ന്യൂഡല്‍ഹി: രാജ്യത്തെ മുന്‍നിര വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കിക്ക് പിന്നാലെ കാറുകളുടെ വില വര്‍ധിപ്പിക്കാനൊരുങ്ങി റെനോ ഇന്ത്യയും. നിര്‍മാണ ചെലവ് ഉള്‍പ്പടെ വര്‍ധിച്ച് വരുന്ന ഇന്‍പുട് ചെലവുകള്‍ ഭാഗികമായെങ്കിലും നികത്താന്‍ ശ്രമിക്കുക എന്ന ഉദ്യേശത്തോടെയാണ് റെനോ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കാനൊരുങ്ങുന്നത്. ഇതോടെ അടുത്ത മാസം മുതല്‍ റെനോ ഇന്ത്യയുടെ എല്ലാ വാഹനങ്ങള്‍ക്കും മോഡലുകള്‍ക്കനുസൃതമായ വില വര്‍ധനവുണ്ടാകുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.
സര്‍വത്ര വര്‍ധന:സാധാരണക്കാരന്‍റെ കീശ മനസ്സിലാക്കി വാഹനങ്ങള്‍ വിപണിയിലെത്തിക്കുന്ന റെനോയുടെ 4.64 ലക്ഷം മുതല്‍ 10.62 ലക്ഷം രൂപ വരെ വിലയുള്ള ചെറുകാര്‍ ഇനത്തില്‍ പെടുന്ന ക്വിഡ്, മള്‍ട്ടി യൂട്ടിലിറ്റി വെഹിക്കിള്‍ ഇനത്തില്‍ പെടുന്ന ട്രൈബര്‍, കോംപാക്‌റ്റ് എസ്‌യുവിയായ കിഗര്‍ തുടങ്ങിയവയ്‌ക്ക് ഇതോടെ വില കൂടും. എന്നാല്‍ വാഹനത്തിന്‍റെ മോഡലുകള്‍ക്ക് എത്രമാത്രം വിലവര്‍ധനവുണ്ടാകുമെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഇന്‍പുട് ചെലവുകള്‍ ഭാഗികമായെങ്കിലും നികത്തല്‍, യന്ത്രഭാഗങ്ങളുടെ വിലവര്‍ധന, വിദേശ വിനിമയത്തിലെ ഏറ്റക്കുറച്ചിലുകള്‍, പണപ്പെരുപ്പം, വാഹന നിര്‍മാണ രംഗത്തുള്ള സമീപകാലത്തെ നിയന്ത്രണങ്ങള്‍ തുടങ്ങിയവ പരിഗണിച്ചാണ് വില വര്‍ധനവെന്ന് കമ്പനി പ്രസ്‌താവനയില്‍ അറിയിച്ചു.