ഹൈദരാബാദ്: ദീര്‍ഘകാല സാമ്പത്തിക ഭദ്രത പ്രതീക്ഷിക്കുന്നവര്‍ക്ക് ഏറ്റവും അനുയോജ്യവും ആനുകൂല്യങ്ങളുമുള്ള മികച്ച നിക്ഷേപ പദ്ധതികളാണ് ഇക്വിറ്റികൾ. ഇഷ്‌ടപ്പെടുന്ന ഒരു കമ്പനിയുടെ ഓഹരി സ്‌റ്റോക്ക് മാര്‍ക്കറ്റില്‍ സ്വന്തമാക്കി കമ്പനിയില്‍ നിക്ഷേപം നടത്തുന്ന ഇക്വിറ്റി നിക്ഷേപങ്ങള്‍ക്ക് അതുകൊണ്ടുതന്നെ ഇതിനോടകം വളരെയധികം സ്വീകാര്യതയും ലഭിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ ഇത്തരക്കാര്‍ക്ക് ധൈര്യസമേതം കടന്നുചെല്ലാവുന്ന ഒന്നാണ് യൂണിറ്റ്-ലിങ്ക്ഡ് ഇൻവെസ്‌റ്റ്‌മെന്‍റ് പോളിസികൾ (യുഎല്‍ഐപികള്‍). കാരണം ഇവ നിക്ഷേപത്തിലും ഇൻഷുറൻസിലും ഒരുപോലെ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നുണ്ട്.
സ്‌റ്റോക്ക് മാര്‍ക്കറ്റുകള്‍ മന്ദഗതിയിലേക്ക് നീങ്ങുമ്പോള്‍ പലരും നിക്ഷേപം കുറച്ച് സമയത്തേക്ക് മാറ്റിവയ്‌ക്കാറാണ് പതിവ്. എന്നാല്‍ വിപണിയിൽ പ്രവേശിക്കാൻ ഒരു നിശ്ചിത സമയമില്ലെന്നും, ശ്രദ്ധയോടും ദീർഘകാല ആസൂത്രണത്തോടുമുള്ള നിക്ഷേപങ്ങള്‍ അപകടസാധ്യത ഘടകങ്ങൾ, വിപണി മാന്ദ്യം, സാമ്പത്തിക സമ്മർദം എന്നിവയെ എല്ലാം മറികടന്ന് നേട്ടം കൊണ്ടുവരുമെന്ന പ്രാഥമിക തത്വം ചിലപ്പോഴെങ്കിലും ഇവര്‍ മറന്നുപോവാറുമുണ്ട്. മാത്രമല്ല ഇത്തരം സന്ദര്‍ഭങ്ങളില്‍ യുഎല്‍ഐപികള്‍ പോലുള്ള മികച്ച സാധ്യതകളുള്ള നിക്ഷേപ പദ്ധതികള്‍ അവഗണിക്കാറുമുണ്ട്.
മാന്ദ്യത്തെ ഭയക്കാത്ത 'യുഎല്‍ഐപി': സ്‌റ്റോക്ക് മാര്‍ക്കറ്റിലെ അസ്ഥിരതയും മന്ദഗതിയും അപ്പാടെ മറികടക്കാന്‍ കഴിയുന്ന മാജിക്കല്‍ നിക്ഷേപ പദ്ധതികളൊന്നുമല്ല യുഎല്‍ഐപികള്‍. എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ നിക്ഷേപത്തിനൊപ്പം യുഎല്‍ഐപികള്‍ ഇൻഷുറൻസ്, നികുതി ഇളവ് എന്നിവക്ക് പുറമെ കുറച്ചധികം ആനുകൂല്യങ്ങള്‍ കൂടി വാഗ്‌ദാനം ചെയ്യുന്നു. അതായത് തങ്ങളുടെ നിക്ഷേപത്തിനും സുരക്ഷാ പദ്ധതികൾക്കും അനുയോജ്യമായ പദ്ധതികള്‍ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം പോളിസി ഉടമകൾക്ക് ഒട്ടുമിക്കയിടത്ത് നിന്ന് ലഭിക്കാറുണ്ട്. മാത്രമല്ല ഈ പദ്ധതികള്‍ മറ്റുള്ളവയിലേക്ക് മാറ്റാനുള്ള സൗകര്യവും ഇന്‍ഷുറന്‍സ് കമ്പനികള്‍ നല്‍കാറുണ്ട്. അതായത് നിലവിലെ പദ്ധതി കാലയളവില്‍ തന്നെ പോളിസി ഉടമകൾക്ക് മറ്റ് പദ്ധതികളിലേക്ക് മാറുകയും കൂടുതല്‍ ലാഭം കൈവരിക്കാനും കാലാവധി പൂർത്തിയാകുമ്പോൾ ഒറ്റയടിക്ക് നേട്ടങ്ങൾ കൊയ്യാനുമാകും.