Thiruvonam bumper lottery draw only hours left തിരുവനന്തപുരം: ഈ വർഷത്തെ തിരുവോണം ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പിനുളള സമയം അടുക്കവേ തലസ്ഥാനത്ത് ടിക്കറ്റ് വില്‍പന തകൃതി (Thiruvonam bumper lottery draw only hours left). അവസാന മണിക്കൂറുകളിൽ നിരവധി പേരാണ് ബമ്പർ ടിക്കറ്റ് വാങ്ങാനായി എത്തിക്കൊണ്ടിരിക്കുന്നത്. സാധാരണ നറുക്കെടുപ്പ് ദിവസങ്ങളിലാണ് ടിക്കറ്റ് വാങ്ങാൻ എത്തുന്നവരുടെ എണ്ണം വർധിക്കുന്നതെന്ന് കച്ചവടക്കാർ പറയുന്നു.
ഒരു ഘട്ടത്തിൽ മഴ ആശങ്ക ഉയർത്തിയെങ്കിലും അത് കച്ചവടത്തെ ബാധിച്ചിട്ടില്ല. ഒറ്റയ്ക്കും സുഹൃത്തുക്കൾക്കൊപ്പം കാശ് പങ്കുവെച്ചും ടിക്കറ്റ് എടുക്കുന്നവരും ഏറെയാണ്. ടിക്കറ്റ് വില 500 രൂപയായി ഉയർത്തിയെങ്കിലും അതൊന്നും കച്ചവടത്തെ ഒരു തരത്തിലും ബാധിച്ചിട്ടില്ല. അവസാന മണിക്കൂറുകളിൽ ഇനിയും ടിക്കറ്റ് വില്‍പന വർധിക്കാനാണ് സാധ്യതയെന്ന് കച്ചവടക്കാർ പറയുന്നു.
തിരുവോണം ബമ്പർ ഭാഗ്യക്കുറി വില്‍പനയിലൂടെ 101.66 കോടി രൂപയാണ് സംസ്ഥാന ലോട്ടറി വകുപ്പിന് ലഭിച്ചത്. 2022ൽ ഇത് 75.95 കോടിയായിരുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് 25.71 കോടി രൂപയുടെ അധിക വരുമാനമാണ് ഈ വർഷം ലഭിച്ചത്. ഈ വർഷത്തെ തിരുവോണം ബമ്പർ വിൽപനയിലൂടെ ആകെ പ്രിൻ്റ് ചെയ്‌ത 85 ലക്ഷം ടിക്കറ്റുകളിൽ 74,51,446 ടിക്കറ്റുകൾ ചൊവ്വാഴ്‌ച (സെപ്‌റ്റംബര്‍ 19) വിറ്റുതീർന്നിട്ടുണ്ട്.
ലോട്ടറി വകുപ്പിനെ സംബന്ധിച്ച് ഇത് സർവകാല റെക്കോഡാണ്. അവശേഷിക്കുന്ന 10 ലക്ഷത്തോളം ടിക്കറ്റുകളുടെ മുക്കാൽ ഭാഗവും ഇന്ന് ഉച്ചയ്‌ക്ക് മുൻപായി വിറ്റു പോകുമെന്ന പ്രതീക്ഷയിലാണ് ലോട്ടറി വകുപ്പ്. കഴിഞ്ഞ വർഷത്തെ ഓണം ബമ്പറിനെ അപേക്ഷിച്ച് 8,15,506 ടിക്കറ്റുകളാണ് ഇത്തവണ വിറ്റഴിഞ്ഞതെന്ന് ലോട്ടറി വകുപ്പ് അറിയിച്ചു. കഴിഞ്ഞ വർഷം 67.5 ലക്ഷം ടിക്കറ്റുകളാണ് പ്രിൻ്റ് ചെയ്‌തത്. ഇതിൽ 66,55,914 ടിക്കറ്റുകൾ വിറ്റുപോയിരുന്നു. ടിക്കറ്റ് നിരക്ക് 500 രൂപയാക്കി ഉയർത്തിയിട്ടും ചൂടപ്പത്തേക്കാൾ വേഗതയിലാണ് ഓണം ബമ്പർ വിറ്റുപോകുന്നത്. ടിക്കറ്റ് വിൽപനയിൽ മുന്നിലുള്ളത് പാലക്കാട്, തിരുവനന്തപുരം ജില്ലകളാണ്.
ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് തിരുവോണം ബമ്പർ നറുക്കെടുപ്പ്. ഇത്തവണ സമ്മാന ഘടനയിലും മാറ്റം വരുത്തിയിട്ടുണ്ട്. 25 കോടിയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 20 കോടി (1 കോടി വീതം 20 പേർക്ക്). മൂന്നാം സമ്മാനം 10 കോടി (50 ലക്ഷം വീതം 20 പേർക്ക്). നാലാം സമ്മാനം 50 ലക്ഷം (5 ലക്ഷം വീതം 10 പേർക്ക്). അഞ്ചാം സമ്മാനം 20 ലക്ഷം (2 ലക്ഷം വീതം 10 പേർക്ക്). 2021ല്‍ 12 കോടിയായിരുന്നു ഓണം ബമ്പറിന്‍റെ ഒന്നാം സമ്മാനം. 300 രൂപയായിരുന്നു ഈ സമയം ടിക്കറ്റ് വില. 2022ലാണ് ബമ്പറിന്‍റെ സമ്മാനത്തുക 25 കോടിയായി ഉയര്‍ത്താന്‍ തീരുമാനിച്ചത്. ഓണം ബമ്പറിനെ കൂടുതല്‍ ജനകീയമാക്കുന്നതിന് വേണ്ടിയാണ് സമ്മാന ഘടനയും ടിക്കറ്റ് വിലയും ഉയര്‍ത്തിയതെന്നായിരുന്നു അന്ന് മന്ത്രി ആന്‍റണി രാജുവിന്‍റെ പ്രതികരണം.
ALSO READ:ബമ്പറടിച്ചത് ലോട്ടറി വകുപ്പിന്, ടിക്കറ്റ് വിൽപന തകൃതി; വിജയിയെ അറിയാൻ മണിക്കൂറുകൾ
ALSO READ:ഇന്നാണ് ഇന്നാണ് ഇന്നാണ്... ആ 21 ഭാഗ്യശാലികളെ അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം!