ന്യൂഡൽഹി:ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മാതാക്കളായ സുസുക്കിയുടെ പരിഷ്‌കരിച്ച പുതിയ മോഡല്‍ 'കറ്റാന' പുറത്തിറക്കി. പഴയ മോഡലിൽ നിരവധി മാറ്റങ്ങള്‍ വരുത്തിയാണ് 2022ൽ പുതിയ വാഹനം എത്തുന്നതെന്ന് കമ്പനി അവകാശപ്പെട്ടു. പുതിയ ഇന്‍ടേക്ക്, എക്‌സ്‌ഹോസ്റ്റ് ക്യാമറകള്‍, വാല്‍വ് സ്‌പ്രിങുകള്‍, എയര്‍ബോക്‌സ് എന്നിവ എഞ്ചിന്‍റെ സവിശേഷതകളാണ്.
13.61 ലക്ഷം രൂപയാണ് വാഹനത്തിന്‍റെ എക്‌സ് ഷോറൂം വില. 150 ബിഎച്ച്‌പി കരുത്തും, 108 എൻഎം ടോർക്കും വികസിപ്പിക്കുന്ന 999 സിസി ഇൻലൈൻ-ഫോർ സിലിണ്ടർ എഞ്ചിനാണ് സുസുക്കി കറ്റാനയ്‌ക്ക് കരുത്തേകുന്നത്.
പരിഷ്‌കരിച്ച റൈഡ്-ബൈ-വയര്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം എന്നിവ ഉപയോഗിച്ച് സുസുക്കി ഇലക്‌ട്രോണിക്‌സ് പരിഷ്‌കരിച്ചിരിക്കുന്നു. സ്ലിപ്പര്‍ ക്ലച്ചും, ഇന്‍സ്‌ട്രുമെന്‍റ് പാനലും അപ്‌ഡേറ്റ് ചെയ്‌തിട്ടുണ്ട്.
സുസുക്കി ഒരു ബൈ-ഡയറക്ഷണല്‍ ക്വിക്ക് ഷിഫ്‌റ്ററും സ്റ്റാന്‍ഡേർഡായി ഘടിപ്പിച്ചിട്ടുണ്ട്. ഇതിന് മുന്നിൽ യുഎസ്‌ഡി ഫോർക്കുകളും, പിന്നിൽ ഒരു മോണോ-ഷോക്ക് അബ്‌സോർബറും ലഭിക്കുന്നു. മിക്ക പുതിയ ബൈക്കുകളിലും കാണുന്ന ടിഎഫ്‌ടി യൂണിറ്റുകളേക്കാൾ അടിസ്ഥാനപരമായതും ബ്ലൂടൂത്ത് കണക്‌റ്റിവിറ്റി ഇല്ലാത്തതുമായ എൽസിഡി ഡിസ്‌പ്ലേയാണ് കറ്റാനയിലുള്ളത്.