ന്യൂഡൽഹി:ഡൽഹിയിൽ നിന്ന് ദുബായിലേക്ക് പുറപ്പെട്ട സ്‌പൈസ് ജെറ്റ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് കറാച്ചിയിലേക്ക് വഴിതിരിച്ചുവിട്ടു. ഇന്ധന ഇൻഡിക്കേറ്റർ ലൈറ്റ് തകരാറിലായതിനെ തുടർന്ന് വിമാനം കറാച്ചിയിൽ ലാൻഡ് ചെയ്‌തെന്നും അടിയന്തര സാഹചര്യമില്ലെന്നും എയർലൈൻ അധികൃതർ അറിയിച്ചു. യാത്രക്കാർ എല്ലാം സുരക്ഷിതരാണെന്നും ഇവരെ മറ്റൊരു വിമാനത്തിൽ കറാച്ചിയിൽ നിന്ന് ദുബായിലെത്തിക്കുമെന്നും അധികൃതർ അറിയിച്ചു.
ബോയിങ് 737 എസ്‌ജി-11 (B737 SG-11) വിമാനം പറന്നുയർന്നപ്പോൾ ഇടത് ടാങ്കിൽ നിന്ന് അസാധാരണമായ തോതിൽ ഇന്ധനം കുറയാൻ തുടങ്ങി. തുടർന്ന് പൈലറ്റ് എയർ ട്രാഫിക് കൺട്രോൾ വിഭാഗവുമായി ബന്ധപ്പെടുകയും വിമാനം കറാച്ചിയിലേക്ക് തിരിച്ചുവിടുകയുമായിരുന്നു. കറാച്ചി വിമാനത്താവളത്തിൽ പരിശോധന നടത്തിയപ്പോൾ ഇടത് ടാങ്കിൽ നിന്ന് ദൃശ്യ ചോർച്ച കണ്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. 150 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.