സിംഗപ്പൂർ: ലോകത്തെ ഏറ്റവും മികച്ച വിമാന കമ്പനികളുടെ പട്ടികയില്‍ ആദ്യ 20ല്‍ ഇടം പിടിച്ച വിസ്‌താരയും എയര്‍ ഇന്ത്യയും ലയിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ലയനം സംബന്ധിച്ച് ടാറ്റാ ഗ്രൂപ്പുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് സിംഗപ്പൂർ എയര്‍ലൈന്‍സ് (എസ്‌ഐഎ) അറിയിച്ചു. 2013ല്‍ സ്ഥാപിതമായ വിസ്‌താരയില്‍ ടാറ്റാ ഗ്രൂപ്പിന് 51 ശതമാനവും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന് 49 ശതമാനവുമാണ് ഓഹരിയുള്ളത്.
രണ്ട് വിമാന കമ്പനികളും ലയിപ്പിക്കുന്നത് സംബന്ധിച്ച് ടാറ്റാ ഗ്രൂപ്പുമായി ചര്‍ച്ച നടക്കുന്നുണ്ടെന്ന വിവരം ഇതാദ്യമായാണ് എസ്‌ഐഎ ഔദ്യോഗികമായി അറിയിക്കുന്നത്. എയർ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും ടാറ്റാ ഏറ്റെടുത്തുവെന്നും വിസ്‌താരയുമായി എയർ ഇന്ത്യയെ ലയിപ്പിക്കാൻ ഇന്ത്യന്‍ കമ്പനി ആലോചിക്കുന്നുണ്ടെന്നും മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.
സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്‍റെയും ടാറ്റാ ഗ്രൂപ്പിന്‍റെയും പങ്കാളിത്തം കൂടുതല്‍ ദൃഢമാക്കാനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് എസ്‌ഐഎ പ്രസ്‌താവനയില്‍ അറിയിച്ചു. ഇതിന്‍റെ ഭാഗമായി വിസ്‌താരയും എയര്‍ ഇന്ത്യയും ലയിക്കാന്‍ സാധ്യതയുണ്ട്. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ഇത് സംബന്ധിച്ച് ധാരണകളിലൊന്നും എത്തിയിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി.