അറവുമാടുകള്‍ നശിപ്പിച്ചത് കര്‍ഷകന്‍റെ സ്വപ്‌നങ്ങള്‍ കണ്ണൂര്‍: മണ്ണില്‍ പൊന്നുവിളയിച്ച് നാടിന്‍റെയാകെ പ്രശംസ നേടിയ കര്‍ഷകനാണ് കണ്ണൂര്‍ കക്കാടൻചാല്‍ സ്വദേശിയായ വെള്ളക്കുടിയന്‍ വിജയൻ. മാട്ടൂർ നോർത്തിലെ കടൽത്തീരത്തുള്ള പ്രദേശത്ത് വർഷങ്ങളായി തക്കാളി, കുമ്പളം, മത്തൻ, ചീര തുടങ്ങിയ പച്ചക്കറികള്‍ ജൈവരീതിയില്‍ കൃഷി ചെയ്‌തുവരികയാണ് വിജയന്‍. എന്നാല്‍, ഈ പ്രദേശത്ത് മേയാന്‍ എത്തുന്ന അറവുമാടുകള്‍ കൃഷി നശിപ്പിക്കുന്നതിന്‍റെ വേദനയിലാണ് അദ്ദേഹം ഇപ്പോള്‍.
ALSO READ|വിളകളില്‍ നിന്ന് വിത്തുകള്‍ വേര്‍തിരിച്ചെടുത്ത് കരിമ്പം ഫാം; തയ്യാറാവുന്നത് കീട പ്രതിരോധ ശേഷിയുള്ള വിത്തുകള്‍
പ്രദേശത്തെ നാല് ഏക്കർ ഭൂമിയിലാണ് വിജയൻ കൃഷി ചെയ്യുന്നത്. കന്നുകാലികളുടെ ആക്രമണം കര്‍ഷകന്‍റെ സ്വപ്‌നങ്ങളാണ് തകര്‍ത്തത്. പഴയങ്ങാടി, മൊട്ടാമ്പ്രം മേഖലകളിലെ അറവുമാടുകളാണ് ഇവിടേക്ക് എത്തുന്നത്. അറവുശാലകളുടെ ഉടമസ്ഥര്‍ മാടുകളെ കയറൂരി വിടുന്നതാണ് ഈ പ്രശ്‌നത്തിന് കാരണം. വിഷു മുന്നിൽ കണ്ട് കൃഷി ചെയ്‌ത വെള്ളരിയും പാവലും എന്നുവേണ്ട എല്ലാ പച്ചക്കറികളും അറവുമാടുകള്‍ നശിപ്പിച്ചു. ഒരുലക്ഷം രൂപയ്ക്ക് വിത്ത് ഇറക്കിയ വിജയന് 30,000 രൂപയുടെ നഷ്‌ടമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.
ALSO READ|വിളവിലൂടെ സ്വയം പര്യാപ്‌തത ; മുക്കം നഗരസഭയില്‍ രണ്ടാം ഘട്ട വേനല്‍ക്കാല പച്ചക്കറി കൃഷിക്ക് തുടക്കം
മുൻവർഷങ്ങളിലും ഇത്തരം അറവുമാടുകളുടെ ആക്രമണം ഉണ്ടായിരുന്നു. പൊലീസിൽ പരാതി നൽകിയെങ്കിലും തുച്ഛമായ നഷ്‌ടപരിഹാരമാണ് ലഭിച്ചിരുന്നത്. നേരത്തെ അറവുമാടുകളെ ഇറക്കിവിട്ടവര്‍ തന്നെയാണ് പ്രവൃത്തി ആവര്‍ത്തിക്കുന്നതെന്ന് വിജയന്‍ ആരോപിക്കുന്നു.
എന്നും വൈകിട്ട് ആറ് മണിക്ക് പാടത്തേക്ക് എത്തുന്ന അറവുമാടുകളെ തുരത്താന്‍ രാത്രി വരെ കാവൽ ഇരിക്കേണ്ട സ്ഥിതിയുണ്ട്. ഉത്സവ സീസണുകളിൽ പച്ചക്കറിയുമായി മാടായിക്കാവിലും മാടായിപ്പാറയിലും പോകാറുള്ള വിജയന്, ഈ പ്രശ്‌നം കാരണം ഇത്തവണ അതിന് സാധിച്ചില്ല. മാടായിക്കാവിൽ എത്തുന്ന തീർഥാടകരയായ നിരവധി കർണാടക സ്വദേശികളാണ് വിജയന്‍റെ ജൈവ പച്ചക്കറികള്‍ വാങ്ങാറുള്ളത്.