ന്യൂയോര്‍ക്ക്:ട്വിറ്റര്‍ വാങ്ങാന്‍ 44 ബില്യണ്‍ അമേരിക്കന്‍ ഡോളറിന്‍റെ കരാറില്‍ ഒപ്പിട്ട് മൂന്ന് മാസങ്ങള്‍ പൂര്‍ത്തിയാവുന്നതിന് മുമ്പാണ് ഇലോണ്‍ മസ്‌ക് കരാറില്‍ നിന്ന് പിന്‍വാങ്ങുകയാണെന്ന് കാണിച്ച് റെഗുലേറ്ററി ഫയലിങ് നടത്തിയത്. വ്യാജ അക്കൗണ്ടുകള്‍ എത്രയാണെന്ന് കണക്കാക്കാനുള്ള ശരിയായ വിവരങ്ങള്‍ ട്വിറ്റര്‍ കൈമാറിയില്ല. ഇതിലൂടെ കരാറിന്‍റെ സത്ത നഷ്‌ടപ്പെട്ടിരിക്കുകയാണെന്നാണ് ഇലോണ്‍ മസ്‌ക് പറയുന്നത്.
ട്വിറ്ററും ഇലോണ്‍ മസ്‌കും തമ്മിലുള്ള നിയമ യുദ്ധത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. കരാര്‍ നടപ്പില്‍ വരുത്താനായി തങ്ങള്‍ കോടതിയെ സമീപിക്കുമെന്ന കാര്യം ട്വിറ്റര്‍ ചെയര്‍മാന്‍ ബ്രെറ്റ് ടെയ്‌ലര്‍ വ്യക്തമാക്കി. കരാര്‍ ഒറ്റയടിക്ക് റദ്ദാക്കാന്‍ ഇലോണ്‍ മസ്‌കിന് സാധിക്കില്ല. കരാര്‍ നടക്കാതെ വരികയാണെങ്കില്‍ നൂറ് കോടി അമേരിക്കന്‍ ഡോളര്‍ ട്വിറ്ററിന് നഷ്‌ടപരിഹാരം നല്‍കേണ്ടിവരും എന്നാണ് വ്യവസ്ഥ. കരാര്‍ പാലിക്കണം എന്ന് ആവശ്യപ്പെട്ട് ട്വിറ്ററിന് കോടതിയെ സമീപിക്കാനും സാധിക്കും.
ഈ വ്യവസ്ഥ ഒഴിവാക്കണമെങ്കില്‍ ട്വിറ്റര്‍ കരാറില്‍ മെറ്റീരിയല്‍ ബ്രീച്ച് നടത്തി എന്ന് ഇലോണ്‍ മസ്‌കിന് തെളിയിക്കേണ്ടി വരും. കരാറിന്‍റെ സത്തയെ ബാധിക്കുന്ന തരത്തിലുള്ള ലംഘനത്തെയാണ് മെറ്റീരിയല്‍ ബ്രീച്ച് എന്ന് പറയുന്നത്. അല്ലെങ്കില്‍ കരാര്‍ പ്രകാരമുള്ള പണം കണ്ടെത്തുന്നതിനായി ഇലോണ്‍ മസ്‌ക് തേടിയ വായ്‌പ കിട്ടാതെ വരുന്ന സാഹചര്യം ഉണ്ടാകണം.