ്പാക്കുന്നു. ഭാവി സുരക്ഷിതമാക്കിയതിന് ശേഷം മാത്രമെ നമ്മള്‍ ആഢംബരത്തിനായുള്ള മറ്റ് കാര്യങ്ങള്‍ക്ക് പണം ചെലവഴിക്കാന്‍ പാടുള്ളൂ. വായ്‌പയെടുത്ത് മൂല്യ ശോഷണം സംഭവിക്കുന്ന ആസ്ഥിയില്‍ നിക്ഷേപിക്കുന്നതിന് പകരം കൂട്ട് പലിശ ലഭിക്കുന്ന സമ്പാദ്യ പദ്ധതികളില്‍ നിക്ഷേപിക്കണമെന്നാണ് സരോധ സ്‌റ്റോക്ക് ട്രേഡിങ് പ്ലാറ്റ്‌ഫോമിന്‍റെ സഹസ്ഥാപകന്‍ നിതിന്‍ കാമത്ത് പറയുന്നത്.
ആസൂത്രണം പ്രധാനം: എസ്‌ഐപി നിക്ഷേപത്തിന് മുന്നോടിയായി വ്യക്തമായ ആസൂത്രണം ആവശ്യമാണ്. ഒരു നിശ്ചിത കാലയളവില്‍ എസ്‌ഐപി നിക്ഷേപം എത്രമാത്രം വര്‍ധിപ്പിക്കണമെന്ന് നിങ്ങള്‍ ലക്ഷ്യം വയ്ക്കണം. നമ്മള്‍ ജോലിയില്‍ നിന്ന് വിരമിക്കുന്നത് വരെ കൃത്യമായ ഇടവേളകളില്‍ നിശ്ചിത ശതമാനം വച്ച് ടോപ്പ് അപ്പില്‍ വര്‍ധനവ് വരുത്തേണ്ടതുണ്ട്.
പണപ്പെരുപ്പം കൂടുന്നതിന്‍റെ അടിസ്ഥാനത്തില്‍ നിങ്ങളുടെ ദൈംനദിന ചെലവും വര്‍ധിച്ച് വരും. ഈ പണപ്പെരുപ്പത്തെ അതിജീവിക്കാന്‍ ടോപ്പ് അപ്പ് ചെയ്യപ്പെടുന്ന എസ്‌ഐപിയിലൂടെ സാധിക്കും. ചില മ്യൂച്ചല്‍ ഫണ്ടുകള്‍ പണപ്പെരുപ്പം കണക്കാക്കിയുള്ള ടോപ്പ് അപ്പുകള്‍ അനുവദിക്കുന്നുണ്ട്. നിങ്ങളുടെ വരുമാനം വര്‍ധിക്കുന്നതിന് ആനുപാതികമായി നിങ്ങളുടെ നിക്ഷേപത്തിന്‍റെ തോതും വര്‍ധിപ്പിക്കേണ്ടതുണ്ട്.