ന്യൂഡല്‍ഹി: റിലയൻസ് ഇൻഡസ്ട്രീസിന്‍റെ വാർഷിക പൊതുയോഗത്തിലെ (എജിഎം) പ്രഖ്യാപനങ്ങൾക്ക് ശേഷം, റിലയൻസ് റീട്ടെയിൽ ഫാഷൻ, ലൈഫ്‌സ്‌റ്റൈൽ സ്റ്റോറായ സെൻട്രോ ആരംഭിച്ചു. ഇതിന്‍റെ ആദ്യ സ്റ്റോർ ചൊവ്വാഴ്‌ച (സെപ്‌റ്റംബര്‍ 27) ഡൽഹിയിലെ വസന്ത് കുഞ്ചിൽ തുറന്നു. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനി റിലയൻസ് റീട്ടെയിൽ മേധാവിയാകുമെന്ന് എജിഎമ്മിനിടെ പ്രഖ്യാപിച്ചിരുന്നു.
ഫാഷൻ ബോധമുള്ള എല്ലാ മിഡ്-പ്രീമിയം സെഗ്‌മെന്‍റ് ഉപഭോക്താക്കൾക്കും ഏകജാലക ഫാഷൻ ഡെസ്റ്റിനേഷനാക്കി മാറ്റുന്നതിനാണ് റിലയൻസ് സെൻട്രോയുടെ പ്രധാന ഓഫറുകൾ മുന്നോട്ടു വച്ചിരിക്കുന്നതെന്ന് റിലയൻസ് റീട്ടെയിൽ ലിമിറ്റഡ് പ്രസ്‌താവനയിൽ പറഞ്ഞു. 75,000 ചതുരശ്ര അടി വിസ്‌തീർണമുള്ള ഈ ഡിപ്പാർട്ട്‌മെന്‍റൽ സ്റ്റോറില്‍ 300 ബ്രാൻഡുകളും 20,000 സ്റ്റൈൽ ഓപ്ഷനുകളും ഉള്ളതായി കമ്പനി പ്രസ്‌താവനയിൽ അവകാശപ്പെടുന്നു. വസ്ത്രങ്ങൾ, പാദരക്ഷകൾ, സൗന്ദര്യവർധക വസ്‌തുക്കൾ, അടിവസ്‌ത്രങ്ങൾ, സ്‌പോർട്‌സ് വസ്‌ത്രങ്ങൾ തുടങ്ങി 300-ലധികം ഇന്ത്യൻ, അന്താരാഷ്‌ട്ര ബ്രാൻഡുകള്‍ ഇന്ത്യയിലെ ഉപഭോക്താക്കളിലേക്ക് എത്തിക്കുക എന്നതാണ് റിലയൻസ് സെൻട്രോ ലക്ഷ്യമിടുന്നത്.
ഇന്നത്തെ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന തരത്തില്‍ നല്ല നിലവാരമുള്ള ഫാഷൻ ഉത്‌പന്നങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ട് അത്യാധുനിക രീതിയിലാണ് വസന്ത് കുഞ്ചിലെ റിലയൻസ് സെൻട്രോ സ്റ്റോർ രൂപകല്‍പന ചെയ്‌തിരിക്കുന്നത്. വിവാഹങ്ങള്‍ക്കും പാര്‍ട്ടികള്‍ക്കും മറ്റു ആഘോഷങ്ങള്‍ക്കും ആവശ്യമായ ബ്രാന്‍ഡഡ് വസ്‌ത്രങ്ങളും ആക്‌സസറികളും ലഭ്യമാക്കി റിലയന്‍സ് സെന്‍ട്രോയെ ഉപഭോക്താക്കളുടെ പ്രിയപ്പെട്ട ഫാഷൻ ഡെസ്റ്റിനേഷനാക്കി മാറ്റാനാണ് കമ്പനി തീരുമാനം.
സ്റ്റോറിന്‍റെ ഉദ്‌ഘാടനത്തിനോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കായി ചില ഓഫറുകളും കമ്പനി മുന്നോട്ടു വച്ചിട്ടുണ്ട്. 3,999 രൂപയുടെ ഷോപ്പിങ് നടത്തുന്നവര്‍ക്ക് 1,500 രൂപ കിഴിവ് ലഭിക്കും. 4,999 രൂപയ്ക്ക് മുകളിലുള്ള ഷോപ്പിങ്ങിന് 2,000 രൂപ കിഴിവും ലഭിക്കും. റിലയൻസ് റീട്ടെയിൽ ഔട്ട്‌ലെറ്റുകളില്‍ ഭക്ഷണസാധനങ്ങൾ, പലചരക്ക് സാധനങ്ങൾ, വസ്ത്രങ്ങൾ, പാദരക്ഷകൾ, കളിപ്പാട്ടങ്ങൾ, വീട്ടുപകരണങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങൾ, കാർഷിക ഉപകരണങ്ങള്‍ തുടങ്ങിയവയും ലഭ്യമാണ്. നേരിട്ടുള്ള വില്‍പനക്ക് പുറമെ കമ്പനി അതിന്‍റെ ഇ-കൊമേഴ്‌സ് ചാനലുകളിലൂടെയും ഉത്‌പന്നങ്ങൾ വിൽക്കുന്നു.
ട്രെൻഡ്‌സ്, ഹാംലിസ്, റിലയൻസ് ഫ്രഷ്, റിലയൻസ് ഡിജിറ്റൽ, റിലയൻസ് സ്‌മാർട്ട്, അജിയോ, ജിയോമാർട്ട്, റിലയൻസ് എൽവൈഎഫ് എന്നിവ റിലയൻസ് റീട്ടെയിലിന്‍റെ ചില അനുബന്ധ സ്ഥാപനങ്ങളും ഡിവിഷനുകളുമാണ്.