മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ വീണ്ടും ഇടിവ്. ഈ ആഴ്‌ചയില്‍ ഓഹരി സൂചികകള്‍ക്ക് ഉണ്ടായ എല്ലാ നേട്ടങ്ങളും അപ്രത്യക്ഷമാക്കി കൊണ്ട് തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ഓഹരിവിപണിയില്‍ ഇടിവ് സംഭവിക്കുന്നത്. ആഗോള വിപണികളില്‍ ഓഹരികള്‍ വിറ്റഴിക്കുന്നതിന്‍റെ പാത ഇന്ത്യന്‍ ഓഹരി വിപണിയും സ്വീകരിക്കുകയായിരുന്നു.
ഉയര്‍ന്ന വിലകയറ്റം കാരണം അമേരിക്കയടക്കമുള്ള വികസിത രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകള്‍ പലിശ വര്‍ധിപ്പിക്കുന്നതിന്‍റെ ഫലമായി ആഗോള മാന്ദ്യം ഉണ്ടാകുമെന്ന മുന്നറിയിപ്പ് ലോകബാങ്കും ഐഎംഎഫും( International Monetary Fund) നല്‍കിയതിനെ തുടര്‍ന്നാണ് ആഗോളതലത്തില്‍ വലിയ രീതിയില്‍ ഓഹരികള്‍ വിറ്റഴിക്കുന്ന സാഹചര്യമുണ്ടായത്. ദശാബ്‌ദങ്ങളിലെ തന്നെ ഏറ്റവും വേഗത്തിലുള്ള പലിശ വര്‍ധനവാണ് വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ വരുത്തുന്നത്.
വ്യാഴാഴ്‌ച(സെപ്‌റ്റംബര്‍ 15) 60,000ത്തിന് താഴെ ബിഎസ്‌ഇ സെന്‍സെക്‌സ് സൂചിക പോയിരുന്നു. ഇന്ന്(16.09.2022) സെന്‍സെക്‌സ് 1,093.22 പോയിന്‍റുകള്‍(1.82 ശതമാനം) ഇടിഞ്ഞ് 58,840.79 പോയിന്‍റിലെത്തി. എന്‍എസ്‌ഇയുടെ നിഫ്‌റ്റി സൂചിക 346.55 പോയിന്‍റുകള്‍ ഇടിഞ്ഞ് 17,530.85 പോയിന്‍റിലെത്തി.
മോശം പ്രകടനം കാഴ്‌ചവച്ച് ഇന്ത്യന്‍ വിപണി: ഏഷ്യന്‍ ഓഹരിവിപണികളില്‍ ഏറ്റവും മോശം പ്രകടനം കാഴ്‌ചവച്ചത് ഇന്ത്യന്‍ ഓഹരി വിപണിയാണ്. ഉയര്‍ന്ന പണപ്പെരുപ്പം കാരണം യുഎസ് ഫെഡറല്‍ റിസര്‍വ് പ്രതീക്ഷിക്കപ്പെട്ടതിനേക്കാള്‍ കൂടുതല്‍ പലിശ നിരക്ക് വര്‍ധിപ്പിക്കാനുള്ള സാധ്യത നിക്ഷേപകരെ ആശങ്കപ്പെടുത്തുന്നതാണ് ഓഹരി വിപണിയിലെ ഇടിവിന് പ്രധാന കാരണം. ആഗോള മാന്ദ്യ സാധ്യതകള്‍ നിലനില്‍ക്കുന്നതിനാല്‍ വരും വ്യാപര ദിനങ്ങളിലും ഇന്ത്യന്‍ ഓഹരിവിപണിയില്‍ വലിയ രീതിയില്‍ ചാഞ്ചാട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
സെന്‍സെക്‌സില്‍ ഉള്‍പ്പെട്ട ഓഹരികളില്‍ ഏറ്റവും കൂടുതല്‍ നഷ്‌ടം സംഭവിച്ചത് ടെക് മഹീന്ദ്രയ്‌ക്കും അള്‍ട്രാടെക് സിമന്‍റിനുമാണ്. ഈ രണ്ട് കമ്പനികളുടേയും ഓഹരികള്‍ നാല് ശതമാനത്തോളം ഇടിഞ്ഞു. ഇന്‍ഫോസിസ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, വിപ്രോ, നെസ്‌റ്റ്‌ലെ, റിലയന്‍സ് ഇന്‍ഡസ്‌ട്രീസ് എന്നീ ഓഹരികളും നഷ്‌ടം സംഭവിച്ചവയില്‍ ഉള്‍പ്പെടുന്നു. ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് ഓഹരി മാത്രമാണ് നേട്ടമുണ്ടാക്കിയത്.
ആഗോളമാന്ദ്യ ആശങ്കകള്‍: 47 രാജ്യങ്ങളിലെ അടിസ്ഥാന ഓഹരി സൂചികകളെ കുറിക്കുന്ന ലോക ഓഹരി സുചികയായ MSCI 0.5 ശതമാനം ഇടിഞ്ഞു. തുടര്‍ച്ചയായ നാലാം ദിവസമാണ് ഈ സൂചികയ്‌ക്ക് ഇടിവ് സംഭവിക്കുന്നത്. ജൂണിന് ശേഷമുള്ള ഏറ്റവും മോശം പ്രകടനമാണ് MSCIയുടേത്.
അമേരിക്കന്‍ ഡോളറിന്‍റെ മൂല്യം വലിയ രീതിയില്‍ ഉയര്‍ന്നു. അടുത്തയാഴ്‌ച ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് വലിയ രീതിയില്‍ വര്‍ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നതിനാലാണ് ഡോളറിന്‍റെ മൂല്യം വലിയ രീതിയില്‍ ഉയര്‍ന്നത്. യുഎസിലെ അവധിവ്യാപരത്തിലും ഇടിവ് സംഭവിച്ചു. വ്യാഴാഴ്‌ചത്തെ വില്‍പ്പന സമ്മര്‍ദത്തില്‍ നിന്ന് ആശ്വാസം ലഭിക്കില്ല എന്നാണ് ഇത് സൂചിപ്പിക്കുന്നത്. വ്യാഴാഴ്‌ച വില്‍പ്പന സമ്മര്‍ദം കാരണം എസ്&പി 500 സൂചിക രണ്ട് മാസത്തിനിടയിലെ ഏറ്റവും താഴ്‌ന്ന നിലയിലേക്ക് കൂപ്പ് കുത്തിയിരുന്നു.
അടുത്തയാഴ്‌ചത്തെ ഫെഡറല്‍ റിസര്‍വ് യോഗത്തില്‍ പലിശ നിരക്കില്‍ 75 ബേസിസ് പോയിന്‍റിന്‍റെ(0.75ശതമാനം) വര്‍ധനവ് വരുത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നവംബറിലും പലിശനിരക്കില്‍ വലിയ വര്‍ധനവ് വരുത്താനുള്ള സാധ്യതകളും ഏറിയിരിക്കുകയാണ്. വിലക്കയറ്റം ഒഴിവാക്കാനുള്ള ഫെഡറല്‍ റിസര്‍വിന്‍റെ നടപടികള്‍ മുമ്പ് പ്രതീക്ഷിക്കപ്പെട്ടതിനേക്കാള്‍ സമ്പത്തിക വളര്‍ച്ച കുറയ്‌ക്കുമെന്നാണ് കരുതപ്പെടുന്നത്. സാമ്പത്തിക വളര്‍ച്ച നിരക്ക് കുറയുന്നതിലും വിലക്കയറ്റം കൂടുന്നതിലും ലോകബാങ്ക് ആശങ്ക പ്രകടിപ്പിച്ചിരുന്നു.