ഒരു വ്യക്തിക്ക് ആരോഗ്യ പരിചരണം ആവശ്യമുള്ളതുപോലെ വാഹനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാന്‍ പരിചരണം ആവശ്യമാണ്. എന്നാല്‍ ചിലര്‍ വണ്ടിയുടെ പരിചരണത്തില്‍ അത്ര കണ്ട് ശ്രദ്ധിക്കാത്തവരാണ്. കാറുകളെ നല്ല രീതിയില്‍ സംരക്ഷിക്കാനുള്ള ചില ടിപ്പുകളാണ് താഴെ കൊടുക്കുന്നത്.
കാറുകളുടെ പരിചരണം എങ്ങനെ വേണമെന്ന് മനസിലാക്കുന്നതിന് പ്രഥമമായി സഹായിക്കുന്നത് വണ്ടിയുടെ ഓണര്‍ മാന്വലാണ്. വണ്ടിയുടെ ഓരോഭാഗങ്ങളെയും കുറിച്ചുള്ള വിവരങ്ങള്‍ അതില്‍ പ്രതിപാദിച്ചിട്ടുണ്ട്. മാന്വലിന്‍റെ ഹാര്‍ഡ് കോപ്പി നിങ്ങളുടെ കൈയില്‍ നിന്ന് നഷ്ടപ്പെട്ട് പോയാല്‍ നിങ്ങള്‍ക്ക് കമ്പനിയുടെ വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. വണ്ടിയുടെ സ്പെസിഫിക്കേഷന്‍, സുരക്ഷ, കുട്ടികള്‍ക്കുള്ള സുരക്ഷ മുന്നറിയിപ്പുകള്‍, വണ്ടിയെ സംരക്ഷിക്കേണ്ട വിധം എന്നിവ മാന്വലില്‍ പ്രതിപാദിച്ചിട്ടുണ്ട്.
ടയര്‍ പ്രഷര്‍ കൃത്യമായി പരിശോധിക്കുക:ഫിറ്റായിട്ടുള്ള ടയര്‍ വണ്ടിയുടെ സംരക്ഷണത്തില്‍ പ്രധാന പങ്കാണ് വഹിക്കുന്നത്. ടയറുകളുടെ പ്രഷര്‍ ശരിയായ അളവില്‍ കാത്തുസൂക്ഷിച്ചാല്‍ വണ്ടിയുടെ മൈലേജ് വര്‍ധിപ്പിക്കുന്നതിനോടൊപ്പം ടയറുകള്‍ പൊട്ടുന്നതും അവയ്ക്ക് പെട്ടെന്ന് തേയ്‌മാനം സംഭവിക്കുന്നതുമൊക്കെ കുറയ്ക്കാന്‍ സാധിക്കും.
ഓയില്‍ യഥാസമയം മാറ്റുകയും, ബ്രൈക്ക് ഫ്ല്യൂയിഡ് പരിശോധിക്കുകയും ചെയ്യുക:പല ഭാഗങ്ങള്‍ കൂടിചേര്‍ന്നതാണ് വണ്ടി എന്നുള്ളതുകൊണ്ട് തന്നെ വളരെ സ്‌മൂത്തായി വണ്ടി ഓടണമെങ്കില്‍ ല്യൂബ്രിക്കന്‍റിന്‍റെ ആവശ്യമുണ്ട്. ഇവിടെയാണ് ഓയിലിനും ഓയില്‍ ഫില്‍ട്ടേഴ്‌സിനുമുള്ള പ്രാധാന്യം. ഓയില്‍ വണ്ടിയുടെ ചലിച്ചുകൊണ്ടിരിക്കുന്ന ഭാഗങ്ങളെ സുഗമമാക്കുന്നു. കൂടാതെ ഫ്രിക്ഷന്‍ മൂലമുണ്ടാകുന്ന ചൂടിനെ ഓയിലുകള്‍ വലിച്ചെടുക്കുന്നു.
ഒരു നിശ്ചിത സമയം കഴിഞ്ഞാല്‍ ഓയിലുകളും ഓയില്‍ ഫില്‍ട്ടറുകളും മാറ്റേണ്ടതുണ്ട്. കാരണം ഇതില്‍ പൊടിപടലങ്ങളൊക്കെ പറ്റിപിടിക്കാനുള്ള സാധ്യതയുണ്ട്. ഇത് ചലിച്ചുകൊണ്ടിരിക്കുന്ന വണ്ടിയുടെ ഭാഗങ്ങളെ കേടുവരുത്താന്‍ കാരണമാകും.
ബ്രേക്ക് ഫ്ല്യൂയിഡ് മാസത്തില്‍ ഒരിക്കല്‍ പരിശോധിക്കണം. മാസ്റ്റര്‍ സിലിണ്ടര്‍ ലിഡ് തുറക്കുന്നതിന് മുന്നോടിയായി അതിലുള്ള പൊടിപടലങ്ങളും ചെളിയുമൊക്കെ തുടച്ച് വൃത്തിയാക്കണം. ഫ്ലൂയിഡ് ആവശ്യമെങ്കില്‍ കാര്‍ നിര്‍മാതക്കള്‍ ശുപാര്‍ശ ചെയ്‌ത ഫ്ലൂയിഡ് ഉപയോഗിക്കുക. ഫ്ലൂയിഡുകള്‍ തമ്മില്‍ പരസ്പരം മാറ്റി ഉപയോഗിക്കാന്‍ പാടില്ല. അതായത് ബ്രേക്ക് ഫ്ലൂയിഡിന് പകരം പവര്‍ സ്റ്റിയറിങ് ഫ്ലൂയിഡും തിരിച്ചും ഉപയോഗിക്കാന്‍ പാടില്ല
കാറിന്‍റെ ബാറ്ററി സംരക്ഷണം ഉറപ്പാക്കുക:ബാറ്ററി കൃത്യമായി വൃത്തിയായി സൂക്ഷിച്ചുവേക്കേണ്ടത് വളരെ ആവശ്യമാണ്. ബാറ്ററിയില്‍ പറ്റിപിടിച്ചിരിക്കുന്ന അഴുക്ക് കറണ്ട് നഷ്ടപ്പെടുന്നതിന് കാരണമാകും. അല്‍പ്പം ഈര്‍പ്പമുള്ള തുണികൊണ്ടായിരിക്കണം ബാറ്ററി ടെര്‍മിനലുകള്‍ തുടക്കേണ്ടത്.
കാര്‍ചില്ലുകള്‍ക്ക് എന്തെങ്കിലും പൊട്ടലുകള്‍ വന്നാല്‍ ഉടനെ പരിഹരിക്കുക:കാറിന്‍റെ ചില്ലുകള്‍ക്ക് സംഭവിച്ച പൊട്ടലുകള്‍ ഉടനെ പരിഹരിച്ചില്ലെങ്കില്‍ അത് വലിയ അപകട സാധ്യതയായിരിക്കും വരുത്തിവെക്കുക. ഡ്രൈവറുടെ കാഴ്ചയെ ചില്ലിന്‍റെ പൊട്ടലുകള്‍ ബാധിക്കുന്നു. പൊട്ടിയ ചില്ലുകള്‍ പരിഹരിക്കാതെ ആ കാര്‍ നിങ്ങള്‍ ഡ്രൈവ് ചെയ്യാന്‍ പാടില്ല.
കാറിന്‍റെ എന്‍ജിന്‍ വൃത്തിയാക്കുക:എന്‍ജിന്‍റെ ഉള്‍ഭാഗത്ത് നമുക്ക് വൃത്തിയാക്കാന്‍ സാധിക്കില്ല. അതിന് ശുദ്ധമായ ഇന്ധനം ഉപയോഗിക്കുക എന്ന വഴി മാത്രമാണ് ഉള്ളത്. എന്‍ജിന്‍റെ പുറം ഭാഗം യഥാസമയത്ത് വൃത്തിയായി വെക്കണം. പൊടിപടലം ഊര്‍ന്നിറങ്ങുന്നത് എന്‍ജിന്‍റെ പ്രവര്‍ത്തനത്തെ ബാധിക്കും.