ഭോപ്പാല്‍:പച്ചക്കറി ഉത്‌പന്നങ്ങള്‍ക്ക് ക്ഷാമം നേരിടുമ്പോള്‍ വില വര്‍ധിക്കുന്നത് സാധാരണ സംഭവമാണ്. പച്ചക്കറി വിപണിയില്‍ ഇപ്പോള്‍ ഒരു കിലോ തക്കാളിയ്‌ക്ക് 100 രൂപ മുതല്‍ 160 രൂപ വരെയാണ് വിവിധയിടങ്ങളിലെ വില. കാലവര്‍ഷം കടുത്തതും തക്കാളിയുടെ ക്ഷാമത്തിന് കാരണമായിട്ടുണ്ട്.
തക്കാളി വില വര്‍ധിച്ച സാഹചര്യത്തില്‍ ഉത്തര്‍ പ്രദേശില്‍ നിന്നുള്ള ഒരു മൊബൈല്‍ കടയുടമ മൊബൈല്‍ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് ഒരു കിലോ തക്കാളി ഫ്രീയായി നല്‍കിയ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ മധ്യപ്രദേശില്‍ നിന്നും ഇത്തരത്തിലൊരു വാര്‍ത്ത പുറത്ത് വന്നിരിക്കുകയാണ്. തക്കാളിയ്‌ക്ക് വിലകൂടിയത് വിപണന രംഗത്ത് ഒരു മാര്‍ക്കറ്റിങ് തന്ത്രമായി പയറ്റുകയാണ് മൊബൈല്‍ കടയുടമകള്‍.
മധ്യപ്രദേശിലെ അശോക് നഗറില്‍ നിന്നുള്ള അഭിഷേക് അഗര്‍വാളാണ് തന്‍റെ കടയില്‍ കിടിലന്‍ ഓഫര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. കടയിലെത്തി സ്‌മാര്‍ട്ട് ഫോണ്‍ പര്‍ച്ചേസ് ചെയ്യുന്ന ഓരോരുത്തര്‍ക്കും 2 കിലോ തക്കാളിയാണ് അഭിഷേക് സമ്മാനമായി നല്‍കുന്നത്. തക്കാളിയ്‌ക്ക് വിലകൂടുകയും കടയില്‍ ഇത്തരത്തിലുള്ള ഓഫര്‍ നല്‍കുകയും ചെയ്‌തതോടെ മൊബൈല്‍ വാങ്ങാനെത്തുന്ന ഉപഭോക്താക്കളുടെ എണ്ണം വര്‍ധിച്ച് വരുന്നുണ്ടെന്നും അഭിഷേക് അഗര്‍വാള്‍ പറയുന്നു.
മൊബൈല്‍ വിപണനത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ടെന്നും വിലക്കയറ്റ സമയത്ത് തക്കാളി സമ്മാനമായി നല്‍കുമ്പോള്‍ ഉപഭോക്താക്കള്‍ സന്തുഷ്‌ടരാണെന്നും അഗര്‍വാള്‍ പറഞ്ഞു. മഴക്കാലത്ത് തക്കാളി കൃഷി കൂടുതലായി നശിക്കുന്നതും വെള്ളപ്പൊക്കവും മഴക്കെടുതിയും കാരണം മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കയറ്റുമതി ചെയ്യാനാകാത്തതുമാണ് നിലവിലെ വിലക്കയറ്റത്തിന് കാരണം. ഇന്‍ഡോറില്‍ നിന്നും അശോക് നഗറിലേക്ക് തക്കാളിയെത്തിക്കാന്‍ ഭാരിച്ച ചെലവാണ്. അതുകൊണ്ട് കഴിഞ്ഞ ആഴ്‌ച 120 രൂപയായിരുന്ന ഒരു കിലോ തക്കാളിയ്‌ക്ക് ഈ ആഴ്‌ച 160 രൂപയായി ഉയര്‍ന്നുവെന്നും കടയിലെത്തിയ ഉപഭോക്താവായ കൃഷ്‌ണ പറഞ്ഞു.